ലക്‌നൗ: യുപി പൊലീസുമായി ഉള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുൻ എംപിയും ഗൂണ്ടാ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ്, അഭിഭാഷകൻ ഉമേഷ് പാലിന്റെ കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി. അസദിനെയും ഗുലാം എന്ന കൂട്ടാളിയെയും ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ് ടി എഫ്) ഝാൻസിയിൽ വച്ചാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഡെപ്യൂട്ടി എസ്‌പിമാരായ നവേന്ദു, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള എസ് ടി എഫ് സംഘമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഇരുവരുടെയും തലയ്ക്ക് യുപി പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2005 ലാണ് ഉമേഷ് പാൽ എന്ന അഭിഭാഷകനെ അസദ് വെടിവച്ചുകൊന്നത്. കൊലപാതക സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. 2005 ൽ ബിഎസ്‌പി എംഎൽഎ രാജു പോളിന്റെ കൊലപാതക കേസിലെ സാക്ഷിയായിരുന്നു ഉമേഷ് പാൽ. ഫെബ്രുവരിയിൽ പട്ടാപ്പകൽ പ്രയാഗ്രാജിലെ വീടിന് പുറത്ത് ഇയാളെ വെടിവച്ചുകൊല്ലുകയായിരുന്നു. ഇയാളുടെ സുരക്ഷാ ജീവനക്കാരനെയും അന്ന് വകവരുത്തി. ഈ സംഭവത്തോടെ, യുപിയിലെ ക്രമസമാധാന നില അപകടത്തിലായെന്ന് ആരോപിച്ച് പ്രതിപക്ഷം സർക്കാരിന് എതിരെ രംഗത്തെത്തിയിരുന്നു.

ഉമേഷ് പാലിനെ കൊലപ്പെടുത്തിയ ശേഷം അസദ് അഹമ്മദ്, ലക്‌നൗവിലേക്ക് കടന്നു. പിന്നീട് കാൺപൂരിലും, മീററ്റിലും ഡൽഹിയിലുമായി ഒളിച്ചുകഴിഞ്ഞു. ഇയാൾ മധ്യപ്രദേശിലേക്ക് കടക്കാൻ തീരുമാനിച്ച ഇയാൾ, ഝാൻസിയിൽ നിന്ന് സംസ്ഥാന അതിർത്തിയിലേക്ക് പോകും വഴിയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഇയൾ വേഷം മാറിയാണ് നടന്നിരുന്നതെന്ന് പൊലീസ് പറയുന്നു. ആതിഖ് അഹമ്മദിന്റെ ക്രിമിനൽ സംഘത്തിൽ നിന്നും കിട്ടിയ രഹസ്യ വിവരമാണ് പൊലീസിന് പിടിവള്ളിയായത്.

ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബർമതി ജയിലിൽനിന്ന് പ്രയാഗ്രാജിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയിൽ ഹാജരാക്കാൻ ഇന്ന് കൊണ്ടുവന്നിരുന്നു. അതിനിടെയാണ് മകനെ പൊലീസ് കൊലപ്പെടുത്തിയത്. മരിച്ചവരിൽ നിന്ന് അത്യാധുനിക വിദേശ നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. താനും കുടുംബാംഗങ്ങളും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശിച്ചത്.

ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് തന്നെ യു.പിയിലെ ജയിലിലേക്ക് മാറ്റുന്നത് വധിക്കാനാണെന്നും അതിനാൽ ജയിൽ മാറ്റം തടയണമെന്നും തനിക്ക് സംരക്ഷണം നൽകണമെന്നുമായിരുന്നു ആതിഖിന്റെ ആവശ്യം. 'എന്റെ കുടുംബം നശിച്ചു. മാധ്യമങ്ങൾ ഉള്ളതിനാൽ ഞാൻ സുരക്ഷിതനാണ്. ജയിലിൽ ജാമറുകൾ സ്ഥാപിച്ചതിനാൽ ഞാൻ ആരെയും ഫോണിൽ വിളിച്ചിട്ടില്ല. ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല, കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണ്' 60 കാരനായ മുൻ ഉത്തർപ്രദേശ് എംഎ‍ൽഎയും ലോക്സഭാംഗവുമായ ആതിഖ് അഹമ്മദ് ഇന്നലെ പറഞ്ഞു.

ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയിൽ ആതിഖ് അഹമ്മദ് അടക്കം 16 പേർക്കെതിരെ കേസെടുത്തിരുന്നു. 2006ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ മാർച്ച് 28ന് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഉമേഷ് പാലിന്റെ കൊലപാതകത്തോടെയാണ് ആതിഖ് അഹമ്മദിന്റെ കഷ്ടകാലം തുടങ്ങിയത്. ഇയാൾക്കെതിരെ ഇപ്പോൾ നൂറിലധികം ക്രിമിനൽ കേസുകളുണ്ട്.