തിരുവനന്തപുരം : ബി.എസ്.എൻ.എൽ. എൻജിനിയേഴ്‌സ് സഹകരണസംഘത്തിൽ നിക്ഷേപകർ അറിയാതെ വ്യാജരേഖയുണ്ടാക്കി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെയ്യാതെ ഒളിച്ചുകളിക്കുകയാണ് പൊലീസ് സംഘം ഓഫീസിൽ കൃത്യമായ തിരിമറി നടന്നിട്ടുണ്ടെന്ന് കാണിച്ച് കമ്മിഷണർക്കും വഞ്ചിയൂർ പൊലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. ഡിസംബർ അഞ്ചിനാണ് സഹകരണവകുപ്പ് റിപ്പോർട്ടുണ്ടാക്കി പൊലീസിൽ പരാതി നൽകിയത്. ഇതിൽ തട്ടിപ്പ് നടത്തിയെന്ന് കരുതുന്ന സംഘത്തിലെ രണ്ട് പേരുടെ വിവരങ്ങളും സഹകരണവകുപ്പ് ചേർത്തിരുന്നു. എന്നാൽ ഒരാഴ്ച മുൻപ് സംഘം പ്രസിഡന്റിനെ സ്റ്റേഷനിൽ വിളിപ്പിച്ചതല്ലാതെ മറ്റ് നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരുന്നുണ്ട്. നിലവിൽ സഹകരണവകുപ്പ് നിയോഗിച്ച അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടികളെടുത്താൽ മതിയെന്നാണ് പൊലീസിന്റെ നിലപാട്. കൂടാതെ നടപടികൾ ശക്തമാക്കിയാൽ നിക്ഷേപകരുടെ പണം തിരികെ കിട്ടാനുള്ള സാധ്യത മങ്ങുമെന്ന ആശങ്കയുണ്ട്. സി പി എം നേതാക്കളുടെ അടുത്ത ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കു മടക്കം നിക്ഷേപം ഉള്ളതിനാൽ അനുരഞ്ജന ചർച്ചയിലൂടെ നിക്ഷേപകരുടെ പണം തിരിച്ചു പിടിക്കാനും ശ്രമമുണ്ട്. സി പി എം ഉന്നതന്റെ കുടുംബാംഗം അടുത്ത ബന്ധു , മുൻ എം എൽ എ യുടെ ബന്ധു , സിപിഐ നേതാവിന്റെ മകൾ , മുൻ നിയമസഭാ സെക്രട്ടറി എന്നിവർ പണം നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു.

എസ് ബി ഐ യിലെ ഉന്നതന്റെ ബന്ധുവിന് ജോയിന്റ് രജിസ്ട്രാർ ഇടപെട്ട് പകുതിപണം തിരിച്ചു നൽകി. താമസിയാതെ ബാക്കി പണം തിരിച്ചു നൽകുമെന്ന ഉറപ്പും നൽകിയിരിക്കുകയാണ്. സെക്രട്ടറിയേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥരും പണം നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. ജില്ലയിലെ ഒരു മന്ത്രിയുടെ സുഹൃത്തിനും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരിക്കുകയാണ്. മറ്റ് സംഘങ്ങൾ ഒന്നും നൽകാത്ത ഉയർന്ന പലിശ വാഗ്ദാനം ചെയ്തതാണ് ഇവിടേക്ക് നിക്ഷേപകർ ഒഴുകിയെത്താൻ കാരണം. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് സമാനമാണ് ഇവിടെയും നടന്നതെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. പ്രാഥമിക നിഗമനത്തിൽ നിക്ഷേപകരുടെ 50 കോടിയോളം രൂപയാണ് തട്ടിയെടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണം പൂർത്തിയായാൽ മാത്രമേ വ്യക്തമായ തുക അറിയാനാകൂ.

നിക്ഷേപകർ അറിയാതെ കൃത്രിമരേഖകളുണ്ടാക്കിയാണ് അക്കൗണ്ടിൽനിന്ന് പണം വകമാറ്റിയത്. ഒന്നരമാസം മുൻപാണ് ഇങ്ങനെയൊരു തിരിമറി സഹകരണവകുപ്പ് കണ്ടെത്തുന്നത്. സംഘത്തിൽ പരിശോധനയ്ക്കിടെ 16 ലക്ഷത്തിന്റെ കുറവ് കണ്ടെത്തി. ലെഡ്ജറിൽ എഴുതിയിരിക്കുന്ന സ്ഥിരനിക്ഷേപ നമ്പർ അനുസരിച്ച് അക്കൗണ്ട് പരിശോധിച്ചപ്പോൾ അതിൽ തുകയില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് സഹകരണവകുപ്പ് മുഴുവൻ രേഖകളും പരിശോധിച്ചത്. നിക്ഷേപകർ അറിയാതെ അവരുടെ സ്ഥിരനിക്ഷേപക സർട്ടിഫിക്കറ്റ് പണയപ്പെടുത്തി മറ്റൊരു ബാങ്കിൽനിന്ന് വായ്പയെടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്.

എൻജിനിയേഴ്‌സ് സഹകരണസംഘം ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നത് രണ്ട് തരം രജിസ്റ്ററുകളാണെന്ന് സഹകരണവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരെണ്ണം ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ വരുമ്പോൾ കാണിക്കാനുള്ള രജിസ്റ്ററും മറ്റൊന്ന് കൃത്രിമ രജിസ്റ്ററും. കൃത്രിമ രജിസ്റ്ററിലാകും മിക്ക അക്കൗണ്ട് ഉടമകളുടെയും വിവരങ്ങളും അവരുടെ നിക്ഷേപകവിവരങ്ങളും രേഖപ്പെടുത്തുക. അക്കൗണ്ട് ഉടമകൾ ഇത് ശരിയായ രജിസ്റ്ററാണെന്ന് വിശ്വസിക്കും. സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിലും കൃത്രിമ രജിസ്റ്ററിലുമുള്ള തുക രണ്ടും വ്യത്യാസമാകും.

കൃത്രിമം വ്യക്തമായതോടെ രണ്ട് രജിസ്റ്ററും അസി.രജിസ്ട്രാറുടെ കസ്റ്റഡിയിലാണ്. കംപ്യൂട്ടറുകൾ സംഘത്തിൽ ഉപയോഗിക്കാത്തതിനാൽ ജീവനക്കാർ സ്വന്തം കൈപ്പടയിലാണ് വിവരങ്ങളെല്ലാം രേഖപ്പെടുത്തുന്നത്. സഹകരണ വകുപ്പിലെ അന്വേഷണസംഘം നിക്ഷേപകരിൽനിന്ന് വിവരം ശേഖരിച്ചു. നിക്ഷേപകരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ്, രസീതുകൾ, ചിട്ടിപാസ് ബുക്ക് എന്നിവ പരിശോധിച്ചു. നൂറോളം പേർ ഓഫീസിലെത്തി വിവരങ്ങൾ നൽകി. ഒരു മാസമാണ് വിവരങ്ങൾ നൽകാനുള്ള കാലാവധി. നിക്ഷേപകരുടെ വിവരങ്ങളും മറ്റ് രേഖകളും ഓഫീസിൽ കാണാതായതോടെയാണ് അന്വേഷണസംഘം നേരിട്ട് വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചത്.