തിരുവനന്തപുരം: നാടോടി കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസിന്റേതെന്ന സൂചനയുമായി വന്ന ഡ്രോൺ കഥയടക്കം കളവോ? അറപ്പുര വട്ടക്കായലിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാത്രിയിൽ തുണി നനയ്ക്കുന്നതിന് ഇവിടെ എത്തിയ രണ്ടു സ്ത്രീകളാണ് കുട്ടിയെ കണ്ടതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. അതിന് ശേഷം പൊലീസിനെ വിവരം അറിയിച്ചത്ര. ഇതോടെ പൊലീസ് സ്ഥലത്തെത്തി കൂട്ടിയെ കൊണ്ടു പോയി. അറപ്പുരവിളാകത്തെ വട്ടക്കായൽ എന്നത് ചെറിയൊരു കുളമാണ്. ഇവിടെ ആളുകൾ കുളിക്കുകയും നനയ്ക്കുകയും എല്ലാം ചെയ്യാറുണ്ട്. രാത്രി ഇവിടേക്ക് വന്ന സ്ത്രീകളുടെ ശ്രദ്ധയിലാണ് കുട്ടികൾ പെട്ടത്. ചാക്ക ഐടിഐയുടെ പുറകു വശത്താണ് ഇത്.

കുട്ടിയെ കൊണ്ടു പോയവർ ഇവിടെ രാത്രിയോടെ കുട്ടിയെ ഉപേക്ഷിച്ചുവെന്നാണ് വിലയിരുത്തൽ. കുട്ടിയെ കണ്ടെത്തിയ ഓടയിൽ പൊലീസ് സംഘം വിശദമായ പരിശോധകളാണ് നടത്തുന്നത്. കരിക്കകം അറപ്പുര റസിഡൻസ് അസോസിയേഷൻ ഓഫീസിനു പിറകിലുള്ള ഓടയിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. ഡിസിപി നിതിൻരാജിന്റെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ, കുട്ടിയെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് കരുതാവുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അറപ്പുര റസിഡൻസ് അസോസിയേഷൻ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിലാണ് പൊലീസ് പരിശോധിക്കുന്നത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

രണ്ട് വയസായ കുട്ടിക്ക് സ്വന്തമായി എത്താൻ സാധിക്കാത്ത പ്രദേശത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അതിനാൽ കുട്ടിയെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാം എന്ന നിലയിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെത്തുന്നത്. അവിടെ ഒരു ഓടയുണ്ട്. ഇതിന് അപ്പുറത്താണ് കുട്ടി കിടന്നത്. ഇതിലേക്ക് വഴി വച്ചത് രണ്ടു സ്ത്രീകളുടെ ഇടപെടലാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകുന്നില്ല.

ഇരുട്ടുവീണ ശേഷം ആളില്ലാത്ത സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. വിവരം ലഭിച്ചതനുസരിച്ചാണോ പൊലീസ് അവിടെയെത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നു സ്ഥിരീകരിച്ചു. ഞായറാഴ്ച അർധരാത്രി മുതലാണ് കുഞ്ഞിനെ കാണാതായത്. ഒരു സ്‌കൂട്ടറിലെത്തിയ രണ്ടുപേർ കുഞ്ഞിനെ എടുത്തുകൊണ്ടുപോയെന്ന, ആറു വയസ്സുള്ള സഹോദരൻ പറഞ്ഞ വിവരം മാത്രമേ പകൽ മുഴുവൻ പൊലീസിനുണ്ടായിരുന്നുള്ളൂ.

ചാക്ക-ഓൾസെയ്ന്റ്സ് റോഡുവക്കിലെ ഒഴിഞ്ഞ പറമ്പിൽ തമ്പടിച്ചായിരുന്നു തെലുങ്കാന സ്വദേശികളായ അമർദീപ്-അമല ദമ്പതിമാർ നാലു മക്കൾക്കൊപ്പം ഉറങ്ങിയത്. റെയിൽപ്പാളത്തിനും റോഡിനുമിടയിലെ ഈ തുറസ്സായ സ്ഥലത്ത് ഒരുമിച്ചാണ് കിടന്നുറങ്ങിയത്. ടാർപ്പോളിനും വിരിപ്പുകളും വിരിച്ച നിലത്ത്് ചെറിയ കൊതുകുവലയ്ക്കുള്ളിലാണ് രണ്ടു വയസ്സുകാരി മേരി ഉറങ്ങിക്കിടന്നത്. കുഞ്ഞിനെ കാണാത്തതിനെത്തുടർന്ന് അച്ഛൻ അമർദീപ് തിങ്കളാഴ്ച രണ്ടുമണിയോടെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. അപ്പോൾ മുതൽ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന അമർദീപും കുടുംബവും വർഷത്തിൽ രണ്ടു മാസമാണ് കേരളത്തിലെത്തുന്നത്. 15 വർഷത്തോളമായി കേരളത്തിൽ വന്നുപോകാറുള്ള ഇവർ രണ്ടാഴ്ച മുൻപാണ് തിരുവനന്തപുരത്തെത്തിയത്. തെലങ്കാന ബാസ്തി ദേവിനഗർ സ്വദേശികളാണെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. മേരിയെക്കൂടാതെ മൂന്ന് ആൺകുട്ടികൾകൂടി ഈ ദമ്പതിമാർക്കുണ്ട്. ഇവർ ബീഹാറികളാണെന്നും എന്നാൽ തെലങ്കാനയിലാണ് സ്ഥിര താമസമെന്നും സൂചനയുണ്ട്.

കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തെ പൊന്തക്കാട്ടിൽനിന്നാണ് രാത്രി എട്ടോടെ കുഞ്ഞിനെ കണ്ടെത്തിയത്. ട്രാക്കിനു സമീപത്ത് വെള്ളമൊഴുകാത്ത ഓടയ്ക്കുള്ളിൽനിന്നാണ് കുഞ്ഞിനെ പൊലീസ് കണ്ടെടുത്തത്.ഇവിടം പൊന്തക്കാടാണ്. ഈ ഭാഗത്ത് ആൾത്താമസമില്ലെങ്കിലും എതിർഭാഗത്ത് വീടുകളുണ്ട്. കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നപ്പോൾത്തന്നെ ഇവിടെ പലതവണ പരിശോധന നടത്തിയതാണെന്ന് നാട്ടുകാർ പറയുന്നു.