കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതിനു സാക്ഷികളുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആവശ്യപ്പെട്ടു. ജയരാജന്റെയും, ടി.വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കൊലപാതകത്തിൽ പങ്കുണ്ടെന്നതിൽ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജൻ, ടി വി ജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയത്. ഇതിനെതിരെയാണ് ഷുക്കൂറിന്റെ കുടുംബത്തിന്റെ ഹർജി.

വിടുതൽ കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ അറിയിച്ചു. അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും നൽകിയ വിടുതൽ ഹർജി ഓഗസ്റ്റ് 21നാണ് എറണാകുളം സിബിഐ സ്‌പെഷ്യൽ കോടതി പരിഗണിക്കുക.

2012 ഫെബ്രുവരി 20നു കണ്ണപുരം കീഴറ വള്ളുവൻകടവിന് അടുത്താണ് എംഎസ്എഫ് പ്രാദേശിക നേതാവായിരുന്ന അരിയിൽ ഷുക്കൂർ (24) കൊല്ലപ്പെടുന്നത്. ഈ കേസിന്റെ ഗൂഢാലോചനയിൽ സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി.ജയരാജനും ടി.വി.രാജേഷും പ്രതി ചേർക്കപ്പെട്ടിരുന്നു.