കൊല്ലം: പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തിട്ട് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണം ഇഴയുന്നുവെന്ന പരാതിക്ക് പരിഹാരമില്ല. സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ആരോപണവിധേയരിലേക്ക് അന്വേഷണം എത്തിയിട്ടില്ല. ഇവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ആരോപണ വിധേയരെ സർവ്വീസിൽ നിന്നും സർക്കാർ സസ്പെന്റ് ചെയ്തത് മാത്രമാണ് അനുകൂല നടപടി.

സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞ മാസം 21നാണ് പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തത്. 24 ന് അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ, എ പി പി ശ്യം കൃഷ്ണ എന്നിവരിൽ നിന്നേറ്റ ശകാരവും അവഗണനയും പരിഹാസവും ജോലിയിലെ മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ മൊഴി. അനീഷ്യയുടെ ഡയറിക്കുറിപ്പും ഓഡിയോ സന്ദേശങ്ങളും കിട്ടിയിട്ടും ആരോപണ വിധേയരെ തൊടാതെയാണ് അന്വേഷണമെന്നാണ് ആക്ഷേപം. നിലവിലെ അന്വേഷണത്തിൽ അതൃപ്തരാണ് അനീഷ്യയുടെ കുടുംബം. അന്വേഷണം ഊർജിതപ്പെടുത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അനീഷ്യയുടെ അമ്മ പറഞ്ഞു.

എന്നാൽ, അനീഷ്യയുടെ സഹപ്രവർത്തകരായ 18 എ പി പിമാരുടെ മൊഴിയെടുപ്പ് തുടരുകയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചോദ്യം ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി കിട്ടാനെടുത്ത കാലതാമസം, അനീഷ്യയുടെ മൊബെൽ, ലാപ്‌ടോപ്പ്, ഡയറി എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കിട്ടുന്നതിലെ കാലതാമസം എന്നിവയാണ് കാരണങ്ങളായി നിരത്തുന്നത്. ശാസ്ത്രീയ തെളിവെടുപ്പ് കിട്ടിയ ശേഷം അവസാന ഘട്ടമായി ആരോപണ വിധേയരെ ചോദ്യം ചെയ്താൽ മതിയെന്ന അന്വേഷണ സംഘത്തിന്റെ നിലപാടിനെയാണ് കുടുംബം ചോദ്യം ചെയ്യുന്നത്.

ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തിട്ടും കേസെടുക്കാതെയാണ് ഒളിച്ചുകളി. കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, പരവൂർ ജ്യൂഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അസിസ്റ്റന്റെ പബ്ലിക് പ്രോസിക്യൂട്ടർ ശ്യാം കൃഷ്ണ കെ ആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആരോപണ വിധേയർക്ക് ലേക്കൽ പൊലീസിൽ സ്വാധീനമുണ്ടെന്നും ഐപിഎസ് ഉദ്യോഗസ്ഥനോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിക്ക് നിവേദനം നൽകി.

സഹപ്രവർത്തകനായ എപിപിയുമായി ഉണ്ടായിരുന്ന ഭിന്നതയെക്കുറിച്ച് അനീഷ്യയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങളും അഭിഭാഷകർ പുറത്തുവിട്ടിരുന്നു. എപിപിയെ കൂടാതെ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ആരോപണവിധേയനായിരുന്നു. നേരത്തെ പുറത്തുവന്ന അനീഷ്യയുടെ അഞ്ച് ശബ്ദസന്ദേശങ്ങളും, പത്തൊൻപത് പേജുള്ള ഡയറിക്കുറിപ്പും അന്വേഷണസംഘം പരിശോധിച്ചിരുന്നു.

ആത്മഹത്യചെയ്ത പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യക്ക് തൊഴിലിടത്തിൽ സമ്മർദമുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. സഹോദരൻ അനൂപും അമ്മ പ്രസന്നകുമാരിയും ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ജോലി സംബന്ധമായി വിട്ടുവീഴ്ചകൾക്ക് വിധേയയാകാത്തതിനാൽ മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് സഹോദരൻ അറിയിച്ചത്. ചെറിയ കാര്യങ്ങൾപോലും പങ്കുവെച്ചിരുന്നതായും ജോലിസ്ഥലത്തുനിന്നുള്ള സമ്മർദങ്ങളെക്കുറിച്ച് പറഞ്ഞിരുന്നതായും അമ്മയും മൊഴി നൽകി. വീട്ടിലെ ജോലിക്കാരിയുടെയും അനീഷ്യയുടെ കൊച്ചച്ചന്റെയും മൊഴിയും രേഖപ്പെടുത്തിയിരുന്നു.

