പാലക്കാട്: കല്ലടിക്കോട് കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളിയിൽ നിന്ന് 8 ലക്ഷം രൂപ നഷ്ടപ്പെട്ടത് കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു. പള്ളിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് പട്ടാപ്പകൽ കവർന്നത്. തെളിവൊന്നും ശേഷിക്കാത്ത മോഷണം പൊലീസിനെ ഒരു പാട് വലച്ചു. ഒടുവിൽ പള്ളികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നവരുടെ ചിത്രവുമായി ലിറ്റിൽ ഫ്ളവർ ആരാധനായലയത്തിൽ എത്തിയ സി ഐ എസ് അനീഷിനോടു ചിത്രത്തിൽ ഒരാള കാണിച്ച് ഫാദർ പറഞ്ഞു ഇയാൾ ഇവിടെ വന്നിരുന്നു. അങ്ങനെ ചിത്രത്തിൽ കണ്ട ആൾക്കു വേണ്ടിയായി അന്വേഷണം.

അലക്സ് സൂര്യ എന്ന കുപ്രസിദ്ധ മോഷ്ടാവ് പള്ളിയിലെത്തി രാവിലെ അച്ചനെ കണ്ടിരുന്നു. കൈ മുത്തി കുറച്ചു നേരം സംസാരിച്ച് പത്രം വായിച്ചു മടങ്ങിയ അലക്സ് സൂര്യ കുർബാന സമയത്താണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. എന്നാൽ അലക്സ് സൂര്യ എവിടെയെന്ന് മാത്രം കണ്ടെത്താൻ പൊലീസിന് ആയില്ല. തിരഞ്ഞ് തിരഞ്ഞ് ഒടുവിൽ ഗോവ സെൻട്രൽ ജയിലിൽ പ്രതി ഉണ്ടെന്ന് മനസിലാക്കി വാറണ്ടുമായി കല്ലടിക്കോട് പൊലീസ് ഗോവയ്ക്ക് വണ്ടി കയറി. ഗോവയിൽ എത്തിയപ്പോഴാണ് അലക്സ് സൂര്യയുടെ യഥാർത്ഥ മുഖം കല്ലടിക്കോട് പൊലീസ് അറിയുന്നത്. കേരളത്തിൽ പള്ളികൾ കേന്ദ്രീകരിച്ചു മോഷണം, കേരളം വിട്ടാൽ ആറു ഭാഷകൾ സംസാരിക്കുന്ന ലഹരിക്കടത്തുകാരൻ.

ലഹരിക്കടത്ത് കേസിലാണ് അലക്സ് സൂര്യ (39) ഗോവയിൽ ജയിലിൽ ആയത്. വാറണ്ട് ഹാജരാക്കി ഇയാളെ കല്ലടിക്കോട് പൊലീസ് കരിമ്പയിലെത്തിച്ചു തെളിവെടുത്തു. ആറു ഭാഷകൾ അറിയുന്ന പ്രതി ഗോവ, ഹിമാചൽ പ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ലഹരിക്കടത്തു കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണു മോഷണം നടന്നത്. കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളി നവീകരണത്തിനും സഹായപ്രവർത്തനങ്ങൾക്കുമായി സമാഹരിച്ച തുകയായിരുന്നു പ്രതി മോഷ്ടിച്ചത്. പ്രതിയുടെ വിലാസം പരിശോധിച്ച പൊലീസ് ഞെട്ടി. ഗോവയിൽ ന്ലകിയിരിക്കുന്നതും കൃത്യമായ വിലാസമല്ല.

പൊലീസ് അന്വേഷണത്തിൽ അലക്സ് സൂര്യക്ക് അഡ്രസേ ഇല്ല. കുട്ടിക്കാലത്ത് അനാഥ മന്ദിരത്തിലാണ് കഴിഞ്ഞത്. ആലപ്പുഴയിലെയും എറണാകുളത്തെയും അനാഥാലയങ്ങളിൽ അന്തേവാസി ആയിരുന്നു. ഇവിടുന്ന് ചാടിയാണ് മോഷണം തുടങ്ങിയത്. അതും പള്ളികൾ കേന്ദ്രീകരിച്ച്. ആലപ്പുഴയിൽ ഒരിടത്തും കൊച്ചിയിൽ ഒരു ചേരി പ്രദേശത്തും വാടകയ്ക്ക് കുറച്ചു ദിവസം കഴിഞ്ഞുവെന്നല്ലാതെ പറയത്തക്ക അഡ്രസോ ബന്ധുക്കളോ അലക്സ് സൂര്യയ്ക്ക് ഇല്ല. അതു കൊണ്ട് തന്നെ ആധാർ കാർഡോ മൊബൈൽ ഫോണോ പോലും ഇല്ല.

എന്നാൽ, വടക്കു കിഴക്കൻ സംസംസ്ഥാനങ്ങളിലെ ലഹരിക്കടത്തു ശൃംഖലയിലെ ഒരു കണ്ണി അല്കസ് സൂര്യയാണ്. ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കുന്ന ആരെയും വിഴ്‌ത്തുന്ന പ്രകൃതം. ആ പ്രകൃതത്തിലാണ് കരിമ്പ ലിറ്റിൽ ഫ്ളവർ പള്ളിയിലെ അച്ഛനും വീണു പോയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഗോവയിലെ ജയിലിലേക്കു ഇന്ന് തിരികെ കൊണ്ടുപോയി..ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈഎസ്‌പി വി.എ.കൃഷ്ണദാസ് എന്നിവരുടെ നിർദ്ദേശപ്രകാരം കല്ലടിക്കോട് എസ്എച്ച്ഒ എസ്.അനീഷ് കണ്ണമ്പ്ര, എസ്ഐ ഡൊനിക് ദേവരാജ്, എഎസ്ഐ ബി.ഷരീഫ്, പി.എം.മുഹമ്മദ് സനീഷ്, ഹാരിസ് മുഹമ്മദ്, എ.സെയ്ഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ എത്തിച്ചു തെളിവെടുപ്പു നടത്തിയത്.