ന്യൂഡൽഹി: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. നിലവിൽ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബൈജുവിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ് ഇ.ഡി നീക്കം. ഇക്കണോമിക്‌സ് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഇ.ഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്. ഇതിൽ ഉടൻ തീരുമാനം വരും.

ഒന്നര വർഷം മുമ്പ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്. ഇതുപ്രകാരം വ്യക്തിയുടെ വിദേശയാത്ര പരിപാടികൾ അന്വേഷണ ഏജൻസികൾക്ക് അറിയാനാകും. എന്നാൽ, വിദേശയാത്ര നടത്തുന്നതിൽ നിന്നും ഒരാളെ തടയാനാവില്ല. ബൈജു രവീന്ദ്രൻ വിദേശത്തേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അന്ന് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിൽ ഭേദഗതി വരുത്തണമെന്നാണ് ഇഡിയുടെ പുതിയ ആവശ്യം. ഇതോടെ ബൈജു രവീന്ദ്രൻ അറസ്റ്റിലാകാനുള്ള സാധ്യത കൂടുകയാണ്.

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്. ബൈജു രവീന്ദ്രൻ ദുബൈയിലാണ് ഉള്ളതെന്നാണ് വിവരം. നാളെ അദ്ദേഹം സിംഗപ്പൂരിലേക്ക് പോകുമെന്നാണ് സൂചന. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയാണെങ്കിൽ ദുബൈയിൽ നിന്നും നേരിട്ട് അദ്ദേഹത്തിന് സിംഗപ്പൂരിലേക്ക് പോകാനാവില്ല. തിരിച്ച് ഇന്ത്യയിൽ എത്തിയതിന് ശേഷം മാത്രമേ തുടർ യാത്രകൾ നടത്താനാവൂ എന്നാണ് വിലയിരുത്തൽ.

2023 നവംബറിൽ ബൈജുവിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. 9,362.35 കോടി രൂപയുടെ ഫെമ നിയമലംഘനമുണ്ടായെന്നും കാണിച്ചായിരുന്നു നോട്ടീസയച്ചത്. ഇതിലാണ് അന്വേഷണം തുടരുന്നത്. ബൈജൂസിലെ നിക്ഷേപകരുടെ താത്പര്യാർത്ഥമാണ് പുതിയ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ ഇ.ഡി ശ്രമിക്കുന്നത്. അദ്ദേഹം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ പിന്നീട് രാജ്യം വിടാൻ പ്രയാസമായിരിക്കുമെന്നാണ് ഇ.ഡിയുടെ നീക്കങ്ങളിലൂടെ വ്യക്തമാകുന്നത്.

കഴിഞ്ഞവർഷം ഏപ്രിലിൽ ബൈജൂസിന്റെ ഓഫീസുകളിലും മറ്റും ഇ.ഡി റെയ്ഡും നടത്തിയിരുന്നു. വിദേശ പണമിടപാടുകൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ ബൈജൂസിന് സാധിച്ചിട്ടില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരിൽ നിന്നും ബൈജൂസ് എന്ന പഠന ആപ്പുമായി വിപ്ലവം തീർത്ത മലയാളിയാണ് ബൈജു രവീന്ദ്രൻ. കോവിഡിന് ശേഷം വലിയ പ്രതിസന്ധിയിലേക്ക് കമ്പനി കൂപ്പുകുത്തുകയായിരുന്നു. ഇതാണ് ഇഡി കേസിലേക്കും മറ്റും കാര്യങ്ങൾ എത്തിച്ചത്.