നിയോഗിക്കപ്പെട്ട ജോലി ചെയ്യാത്ത സഹപ്രവർത്തകനെയും അതിനു പിന്തുണ നൽകുന്നവരെയുമാണ് അനീഷ്യയുടേതെന്നു കരുതുന്ന ശബ്ദസന്ദേശത്തിലൂടെ കുറ്റപ്പെടുത്തുന്നത്. ഇതിനെല്ലാം കൃത്യമായ തെളിവുകൾ തന്റെ കൈയിലുണ്ടെന്നും അവർ പറയുന്നു. ഇപ്പോൾ കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ആരോഗ്യസ്ഥിതിയുമെല്ലാം കാരണം പഴയപോലെ ഒറ്റയ്ക്ക് പോരാടാനുള്ള കരുത്തില്ല. അതിനാൽ എല്ലാം മാധ്യമങ്ങൾക്കുമുൻപാകെ വെളിപ്പെടുത്തി ജീവിതം അവസാനിപ്പിക്കുകയാണെന്ന രീതിയിലായിരുന്നു സന്ദേശങ്ങൾ.

തന്നെ മാനസികമായി പീഡിപ്പിക്കുന്നവരുടെ പേരും മേലുദ്യോഗസ്ഥരുടെ പോസ്റ്റുമെല്ലാം പറഞ്ഞാണ് സന്ദേശം. 'തെളിവുകളുമെല്ലാമായി കയറിയിറങ്ങാനൊന്നും എനിക്കിനി വയ്യ. ഈ അന്യായത്തിന് ഇത്രയുംപേർ ഒന്നിച്ചുനിൽക്കുകയാണ്. എനിക്കുവേണ്ടി ഒരു വാക്ക് പറയാൻ ആർക്കും ചങ്കൂറ്റമില്ല. സത്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നിന്നതാണ്. അല്ലാതെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല''-സന്ദേശങ്ങൾ ഇങ്ങനെ നീളുന്നു.

വിവരാവകാശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വഴങ്ങാതെവന്നപ്പോൾ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി, കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ മോശം പ്രകടനമാണെന്ന് രേഖപ്പെടുത്തി, താനിരിക്കെ അത് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും അനീഷ്യയുടെ ഡയറിക്കുറിപ്പിലുണ്ടെന്ന് പറയുന്നു. സന്ദേശവും ഡയറിക്കുറിപ്പും ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.

ജില്ലയിലെ പ്രധാന അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയത് എന്ന് ഡയറിക്കുറിപ്പിൽ പറയുന്നു. 'ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കാസർകോട്ടേയ്ക്ക് മാറ്റും'- എന്നായിരുന്നു അഭിഭാഷകന്റെ ഭീഷണിയെന്നും ഡയറിക്കുറിപ്പിൽ പറയുന്നത്. ജോലി ചെയ്യാൻ സമ്മതിക്കില്ലെന്ന ഭീഷണി അനീഷ്യയെ മാനസികമായി തളർത്തിയെന്ന് ഡയറിക്കുറിപ്പിൽ നിന്ന് വ്യക്തമായതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

അനീഷ്യയുടെ ഡയറി കുറിപ്പിലുള്ളത് കൂടുതൽ കാര്യങ്ങളുണ്ട്. കഴിഞ്ഞവർഷം നവംബറിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നതെന്നും പൊലീസിന് ലഭിച്ച 50 പേജുള്ള കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകൻ കൃത്യമായി ജോലിയിൽ ഹാജരാകാതിരുന്നതാണ് പ്രശ്നങ്ങൾക്കുള്ള തുടക്കം. ഇതിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. പലപ്പോഴും സഹപ്രവർത്തകന് വേണ്ടി അനീഷ്യയാണ് കോടതിയിൽ ഹാജരായിരുന്നത്. സഹപ്രവർത്തകൻ അവധിയെടുക്കാതെയായിരുന്നു ജോലിയിൽ ഹാജരാകാതിരുന്നതെന്നും അനീഷ്യ ആരോപിക്കുന്നു. സഹപ്രവർത്തകൻ എത്രനാൾ ജോലിക്ക് ഹാജരായി എന്ന് അറിയാൻ മറ്റൊരു അഭിഭാഷകൻ വഴിയാണ് അനീഷ്യ വിവരാവകാശം നൽകിയത്. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായതെന്നും ഡയറിക്കുറിപ്പിൽ പറയുന്നു.

കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചുവെന്നാണ് ശബ്ദരേഖയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനീഷ്യ പറയുന്നതായുള്ള ഫോൺ സംഭാഷണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മരണത്തിന് കാരണം ജോലി സംബന്ധമായ സമ്മർദമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭർത്താവ് അജിത് കുമാർ മാവേലിക്കര കോടതി ജഡ്ജിയാണ്. ഒരു ജഡ്ജിയുടെ ഭാര്യയായിരുന്നിട്ടു കൂടി അനീഷ്യയെ പലരും ഭീഷണിപ്പെടിത്തിയിരുന്നു എന്നാണ് വ്യക്തമാകുന്ന കാര്യം.