തിരുവനന്തപുരം: ചാക്ക ഓൾസെയ്ന്റ്‌സ് ജങ്ഷനു സമീപത്തുനിന്നു കാണാതായ മേരി എന്ന രണ്ടു വയസ്സുകാരിയെ തിരികെക്കിട്ടിയെങ്കിലും തട്ടിക്കൊണ്ട് പോയവർ ഒളിവിൽ. പൊലീസിന് കണ്ടെത്താനും കഴിയുന്നില്ല. അതീവ സുരക്ഷ വേണ്ട സ്ഥലത്താണ് ഇതെല്ലാം നടന്നത്. സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഇല്ലാത്തത് പ്രതികൾക്ക് കാര്യങ്ങൾ എളുപ്പമായി. കൊല്ലത്ത് നടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകലിന്റെ അതേ ആവർത്തനാണ് തിരുവനന്തപുരത്തും നടന്നത്. കൊല്ലത്ത് ഒരു ദിവസം കുട്ടിയെ അവർ കൂടെ കരുതിയപ്പോൾ ചാക്കയിൽ 19 മണിക്കൂറിൽ ആ തട്ടിക്കൊണ്ടു പോകൽ അവസാനിപ്പിച്ചു.

ഇത്രയും സമയം കുഞ്ഞ് എവിടെയായിരുന്നുവെന്നതിൽ ദുരൂഹത മാറുന്നില്ല. കൊച്ചുവേളിയിലെ റെയിൽപ്പാളത്തിനു സമീപത്തെ ഓടയിൽനിന്നാണ് കുഞ്ഞിനെ പൊലീസ് കണ്ടെത്തിയത്. പലതവണ നാട്ടുകാരും പൊലീസുമെല്ലാം പരിശോധന നടത്തിയ സ്ഥലത്തുനിന്നാണ് അപ്രതീക്ഷിതമായി പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായ സ്ഥലവും കണ്ടെത്തിയ സ്ഥലവും തമ്മിൽ കഷ്ടിച്ച് അര കിലോമീറ്റർ ദൂരമേയുള്ളൂ. അതായത് കുട്ടിയെ കാണാതായതിന് ശേഷം എപ്പോഴും പൊലീസ് നിരീക്ഷണം വേണ്ട സ്ഥലം. അതുണ്ടാകാത്തതു കൊണ്ടാണ് കുട്ടിയെ ഉപേക്ഷിക്കാൻ അവർക്കായത്.

പൊലീസിന്റെയും നാട്ടുകാരുടെയും അന്വേഷണം ഊർജ്ജിതമാക്കിയതോടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയവരും ഇതാണ് സംഭവിച്ചത്. മാധ്യമങ്ങളിൽ ഈ വാർത്ത നിറഞ്ഞതോടെ കുട്ടിയേയും കൊണ്ട് കടക്കാൻ ചാക്കയിലും പ്രതികൾക്ക് കഴിയാതെ പോയി. അങ്ങനെ മാധ്യമ കരുതലിൽ ഒരു തട്ടിക്കൊണ്ടു പോകൽ ശ്രമം കൂടി പൊളിഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ കുട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തട്ടിക്കൊണ്ട പോയവർ പിടിക്കപ്പെടുന്നതിനു മുൻപ് കുട്ടിയെ തിരികെനൽകി.

ഓയൂരിൽ തട്ടിക്കൊണ്ടു പോകലിൽ നിരവധി സംശയങ്ങൾ ഉയർന്നിരുന്നു. നരബലി, അവയവ മാഫിയ, കുട്ടിയെ കടത്തൽ മാഫിയ എന്നിവയെല്ലാം സംശയ നിഴലിലായി. ഇതിനെല്ലാം വേണ്ടി സംഘങ്ങൾ സജീവമാണെന്ന വിലയിരുത്തലും വന്നു. എന്നാൽ ഓയൂരിലെ അന്വേഷണം ഒറ്റ കുടുംബത്തിൽ മാത്രം ഒതുങ്ങി. അതുകൊണ്ട് തന്നെ അതിന് പിന്നിൽ മറ്റ് ഗൂഢാലോചനയുണ്ടായിരുന്നോ എന്ന് ആരും കണ്ടെത്തിയില്ല. ഇത്തരം മാഫിയകളാകാം ചാക്കയിലും കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന വിലയിരുത്തൽ ഉയരുന്നുണ്ട്.

കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തെ പൊന്തക്കാട്ടിൽനിന്നാണ് രാത്രി എട്ടു മണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്. ട്രാക്കിനു സമീപത്ത് വെള്ളമൊഴുകാത്ത ഓടയ്ക്കുള്ളിൽനിന്നാണ് കുഞ്ഞിനെ പൊലീസ് കണ്ടെടുത്തത്. ഇവിടം പൊന്തക്കാടാണ്. ഈ ഭാഗത്ത് ആൾത്താമസമില്ലെങ്കിലും എതിർഭാഗത്ത് വീടുകളുണ്ട്. കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നപ്പോൾത്തന്നെ ഇവിടെ പലതവണ പരിശോധന നടത്തിയിരുന്നു,

പൊലീസ് പല ഭാഗമായി തിരിഞ്ഞ് പരിശോധന നടത്തുന്നതിനിടയിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. മണ്ണന്തല പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെ കാട്ടിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സംഘം കുഞ്ഞുമായി ഓടിവരുന്നതാണു കണ്ടതെന്ന് സമീപവാസികൾ പറയുന്നു. തിരുവനന്തപുരത്തെ അതീവ സുരക്ഷാ മേഖലയിലെ രണ്ടര വയസ്സുകാരിയുടെ തട്ടിക്കൊണ്ടു പോകൽ ചർച്ചയാക്കുന്നത് വലിയ സുരക്ഷാ വിഷയങ്ങളാണ്. ്ര

പതിരോധ വകുപ്പിന് വേണ്ടി അത്യാധൂനിക വസ്തുക്കൾ ഉണ്ടാക്കുന്ന ബ്രഹ്‌മോസിന്റെ തൊട്ടടുത്താണ് സംഭവം. ഇതിനൊപ്പം വിമാനത്താവളത്തിന്റേയും അതിർത്തി പ്രദേശം. റെയിൽവേ ട്രാക്കും കടന്നു പോകുന്നു. ഈ റോഡ് പോകുന്നത് അതീവ സുരക്ഷ അനിവാര്യമായ വി എസ് എസ് സിയിലേക്കാണ്. ഐഎസ് ആർഒയുടെ സ്ഥാപനത്തിലേക്കുള്ള വഴി. എന്നാൽ ഈ റോഡിൽ എന്തെങ്കിലും സംഭവിച്ചാൽ അത് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ സിസിടിവി സംവിധാനം പോലും നിലവിൽ ഇല്ല. ഇതാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകൽ അന്വേഷണത്തിലും പ്രതിബന്ധമായത്.

പഴുതടച്ച സുരക്ഷ വേണ്ട ഈ മേഖലയിൽ നാടോടികൾക്ക് ടെന്റ് കെട്ടി കഴിയാനാകുന്നുവെന്നതും അതീവ ഗുരുതര വിഷയമാണ്. ആർക്ക് വേണമെങ്കിലും ഇവിടെ തമ്പടിക്കാനും പ്രവർത്തനങ്ങൾ നടത്താനും കഴിയുന്ന അവസ്ഥയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. തീവ്രവാദ ആക്രമണങ്ങളുടെ പരിധിയിൽ വരാവുന്ന വ്യവസായ സ്ഥാപനങ്ങളും ഈ പരിസരത്തുണ്ട്. ടൈറ്റാനിയവും ഉണ്ട്. ഗുണ്ടാ സംഘങ്ങളുടെ വിഹാര കേന്ദ്രമായ ഇവിടെ പൊലീസ് പെട്രോളിംഗും നാമമാത്രമാണ്.

ഇതെല്ലാം മുതലെടുത്താണ് അതീവ സുരക്ഷ വേണ്ട സ്ഥലത്ത് നാടോടികളും തമ്പടിക്കുന്നത്. റെയിൽവേ അനാസ്ഥയിൽ അവരുടെ പ്രദേശം കാടു കയറിയ അവസ്ഥയിലും. അതായാത് തിരുവനന്തപുരത്തെ അതീവ സുരക്ഷ വേണ്ട സ്ഥലത്താണ് ക്യാമറാ നിരീക്ഷണം പോലും ഇല്ലാത്തത്. സ്മാർട് സിറ്റി നിർമ്മാണങ്ങൾ കാരണമാണ് ഇതെല്ലാമെന്ന ന്യായം അധികാരികൾക്ക് പറയാമെങ്കിലും എല്ലാ മണിക്കൂറിലും നിരീക്ഷണം അനിവാര്യമായ പ്രദേശമാണ് ഇവിടം എന്ന് വ്യക്തം.