തിരുവനന്തപുരം: തിരുവനന്തപുരത്തെ അതീവ സുരക്ഷാ മേഖലയായ ചാക്കയിൽ നിന്നും കാണാതായ രണ്ട് വയസുകാരിക്ക് എന്താണ് സംഭവിച്ച് എന്നറിയാനുള്ള അന്വേഷണം തുടരുന്നു. കാണാതായ രണ്ട് വയസുകാരിക്ക് രാവിലെ മുതൽ ഭക്ഷണവും വെള്ളവും കൊടുത്തില്ലെന്ന് സംശയം. വൈകിട്ട് എസ്എടി ആശുപത്രിയിൽ വച്ച് കുട്ടിക്ക് ഭക്ഷണവും വെള്ളവും കൊടുത്തെങ്കിലും കുഞ്ഞ് ഛർദ്ദിച്ചു. ഇതോടെ കുഞ്ഞിന് ഡ്രിപ് ഇട്ടിരിക്കയാണ്.

ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. നിർജ്ജലീകരണം കുട്ടിക്ക് ഉണ്ടായിട്ടുണ്ട്. കുഞ്ഞ് ഭയന്നിട്ടുണ്ട്. കൂടുതൽ സംസാരിക്കാത്ത സ്ഥിതിയുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെങ്കിലും കുട്ടിയുടെ മാനസിക ആരോഗ്യവും വീണ്ടെടുക്കേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നു. കുട്ടിക്ക് നിർജ്ജലീകരണം സംഭവിച്ചതിനാൽ കുഞ്ഞ് പ്രദേശത്തു തന്നെ ഉണ്ടായിരുന്നു എന്ന നിഗമനങ്ങളും പുറത്തുവരുന്നുണ്ട്. എങ്ങനെയാണ് കുട്ടി അവിടെ എത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.

കുട്ടിയെ പീഡിയാട്രിക് ഗൈനക്കോളജി, പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധർ കുഞ്ഞിനെ പരിശോധിച്ചു. ആഹാരം കഴിക്കാത്ത പ്രശനങ്ങൾ മാത്രമാണ് കുഞ്ഞിനുള്ളതെന്ന് കുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ച മന്ത്രി വീണ ജോർജ്ജും പറഞ്ഞു. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കും. കുട്ടിയുടെയും സഹോദരങ്ങളുടെയും സംരക്ഷണം സംബന്ധിച്ച് ആശയ വിനിമയം നടത്തും. മികച്ച നിലയിൽ അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തിയ കേരളാ പൊലീസിനെ അഭിനന്ദിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

19 മണിക്കൂറിലധികം നീണ്ടുനിന്ന അന്വേഷണങ്ങൾക്കൊടുവിലാണ് തിരുവനന്തപുരം ചാക്കയിൽ നിന്ന് കാണാതായ രണ്ടു വയസുകാരിയെ കൊച്ചുവേളി റെയിൽവെ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെത്തിയത്. ഇതിനിടെ, ഡീഹൈഡ്രേഷൻ മാത്രമാണുള്ളതെന്നും മറ്റു പരിക്കുകളൊന്നുമില്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അറിയിച്ചു. മണ്ണന്തല എസ്എച്ച്ഒ ബിജു കുറുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.

അതേസമയം കുഞ്ഞിനെ തിരിച്ചുകിട്ടിയതോടെ നിറകണ്ണുകളോടെ മാതാപിതാക്കൾ എല്ലാവർക്കും നന്ദി പറഞ്ഞു. 'എന്റെ കുഞ്ഞിനെ കിട്ടി, കേരള പൊലീസിന് നന്ദി', നിറഞ്ഞൊഴുകിയ കണ്ണുകളോടെ കൈകൂപ്പി ആ പിതാവ് പറഞ്ഞു. വേറെ എന്തുപറയണമെന്നറിയാതെ ആ മാതാവ് ചുറ്റുമുള്ള എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. നേരിട്ടും മാധ്യമങ്ങളിലൂടെയും ആ ദൃശ്യങ്ങൾ കണ്ടുനിന്ന എല്ലാവരിലും പതിയെ ആശ്വാസം നിറഞ്ഞു.

