തിരുവനന്തപുരം: വട്ടപ്പാറ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി ആര്യയെ ബലാൽസംഗം ചെയ്തു കൊലപ്പെടത്തിയ കേസിലെ പ്രതിയായ രാജേഷ് ഇന്നലെ പൊലീസിനെ മുൾമുനയിൽ നിർത്തിയത് രണ്ടുമണിക്കൂറോളം. ഇന്നലെ കാട്ടാക്കട കോടതി പരിസരത്തു നിന്നു ഇയാൾ കടന്നുകളയുകയായിരുന്നു. രാജേഷിനെ ഒടുവിൽ അഞ്ചു തെങ്ങിൻ മൂട്ടിലെ ഒരു വീടിന്റെ ബാത്ത് റൂമിനുള്ളിൽ നിന്നും നെയ്യാർ ഡാം പൊലീസ് പിടികൂടി.

ഇന്നലെ പത്തരയോടെ കോടതിയിൽ എത്തിച്ച രാജേഷ് ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ചായ്ക്കുളം ക്രൈസ്റ്റ് ഭവനിൽ രാജേഷ്(40) വിലങ്ങ് അഴിച്ചപ്പോൾ കൂടെയുള്ള പേലീസുകാരനെ തള്ളിയിട്ട ശേഷമാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. പൊലീസുകാർ തലങ്ങു വിലങ്ങും ഓടിയിട്ടും രാജേഷിനെ കിട്ടിയില്ല. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസ് എത്തി കാട്ടക്കട പട്ടണം മൊത്തം അരിച്ചു പെറുക്കി. ഒടുവിൽ ഒന്നര കിലോമീറ്റർ മാറി അഞ്ചുതെങ്ങിൻ മൂട്ടിലെ ഒരു വീടിന്റെ ബാത്ത്്് റൂമിൽ രാജേഷിനെ കണ്ടെത്തുകയായിരുന്നു.

ജയിൽ ചാടിയതിനു നെയ്യാർഡാം പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയ്ക്കു വേണ്ടിയാണ് കാട്ടാക്കട കോടതിയിൽ ഇയാളെയും സഹ തടവുകാരൻ ശ്രീനിവാസനെയും കൊണ്ടു വന്നത്. 2020 ഡിസംബറിലാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും രാജേഷും കൂട്ടുകാരനായ സഹതടവുകാരൻ ശ്രീനിവാസനും രക്ഷപ്പെട്ടത്. കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലെ അനക്സിൽ എത്തിച്ച രാജേഷിനെ ആടു മെയ്‌ക്കാനും ആടിന് വേണ്ട ഭക്ഷണങ്ങൾ ശേഖരിക്കാനുമാണ് ചുമതലപ്പെടുത്തിയിരുന്നത്. ആടിനെ മെയ്‌ച്ച് ജയിലിന് പുറത്ത് എത്തിയ രാജേഷ് തന്റെ മാതാവിനെ സ്ഥിരമായി കണ്ടിരുന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും വെറും അഞ്ചു കിലോമീറ്റർ മാത്രം അകലെയായിരുന്നു രാജേഷിന്റെ വീട്. ജയിൽ ചാടുന്നതിന് തലേ ദിവസവും രാജേഷ് അമ്മയെ കണ്ടിരുന്നു. അമ്മ കൈമാറിയ 25000 രൂപയും കൊണ്ടാണ്്് സഹതടവുകാരനായ ശ്രീനിവാസനെ കൂട്ടി രാജേഷ് രക്ഷപ്പെട്ടത്. പിന്നീട് ശ്രീനിവാസനെ തിരുപ്പൂരിൽ നിന്നു രാജേഷിനെ ഉടുപ്പിയിലെ ഒരു തോട്ടത്തിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

ആര്യ കൊലക്കേസ്

2012 മാർച്ച് ആറിന് ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ വേറ്റിനാട്ടിൽ നാടിനെ നടുക്കിയ അരുംകൊല നടന്നത്. വേറ്റിനാട്, ചിറക്കോത്ത് താമസിക്കുന്ന പതിനഞ്ചുകാരി കുക്കു എന്നു വിളിക്കുന്ന ആര്യയെ പ്രതി ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയതിനുശേഷം ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കവർച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.

വീരണകാവ് മൊട്ട മൂല സ്വദേശിയായ പ്രതി വീരണകാവ് മെയിലോട്ടുകുഴി ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനിൽ രാജേഷ് വിവിധ ജോലികൾ ചെയ്തു വന്നിരുന്ന ഒരു വ്യക്തിയായിരുന്നു. ഇടയ്ക്ക് ഇയാൾ ഓട്ടോയും ഓടിക്കുവാൻ പോകുമായിരുന്നു. 2012 മാർച്ച് ആറിന് ഇയാൾ ഭാര്യയുടെ വീടിനു സമീപത്ത് രണ്ടു യാത്രക്കാരെയും കൊണ്ട് എത്തി. യാത്രക്കാരെ ഇറക്കി തിരിച്ചു പോകുന്ന വഴി ആര്യയുടെ വീടിനു സമീപം വാഹനം എത്തിയപ്പോൾ ഓട്ടോറിക്ഷ റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു.

