തിരുവനന്തപുരം: കടുത്ത ആശങ്കകൾക്ക് ഒടുവിലാണ് തട്ടിക്കൊണ്ടു പോയ രണ്ടു വയസുകാരിയെ പൊലീസിന് കണ്ടെത്താൻ സാധിച്ചത്. 19 മണിക്കൂറോളം സമയം കേരളം മുൾമുനയിൽ നിൽക്കുകയായിരുന്നു. കൊല്ലത്തെ ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്താൻ കേരളാ സമൂഹം പുലർത്തിയ ജാഗ്രതയ്ക്ക് സമാനം ഇതരസംസ്ഥാന പെൺകുഞ്ഞിന് വേണ്ടിയും മലയാളികൾ ജാഗ്രത പുലർത്തി. ഇതോടെ തട്ടിക്കൊണ്ടു പോയവർ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.

നടന്നത് നടത്തിക്കൊണ്ടു പോകലാണെന്നും പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചെന്നുമാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം പ്രതിയിലേക്ക് പൂർണമായും പൊലീസ് എത്തിയിട്ടുമില്ല. അന്വേഷണം മുറുകിയതോടെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമം എന്നാണ് നിഗമനം. ഇനി അറിയേണ്ടത് ആരാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നും എന്തിനാണ് എന്നുമാണ്.

കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ പ്രതികൾ ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നാണ് നിഗമനം. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പ്രശ്‌നങ്ങൾ കാണുന്നില്ലെന്ന് ഡി.സി.പി നിതിൻ രാജ് പറഞ്ഞു. ജറൽ ആശുപത്രിയിൽ പരിശോധന നടത്തിയതിന് ശേഷം എസ്എടി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്.

നാട്ടുകാരാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാര്യം പൊലീസിൽ അറിയിച്ചത്. തലസ്ഥാനത്ത് മുഴുവനായി പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണങ്ങൾക്കൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ആരാണെന്ന് വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കുട്ടി എങ്ങനെ ഓടയിൽ എത്തി എന്നതിനെ കുറിച്ചാണ് ഇനി അറിയേണ്ടത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ ആരെങ്കിലും ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നും നാട്ടുകാർ പറഞ്ഞു. സമാനമായ സംഭവമാണ് കൊല്ലത്തും നടന്നത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്.

പുലർച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികിൽ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെൺകുട്ടി. നാടോടി സംഘം റോഡരികിൽ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവർ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരുപകൽ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോൾ സ്‌കൂട്ടറിൽ രണ്ടുപേർ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാർ പറയുന്നത്.

തിരുവനന്തപുരം പേട്ടയിൽ റോഡരികിൽ വർഷങ്ങളായി താമസിക്കുന്നവരാണ് ദമ്പതിമാർ. ദീർഘകാലമായി ഹൈദരാബാദിലായിരുന്ന ഇവർ ഏതാനും വർഷംമുൻപ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആൺകുട്ടികളടക്കം നാലുകുട്ടികളാണ് ഇവർക്ക്. പൊലീസ് വ്യാപകമായ പരിശോധനയാണ് കുഞ്ഞിനായി നടത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ ബ്രഹ്മോസിന് സമീപം ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.