കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ എനി ടൈം മണി എന്ന കോഴിക്കോട്ടെ സ്ഥാപനത്തിലെ ഡയറക്ടർമാരെക്കുറിച്ചും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മതിയായ വിദ്യാഭ്യാസ യോഗ്യതയോ, ഫിനാനസ് സ്ഥാപനങ്ങൾനോക്കി നടത്തിയ പരിചയമോ ഉള്ളവർ ആയിരുന്നില്ല ഇവരിൽ ആരും. എനി ടൈം മണിയുടെ ഒരു ഡയറക്ടർ ആയ എറണാകുളം സ്വദേശിയായ ആന്റണി ഒരു ലോറിത്തൊഴിലാളി ആയിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. കോവിഡ് കാലത്ത് പണി കുറഞ്ഞതോടെയാണ് ഇയാൾ എനി ടൈം മണിയുടെ മാതൃസ്ഥാപനമായ കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടറായ മലപ്പുറം ചങ്ങരംകുളം മേലാട് ഷൗക്കത്തലിയുമായി പരിചയപ്പെട്ടത്. ഷൗക്കത്തലിയുടെ അടയ്ക്ക കയറ്റുമതി ബിസിനസിലാണ് ഇയാളെ ആദ്യം പങ്കാളിയാക്കിയത്.

ടൺ കണക്കിന് അടക്ക ചാക്കുകളിൽ നിറച്ച് ലോറിയിൽ ഗുജറാത്തിൽ എത്തിക്കുന്നതായിരുന്നു ആദ്യ ജോലി. പിന്നീട് സൗഹൃദവും ബന്ധങ്ങളും വളർന്നതോടെ പുതിയ അവസരങ്ങൾ ആന്റണിയെ തേടിയെത്തി. അർബൻ നിധിക്ക് സമാന്തരമായി എനി ടൈം മണി എന്ന സ്ഥാപനം ഷൗക്കത്തലി ആരംഭിച്ചു. ഇതിലെ ഒരു ഡയറക്ടറായി ആന്റണിയെ നിയമിച്ചു. പിന്നീടാണ് തട്ടിപ്പ് വ്യാപകമാവുന്നത്. ഒടുവിൽ എനി ടൈം മണിയുടെ അക്കൗണ്ടിലുള്ള 70 കോടി രൂപ മൂന്ന് ഡയറക്ടർമാർക്കായി വീതംവെച്ച് ബിസിനസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായും പറയുന്നു. അതുകൊണ്ടുതന്നെ ആന്റണി ഷൗക്കത്തലിയുടെ ബിനാമി മാത്രമാണെന്ന ആരോപണം ശക്തമാവുകയാണ്.

കണ്ണൂർ അർബൻ നിധി തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും കമ്പനി ഡയറക്ടറുമായ ഷൗക്കത്തലി പാക്കിസ്ഥാനിലേക്ക് കയറ്റിയയച്ചത് 80 കോടി രൂപയുടെ അടയ്ക്കയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള അടക്ക ഗുജറാത്ത് തുറമുഖം വഴിയാണ് കയറ്റിയയച്ചത്. ഈ കയറ്റുമതി ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡി.യോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണർ കത്ത് നൽകിയിട്ടുണ്ട്.

അർബൻ നിധിയുടെയും അനുബന്ധ സ്ഥാപനമായ എനി ടൈം മണിയുടെയും ഏഴ് ഡയറക്ടർമാരെയും പ്രതിചേർക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. എനി ടൈം മണിയിലെ 150 ജീവനക്കാരെയും ചോദ്യംചെയ്യും. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ മാത്രം തുവരെ 60 കേസുകൾ രജിസ്റ്റർചെയ്തു. കോഴിക്കോട് ഒരു ഡസനിലേറെ കേസുകൾ ഉണ്ട്.

കേസിലെ രണ്ടും മൂന്നും പ്രതികളായ ആന്റണിയും ഷൗക്കത്തലിയുമാണ് ഗൂഢാലോചന ആസൂത്രണം ചെയ്തത്. രണ്ടുപേരും ചേർന്ന് അർബൻ നിധിയിലെ നിക്ഷേപകരുടെ പണം എനി ടൈം മണിയിലേക്ക് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒരുവർഷംമുൻപ് തന്നെ അർബൻ നിധി നഷ്ടത്തിലായിരുന്നു. എന്നാൽ എട്ടുമാസം മുമ്പുതന്നെ ആന്റണി കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി അയാളുടെ ബന്ധുക്കൾ പറയുന്നത്. ഇരുവരും ഇപ്പോൾ അറസ്റ്റിലാണ്.

