കോട്ടയം. സൈബർ ആക്രമണം വഴി ആതിരയെന്ന പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച കേസിലെ പ്രതി അരുൺ വിദ്യാധരൻ തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തിലുണ്ടെന്ന് സൂചന. മൊബൈലോ സോഷ്യൽ മീഡിയയോ ഉപയോഗിക്കാത്തതിനാൽ അരുണിന്റെ അടുത്തേക്ക് എത്താനോ എവിടയാണെന്ന് ലൊക്കേറ്റ് ചെയ്യാനോ കടുത്തുരുത്തി പൊലീസിന് കഴിഞ്ഞിട്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഹോട്ടലുകളിൽ മാനേജരായി ജോലി നോക്കിയിട്ടുള്ള അരുൺ ഇതരസംസ്ഥാനങ്ങളിൽ കൂടുതൽ ബന്ധങ്ങൾ ഉള്ളതിനാൽ ഒളിസങ്കേതം മാറാനും സാധ്യതയുണ്ട്.

ആതിരയുടെ മരണശേഷം കടുത്തുരുത്തി പൊലീസ് സടകുടഞ്ഞ് എണീറ്റിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളിലടക്കം അരുണിനായി പൊലീസ് വലവിരിച്ചു കഴിഞ്ഞു. അരുൺ വിദേശത്തേക്ക് കടക്കാതിരിക്കാൻ അയാളുടെ വീട് റെയ്ഡ് ചെയ്ത് പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തു. നേപ്പാൾ വഴി അരുൺ വിദേശത്ത് കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ആതിരയുടെ മരണ സമയത്തും അരുൺ നാട്ടിൽ ഉണ്ടായിരുന്നില്ലന്ന് പൊലീസ് പറയുന്നു. കേരളത്തിന് പുറത്തിരുന്നു കൊണ്ടാണ് ഫെയ്‌സ് ബുക്ക് വഴി അപകീർത്തിപ്പെടുത്തൽ തുടർന്ന് കൊണ്ടേയിരുന്നത്. അരുണിന്റെ വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ലായെന്നാണ് വിവരം. അരുണിന്റെ സുഹൃത്തുക്കളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

അടുത്തിടെ ആതിരയ്ക്ക് വിവാഹാലോചനകൾ വന്നുതുടങ്ങിയപ്പോഴാണ് അരുൺ വിദ്യാധരന്റെ ഭീഷണി കൂടുതൽ ശക്തമായത്. കേരളത്തിന് പുറത്തിരുന്നു കൊണ്ടായിരുന്നു സൈബർ ആക്രമണം. നേരത്തെ അരുണും ആതിരയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്നത് വീട്ടുകാരും സമ്മതിക്കുന്നു . വിവാഹാലോചനയിലേക്കുവരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ ഇയാളുടെ സ്വാഭാവം മേശമാണെന്നറിഞ്ഞതിനെ തുടർന്ന് പിന്നീട് ആലോചിക്കാമെന്നു പറഞ്ഞത് ആതിര തന്നെയാണ്. ഇതു മുതലാണ് പക തുടങ്ങിയത്. പിന്നീട് ഇരുവർക്കും ഇടയിലും പ്രശ്നങ്ങളുണ്ടായി. മുന്നോട്ടുപോകാൻ കഴിയില്ലെന്നു ആയതോടെ തമ്മിൽ പിരിഞ്ഞു. അരുണിന് വേറെ വിവാഹവും ഉറപ്പിച്ചു. എന്നാൽ, ആതിരയ്ക്ക് വിവാഹാലോചന തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയത്. വി വാഹ നീക്കം അറിഞ്ഞ് അന്ന് രാത്രി ആതിരയെ ഫോണിൽ വിളിച്ചു സംസാരിച്ച അരുണിന് ഭീഷണിയുടെ സ്വരമായിരുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് അരുൺ എന്ന് തിരിച്ചറിഞ്ഞപ്പോൾ ആതിരയുടെ ഭയം ഇരട്ടിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വീഡിയോ കോളിന്റെ സ്‌ക്രീൻഷോട്ടുൾപ്പെടെ അരുൺ സേവ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസിൽ പരാതി നൽകി. പൊലീസുൾപ്പെടെ ഫോണിൽ അരുണിനെ വിളിച്ചെങ്കിലും എടുത്തില്ല. അതു കാട്ടി പൊലീസും കേസിൽ പിന്നോട്ടു പോയി.

വീട്ടിലും നാട്ടിലും ഒരു തൊട്ടാവാടിയായിരുന്നില്ല ആതിര. ആരെങ്കിലും കമന്റടിച്ചാൽ അതിനു ചുട്ടമറുപടി നൽകുമായിരുന്നു. വീട്ടിലെ എറ്റവും ബോൾഡ് ആയ ആളായിരുന്നു. അവൾ വെറുതെ ഇങ്ങനെ ചെയ്യില്ല എന്ന് വീട്ടുകാർ ഉറപ്പിച്ചു പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസ്. ബന്ധം അവസാനിപ്പിച്ച ശേഷവും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും അരുൺ ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് പരാതി.