19 മണിക്കൂർ നീണ്ട ആശങ്കകൾക്ക് വിരാമമിട്ട് ഒടുവിൽ പൊലീസ് കുഞ്ഞിനെ കണ്ടെത്തി. നഷ്ടപ്പെട്ടയിടത്തുനിന്നും അധികം അകലെയല്ലാതെ ബ്രഹ്മോസിന് സമീപത്തെ ഓടയിൽ നിന്നാണ് പൊലീസ് അവളെ കണ്ടെത്തിയത്. കുണ്ടുംകുഴിയും നിറഞ്ഞ്, കുറ്റിച്ചെടികളും മരങ്ങളും തിങ്ങിവളരുന്ന, നടപ്പാതപോലുമില്ലാത്ത ആ സ്ഥലത്ത് കുട്ടി എങ്ങനെയെത്തി എന്നതിൽ ദുരൂഹത നിലനിൽക്കുമ്പോഴും പരിക്കൊന്നുമേൽക്കാതെ കുട്ടിയെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കളും നാട്ടുകാരും പൊലീസും.

കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നത് സംബന്ധിച്ച അന്വേഷണം തുടരുമെന്ന് തിരുവനന്തപുരം എ.സി.പി. നിധിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു. വൈകാതെ ആ വാർത്തയും അറിയാനാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. തിങ്കളാഴ്ച പുലർച്ചെയോടെയാണ് പേട്ടയിൽ റോഡരികിൽ കഴിയുന്ന ബിഹാർ സ്വദേശികളായ നാടോടി ദമ്പതിമാരുടെ കുഞ്ഞിനെ കാണാതായത്.

ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് ആദ്യം നടത്തിയിരുന്നതെങ്കിലും വൈകുന്നേരത്തോടെ അന്വേഷണത്തിന്റെ സ്വഭാവം മാറി. ഡ്രോൺ ഉപയോഗിച്ചുവരെ പൊലീസ് അന്വേഷണം തുടങ്ങി. വിവിധ ടീമുകളായി നഗരം മുഴുവൻ പൊലീസ് അരിച്ചുപെറുക്കി. വിവിധ സ്ഥലങ്ങളിലേക്ക് പോയ അന്വേഷണ സംഘങ്ങൾ നിരാശരായി സ്റ്റേഷനിലേക്ക് എത്തിത്തുടങ്ങിയതോടെ പൊലീസുകാരും വിഷമത്തിലായി.

ഇരുട്ടിത്തുടങ്ങിയതോടെ എല്ലാവരും നിരാശയിലേക്ക് കൂപ്പുകുത്തിത്തുടങ്ങിയ സമയത്താണ് പ്രത്യാശയുടെ നാളം പോലെ ആ വാർത്ത എത്തിയത്. ബ്രഹ്മോസിന് പുറകിലുള്ള ഓടയിൽ നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. നേരത്തേ പരിശോധിച്ച സ്ഥലമായിരുന്നിട്ട് കൂടി ഒന്നുകൂടി അവിടെ തിരച്ചിൽ നടത്താൻ പൊലീസിന് തോന്നിയതിന് നന്ദി. തങ്ങൾ കണ്ടെത്തുമ്പോൾ ആരോ കൊണ്ട് കിടത്തിയ നിലയിലായിരുന്നു കുട്ടിയെന്ന് പൊലീസ് പറയുന്നു. പ്രത്യക്ഷത്തിൽ പരിക്കുകൾ ഒന്നുമില്ലായിരുന്നെങ്കിലും അവളെയും വാരിയെടുത്ത് പൊലീസ് ആശുപത്രിയിലേക്ക് ഓടി.

ഏഴരയോടെ കുട്ടിയെ കണ്ടെത്തിയതായുള്ള പൊലീസിന്റെ സ്ഥിരീകരണം വന്നു. കേരളക്കരയാകെ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. ഒരു രാത്രി മുഴുവൻ കേരളം ഉറക്കമിളച്ച് കാത്തിരുന്ന അബിഗേൽ സാറയുടെ മുഖമായിരുന്നു എല്ലാവരുടേയും മനസിൽ. അവളെ കണ്ടെത്തിയതുപോലെ ഈ കുഞ്ഞിനേയും കണ്ടെത്തി എന്ന ശുഭവാർത്തയ്ക്കായി അവർ കാത്തിരുന്നു. ഒടുവിൽ ഈ കുഞ്ഞിനേയും സുരക്ഷിതയായി തിരികെ കിട്ടുമ്പോൾ മലയാളികൾ ഒന്നടങ്കം അതിന്റെ ആശ്വാസം പങ്കിടുകയാണ്.