തട്ടിയത് 150 കോടി

ഉയർന്നപലിശ വാഗ്ദാനംചെയ്ത് ജീവനക്കാരിൽനിന്നുൾപ്പെടെ ലക്ഷങ്ങൾ നിക്ഷേപം നടത്തിയ 'എനി ടൈം മണി' സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പെന്നാണ് പൊലീസ് പറയുന്നത്. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ മുതലെടുത്താണ് ഇവരുടെ തട്ടിപ്പ്. നിക്ഷേപങ്ങൾക്ക് ഇവർ കരുവാക്കുന്നത് ജീവനക്കാരെയാണ്. 2020-ൽ പാലാഴിയിൽ ബൈപ്പാസിന് സമീപം ആരംഭിച്ച 'എനി ടൈം മണി' ധനകാര്യസ്ഥാപനത്തിൽ ആകർഷകമായ ശമ്പളവ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ 45,000 രൂപ ശമ്പളവും നിക്ഷേപിച്ച തുകയ്ക്ക് ഒമ്പതുശതമാനം പലിശയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 25,000 രൂപമുതൽ 35,000 രൂപവരെ ശമ്പളം ലഭിക്കണമെങ്കിൽ 10 ലക്ഷം രൂപ നിക്ഷേപം കണ്ടെത്താനായിരുന്നു നിർദ്ദേശമെന്ന് ജീവനക്കാർ പറയുന്നു. ജോലിയിൽ പ്രവേശിച്ച് മൂന്നുമാസത്തിനകം തുക നിക്ഷേപിച്ചാൽ മതിയെന്നായിരുന്നു വ്യവസ്ഥ. കണ്ണൂർ അർബൻ നിധി ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമാണ് 'എനി ടൈം മണി' എന്നാണ് ഉടമകൾ പറഞ്ഞിരുന്നത്. ഇരുസ്ഥാപനങ്ങളിലുമായി മാത്തം 150 കോടിയുടെ തട്ടിപ്പ് ഇവിടെ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

സ്വന്തം പണവും ബന്ധുക്കളുടെയും പരിചയക്കാരുടെയുമെല്ലാം കൈയിൽനിന്നുള്ള ലക്ഷങ്ങളും സ്ഥാപനത്തിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ അർബൻ നിധി കമ്പനിയിൽ ജീവനക്കാർ നിക്ഷേപിച്ചു. 35 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ജൂൺവരെ ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പൊന്നുമില്ലാതെ ഓഗസ്റ്റ് 30-നുശേഷം ജോലിക്ക് വരേണ്ടതില്ലെന്ന് കമ്പനി നിർദ്ദേശിക്കുകയായിരുന്നെന്ന് ജീവനക്കാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഉടമസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നെന്നും ജീവനക്കാർ പറഞ്ഞു. രണ്ടു ജീവനക്കാർ പന്തീരാങ്കാവ് പൊലീസിലും 21 പേർ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതിനൽകിയത്.ഇതിന്റെയടിസ്ഥാനത്തിൽ പാലാഴിയിലെ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഒട്ടേറെ രേഖകളും പിടിച്ചെടുത്തു.'എനി ടൈം മണി' എന്ന സ്ഥാപനത്തിന് വിവിധ ബാങ്കുകളിലായി ഏഴ് അക്കൗണ്ടുകളാണുള്ളത്. ഈ അക്കൗണ്ടുകൾ മരവിപ്പിപ്പിച്ചിരിക്കയാണ്.

അതിനിടെ എനി ടൈം മണിയുടെ മാതൃസ്ഥാപനമായ കണ്ണൂർ അർബൻ നിധിയും ശുദ്ധ തട്ടിപ്പാണെന്ന് ബോധ്യപ്പെടുകയാണ്. ഇവർ 00കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതി. കണ്ണൂർ അർബൻ നിധി ഡയറക്ടർ തൃശൂർ കുന്നത്ത് പീടികയിൽ കെ.എം.ഗഫൂർ, സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലെപ്പാട്ട് വളപ്പിൽ ഷൗക്കത്ത് അലി, ആന്റണി, അർബൻ നിധി അസിസ്റ്റന്റ് ജനറൽ മാനേജർ കണ്ണൂർ സ്വദേശി ജീന, എച്ച്ആർ മാനേജർ പ്രഭീഷ്, ബ്രാഞ്ച് മാനേജർ ഷൈജു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.