എന്നാൽ കേസിൽ ആദ്യം മുതൽ പൊലീസ് നിസംഗത തുടർന്നുവെന്നും ആക്ഷേപം ഉണ്ട്. ആതിരയുടെ സഹോദരിയുടെ ഭർത്താവ് ഐഎഎസുകാരനാണ്. മണിപ്പൂരിലെ സബ് കളക്ടർ ആശിഷ് ദാസ്. ഭാര്യാ സഹോദരിയുടെ വേദനയറിഞ്ഞ് ഇടപെടണമെന്ന് പൊലീസിനോട് ആശിഷും അഭ്യർത്ഥിച്ചിരുന്നു. പക്ഷേ ആരും ഇടപെട്ടില്ല. നാണക്കേട് കാരണമാണ്ആതിര വീട്ടിൽ തൂങ്ങി മരിച്ചത്.പൊലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന മരണം.

കടുത്തുരുത്തി പൊലീസിന് ആതിര തന്നെ തന്റെ ദുരവസ്ഥ നേരിട്ട് വ്യക്തമാക്കി പരാതി നൽകിയിരുന്നു. ഒരു ആൺസുഹൃത്തുമായി മുമ്പ് അടുപ്പമുണ്ടായിരുന്നു. പിന്നീട് പിരിഞ്ഞു. അതു കഴിഞ്ഞ വർഷങ്ങൾക്ക് ശേഷം ആതിരയുടെ വിവാഹ ആലോചനകൾ തുടങ്ങിയപ്പോൾ അപമാനിക്കലുമായി പഴയ ആൺ സുഹൃത്ത് എത്തി. കൈയിലുള്ള ഫോട്ടോയും മറ്റുമിട്ട് സോഷ്യൽ മീഡിയയിൽ അപമാനിച്ചു. ഇതോടെയാണ് അരുൺ വിദ്യാധരനെതിരെ പരാതിയുമായി ആതിര പൊലീസിനെ സമീപിച്ചത്.

സ്വന്തം കൈപ്പടയിൽ തന്നെ പരാതി എഴുതി നൽകി. ഇതിന് ശേഷം മണിപ്പൂരിൽ സബ് കളക്ടറായ സഹോദരിയുടെ ഭർത്താവ് പൊലീസിനെ ബന്ധപ്പെടുകയും ആതിരയുടെ മാനസികാവസ്ഥ അറിയിക്കുകയും ചെയ്തു. അരുൺ വിദ്യാധരനെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതിൽ നിന്ന് വിലക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പൊലീസ് അനങ്ങിയില്ല.

മോശം പദപ്രയോഗങ്ങളിലൂടെയാണ് ആതിരയെ അരുൺ വിദ്യാധരൻ സോഷ്യൽ മീഡിയയെ അപമാനിച്ചത്. പറയാൻ പാടില്ലാത്ത പല പ്രയോഗങ്ങളും നടത്തി. സഹോദരിയുടെ ഭർത്താവായ ആശിഷ് ദാസിനേയും അപമാനിച്ച് പലതും എഴുതി. പല ഫോട്ടോകളും വളരെ മോശം പരാമർശവുമായി ഇട്ടു. പരസ്പരം ചാറ്റ് ചെയ്യുന്ന സ്‌ക്രീൻ ഷോട്ടുകളും മറ്റും പ്രചരിപ്പിച്ച് ആതിരയെ അപമാനിക്കാനായിരുന്നു ശ്രമം. ഇത് തടയാൻ വേണ്ടിയാണ് പൊലീസിൽ പരാതി നൽകിയത്. അതും ഫലം കാണാതെ വന്നതോടെയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിയത്.

പഠനത്തിന്റെ അഗ്നി അണയാതെ സൂക്ഷിച്ച കൊല്ലം പത്തനാപുരം ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ ആശിഷ് ദാസ് സിവിൽ സർവ്വീസുകാരനായത് കേരളം ഏറെ ചർച്ച ചെയ്തതാണ്. 2012ൽ അഗ്നിശമനസേനയിൽ ജോലിക്കു കയറി. പരിശീലനത്തിനിടയിലുള്ള പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചതോടെയാണ് സിവിൽ സർവീസ് എന്ന ചിന്ത ഉണ്ടാകുന്നത്. പിന്നേയും പഠിച്ച് ഐഎഎസ് നേടി. പരിശീലന ശേഷം മണിപ്പൂരിലായിരുന്നു ജോലി. അന്ന് ഭാര്യ സൂര്യ സൗദിയിൽ നഴ്സായിരുന്നു. സൂര്യയുടെ അനുജത്തിയാണ് ആതിര. അനുജത്തിയുടെ വേദന മനസ്സിലാക്കിയാണ് ആശിഷ് ദാസ് ഇടപെടണമെന്ന് പൊലീസിനോട് അഭ്യർത്ഥിച്ചത്. എന്നിട്ടും പൊലീസ് അനങ്ങിയില്ലെന്നതാണ് വസ്തുത.