കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയുടെ സമീപത്തുള്ള വീട്ടിൽ സംശയാസ്പദമായ നിലയിൽ, ഒരാൾ നിൽക്കുന്നതായി വിവരം ലഭിച്ചതനുസരിച്ചാണ് സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തിയത്.
പൊലീസ് എത്തുമ്പോൾ വീടിന്റെ മുൻഭാഗം തുറന്ന് കിടക്കുന്നുണ്ടായിരുന്നു. പൊലീസ് എത്തിയത് കണ്ട് അവിടെ നിന്ന് തന്ത്രത്തിൽ മാറി രക്ഷപ്പെടാനായി പ്രതി ഓടി. ഇത് കണ്ട പൊലീസ് ഇയാളെ പിന്തുടർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സമീപത്ത് ഉള്ള ഏതാനും വീടുകളിൽ ഇയാൾ വാതിൽ പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ചിരുന്നതായി മനസ്സിലായി. പൊലീസ് പിടികൂടിയപ്പോൾ കേൾവി ഇല്ലാത്തതും സംസാരശേഷിയില്ലാത്തതുമായ ആളെ പോലെ അഭിനയിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ അഭിനയം പുറത്തായത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒഡീഷ സ്വദേശിയായ പ്രകാശ് കുമാർ സാഹു (38) ആണെന്ന് മനസിലായത്.

ആന്ധ്ര ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവാണ് പ്രകാശ് കുമാർ സാഹു @ സന്തോഷ് കുമാർ സാഹു എന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോ രേഖകൾ പരിശോധിച്ചപ്പോൾ പൊലീസിന് മനസ്സിലായി. ഏതാനും ആഴ്ചകളായി കേരളത്തിലെ തന്നെ വിവിധ ജില്ലകളിൽ മോഷണ പരമ്പരകൾ തന്നെ നടത്തിവരുന്ന അന്താരാഷ്ട്ര മോഷ്ടാവാണ് പിടിയിലായത്..

മുമ്പ് തെലുങ്കാനയിലും ഗോവയിലും മറ്റു കോടിക്കണക്കിന് രൂപയും , സ്വർണ്ണവും കവർന്ന കേസിലെ പ്രതിയാണ്. ഇവിടെയെല്ലാം തന്നെ പ്രതിക്കെതിരെ കേസുണ്ട്. പൂട്ടി കിടക്കുന്ന വീട്ടിന് മുന്നിൽ എത്തി മുൻവാതിൽ തല്ലി തകർത്ത് കയറുന്നതാണ് ഇയാളുടെ മോഷണ രീതി, മോഷണ മുതലും കൊണ്ട് മുൻ വാതിൽ വഴി തന്നെ പുറത്തിറങ്ങും. ഇതാണ് രീതി. ക്ഷത്രിയ വംശനായ പ്രകാശ് കുമാർ സാഹു സ്‌കൂൾ പഠന കാലത്താണ് മോഷണത്തിലേക്ക് തിരിയുന്നത്. വിഗ്രഹ മോഷണം അടക്കം നിരവധി കേസുകൾ ദക്ഷിണേന്ത്യയിൽ തന്നെ ഇയാൾക്കെതിരെയുണ്ട്.

മരട് സ്റ്റേഷനിൽ വാഹന മോഷണവും എൽഐസി ഓഫീസ് കുത്തിത്തുറന്ന് പണം അപഹരിച്ച കേസും, ആലപ്പുഴ സൗത്ത് സ്റ്റേഷൻ പരിധിയിൽ വീട് കുത്തി തുറന്ന് മോഷണവും, കൊല്ലം സ്റ്റേഷൻ പരിധിയിൽ ഒരു വീട്ടിൽ നിന്ന് 17 പവൻ മോഷണം ചെയ്ത കേസും ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽനിന്ന് പണം മോഷണം ചെയ്ത കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.

മൂന്നാഴ്ച മുമ്പ് നടന്ന സ്റ്റേഡിയം കൊലപാതകത്തിലെ പ്രതിയെ പിടികൂടിയ ദിവസമാണ് അന്തർ സംസ്ഥാന മോഷ്ടാവിനെയും കൊച്ചി സിറ്റി പൊലീസ് വലയിലാക്കിയത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ എസ് ജയകുമാറിന്റെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള അനേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സാബു, മഹേഷ്, അനൂപ് ചാക്കോ ജോഷി സീനിയർ പൊലീസ് ഓഫീസർ സജി, കലേഷ് സിവിൽ പൊലീസ് ഓഫീസർ സജി എന്നിവർ ഉണ്ടായിരുന്നു