കോട്ടയം: ബൈക്ക് റേസിങ് നടത്തുന്ന കൗമാരക്കാരുടെ സംഘം ക്രൈസ്തവ വൈദികനെ ആക്രമിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ സഹ വികാരി ജോസഫ് ആറ്റുച്ചാലിലിനാണ് കൗമാര സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പള്ളിയുടെ കോമ്പൗട്ടിലേക്ക് ബൈക്ക് റേസിംഗുമായി കൗമാരക്കാർ എത്തുകയായിരുന്നു. ഈ സമയം പള്ളിയിൽ ആരാധന നടക്കുകയായിരുന്നു. ബൈക്ക് റേസിങ് മൂലം വലിയ ശബ്ദമുണ്ടായതോടെ സഹ വികാരി പുറത്തെത്തുകയും ശല്യപ്പെടുത്തരുതെന്ന് പറയുകയുമായിരുന്നു.

ഇതേസമയം ഇത് കേൾക്കാൻ കൂട്ടാക്കാതെ ഇവർ കൂടുതൽ പ്രകോപനം സൃഷ്ടിക്കുകയാണ് ഉണ്ടായത്. തുടർന്ന് സഹവികാരിയും ഒപ്പമുണ്ടായിരുന്ന ആളും ഗേറ്റ് അടക്കാൻ ശ്രമിക്കവേ കൂട്ടത്തിൽ രണ്ട് പേർ ബൈക്കുമായി വൈദികനും നേരെ പാഞ്ഞടുത്ത് ഇടിച്ചു വീഴ്‌ത്തുകയാണ് ഉണ്ടായത്. തുടർന്ന് ഇവർ കടന്നുകളയുകയും ചെയ്തു.

സംഭവത്തിൽ പരിക്കേറ്റ സഹവികാരി ജോസഫ് ആറ്റിച്ചാലിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഇടവകക്കാർ ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള ഇടമല്ല പള്ളിമുറ്റമെന്നും വൈദികനെ പരിക്കേൽപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പള്ളി ഇടവക്കാർ ആവശ്യപ്പെട്ടു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൈക്ക് പരിക്കേറ്റ വൈദികൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടം ഉണ്ടാക്കിയ കൗമാരസംഘത്തിലെ ചിലരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടവകക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസും പള്ളിയിൽ എത്തി കാര്യങ്ങൽ ചോദിച്ചറിഞ്ഞു. വൈദികനെ ആക്രമിച്ചവ മറ്റുള്ളവർക്കായി തിരിച്ചിൽ തുടങ്ങിയിട്ടുണ്ട്.

ബൈക്കുമായി കറങ്ങി നടക്കുന്ന ഇത്തരം കൗമാര സംഘങ്ങൾ പലയിടത്തും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ആക്ഷേപം ഉണ്ടായിട്ടുണ്ട്.