ഓട്ടോറിക്ഷ കുഴിയിൽ നിന്നും കയറ്റുന്നതിനായി രാജേഷ് ശ്രമിച്ചു. ആര്യ അന്നു വീട്ടിൽ തനിച്ചായിരുന്നു. മാർച്ച് 12നു തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ പെൺകുട്ടി. ഇതിനിടയിലാണ് രാജേഷ് വീടിനു മുന്നിൽ എത്തുന്നതും ഓട്ടോ കുഴിയിൽ വീഴുന്നതും. ഓട്ടോ കരയ്ക്കു കയറ്റുവാനും രാജേഷ് ശ്രമിക്കുന്നത് കണ്ട ആര്യ രാജേഷിനെ സഹായിക്കുവാൻ എത്തി. ആര്യയുടെയും അതുവഴി വന്ന പ്ലസ് വൺ വിദ്യാർത്ഥിനിയും കേസിലെ രണ്ടാംസാക്ഷിയുമായ വിദ്യയുടെയും സഹായത്തോടെ രാജേഷ് വാഹനം കരയ്ക്കു കയറ്റി. ശേഷം വിദ്യ അവളുടെ വീട്ടിലേക്ക് പോയി.

ആര്യ വീട്ടിൽ ഒറ്റയ്ക്കാണെന്നും ആ പരിസരത്ത് ആരുമില്ലെന്നും മനസ്സിലാക്കിയ രാജേഷ് സ്‌ക്രൂഡ്രൈവർ വാങ്ങാനെന്ന വ്യാജേന ആര്യയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ആര്യയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതി ആര്യ ശരീരത്തു ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങളുമായി ഓട്ടോയിൽ തിരിച്ചു പോവുകയായിരുന്നു. ഈ സ്വർണാഭരണങ്ങൾ കുറച്ചകലെയുള്ള വട്ടപ്പാറ ടൗണിൽ എത്തി അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്രതി വ്യാജ പേരിൽ പണയം വെച്ച് പണം സ്വന്തമാക്കുകയും ചെയ്തിരുന്നു.

വൈകിട്ട് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് മകൾ മരിച്ചുകിടക്കുന്നത് കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും പൊലീസ് പരിശോധനയിൽ ആര്യയുടെ ശരീരത്തിലെ മുറിവുകളും ആഭരണം കാണാതായതും ശ്രദ്ധിക്കപ്പെട്ടു. ആര്യയുടേതുകൊലപാതകമാണെന്ന് ഉറപ്പിച്ച് പൊലീസ് ഇതോടെ രംഗത്തിറങ്ങി. എന്നാൽ ആര്യ കൊലക്കേസിൽ ദൃക്സാക്ഷികളുടെ അഭാവമായിരുന്നു പൊലീസിനെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത്. വീട്ടിലും പരിസരത്തും ആരുമില്ലാതിരുന്ന സമയത്തുള്ള കൊലപാതകമായതിനാൽ കേസ് അന്വേഷണം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.

വെറും ശൂന്യതയിൽ നിന്നുമായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ അശോകിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. പൊലീസ് അവരുടെ സർവ്വശക്തിയും ഈ കേസ് അന്വേഷണത്തിൽ ഉപയോഗപ്പെടുത്തുകയായിരുന്നു. നാട്ടുകാരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുന്ന കൂട്ടത്തിലാണ് പ്രതിയെ കുറിച്ച് ആദ്യ സൂചന പൊലീസിന് ലഭിക്കുന്നത്. ആര്യയുടെ വീടിന് മുന്നിൽ കണ്ട് രാജമ്മ എന്ന പേരുള്ള ഓട്ടോയും അതിൽ പതിച്ചിരുന്ന ഉണ്ണിയേശുവിനേയും കുറിച്ചായി പിന്നീട് പൊലീസ് അന്വേഷണം. കൂടുതൽ അന്വേഷണത്തിൽ രാജമ്മ എന്ന് പേരുള്ള നിരവധി ഓട്ടോറിക്ഷകൾ തിരുവനന്തപുരം നഗരത്തിൽ പൊലീസ് കണ്ടെത്തി. പക്ഷേ ഉണ്ണിയേശുവിന്റെ ചിത്രമുള്ള ഓട്ടോറിക്ഷ മാത്രം കണ്ടെത്താനായില്ല. കേസന്വേഷണം മുന്നോട്ടുപോകാനാവാതെ വീണ്ടും നിശ്ചലമാകുന്ന അവസ്ഥയിലെത്തി.

പ്രതിയെ ആര്യയോടൊപ്പം കണ്ട പ്ലസ് വൺ വിദ്യാർത്ഥിനി വിദ്യയുടെ വിവരണത്തിൽ പൊലീസ് രേഖാചിത്രം തയ്യാറാക്കി. രേഖാചിത്രത്തിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. രേഖാചിത്രം കണ്ട് പലരും സംശയം പ്രകടിപ്പിച്ചതോടെ കഥ മാറി. പ്രതിയുടെ സഹോദരിയെ വിവാഹം ചെയ്തുകൊണ്ട് വന്നിരിക്കുന്നത് വട്ടപ്പാറയ്ക്ക് സമീപം വേറ്റിനാട്ടായിരുന്നു. പ്രതി സഹോദരിയുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നത് പതിവായിരുന്നു. അതുകൊണ്ടുതന്നെ ചിലർക്ക് രാജേഷിനെ പരിചയമുണ്ടായിരുന്നതാണ് വഴിത്തിരിവായത്. ഒടുവിൽ ആറു ദിവസത്തിനുശേഷം പ്രതിയാരാണെന്ന കാര്യത്തിൽ പൊലീസ് ഒരു നിഗമനത്തിലെത്തി. അതിന്റെ അടിസ്ഥാനത്തിൽ വീരണകാവ് സ്വദേശിയായ രാജേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കൂടുതൽ ചോദ്യം ചെയ്യലിൽ താനാണു ആ കൊലപാതകം ചെയ്തതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മാർച്ച് 13ന് രാജേഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.