കൊല്ലം: മൊബൈൽ ഫോണിൽ യൂട്യൂബ് റീൽസ്കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ തമിഴ്‌നാട് സ്വദേശിയായ കൊത്ത് പണി ത്തൊഴിലാളിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് നീണ്ടകര. നീണ്ടകര പുത്തൻതുറയിൽ നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിനുള്ളിൽ വ്യാഴാഴ്ച അർദ്ധരാത്രിയാണു സംഭവം നടന്നത്.

മധുര ഇല്യാസ് നഗർ ബോധി ഡെയ്ൽ ബാലാജി അപ്പാർട്‌മെന്റിൽ മഹാലിംഗം (54) ആണു കൊല്ലപ്പെട്ടത്. മഹാലിംഗത്തോടൊപ്പം ക്ഷേത്രത്തിൽ ജോലി ചെയ്തു വന്ന കോട്ടയം കറുകച്ചാൽ താഴത്തു പറമ്പിൽ ബിജു(38)വിനെ അറസ്റ്റ് ചെയ്തു ചവറ പൊലീസ് റിമാന്റിലാക്കി. അടുത്ത ദിവസം വിശദമായ ചോദ്യം ചെയ്യലിനും കൂടുതൽ തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ചവറ പൊലീസ് ബിജുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

ബിജുവിന് കരാറുകാരൻ പുതിയതായി വാങ്ങി നൽകിയ ഫോണിൽ യൂട്യൂബ് റീൽസ്കാണുന്നതിനെച്ചൊല്ലി വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. തമിഴ് റീൽസ് ഇടാത്തതിനെ മഹാലിംഗം ചോദ്യം ചെയ്തത് ബിജുവിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന്, പുലർച്ചെ ഒന്നോടെ മഹാലിംഗത്തിന്റെ തലയിൽ ബിജു കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു. 2 മണിയോടെ ബിജു തന്നെ ആംബുലൻസ് വിളിച്ചു വരുത്തി.

മൃതദേഹം കണ്ട ആംബുലൻസ് ജീവനക്കാരാണു പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി ക്ഷേത്രത്തിലുണ്ടായിരുന്ന 3 നിർമ്മാണ ജോലിക്കാരെയും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ ബിജു കുറ്റം സമ്മതിച്ചു. അനാഥനായ ബിജു വർഷങ്ങളായി ക്ഷേത്ര പണി ചെയ്യുന്ന ആളാണ്. മഹാലിംഗം കരാറുകാരൻ വിളിക്കുന്ന പ്രത്യേക കൊത്തുപണികൾക്ക് എത്തി അത് ചെയ്തു മടങ്ങുകയാണ് പതിവ്. ഇവിടെത്തെ പണിക്കാർക്കെല്ലാം സാധാ കീപാഡ് ഫോണാണ് ഉള്ളത്.

രാത്രിയിലും വിശ്രമവേളകളിലും തൊഴിലാളികളുടെ ബോറടി മാറ്റാനാണ് കരാറുകാരൻപുതിയ ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകിയത്.
പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മഹാലിംഗത്തിന്റെ മൃതദേഹം മധുരയിലേക്കു കൊണ്ടുപോയി.ഇന്നലെ വൈകിട്ടു ബിജുവിനെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി. തലയ്ക്കടിച്ച കമ്പി സമീപത്തെ പുരയിടത്തിൽ നിന്നു കണ്ടെത്തി. മുൻപും മൊബൈൽ ഫോണിനെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. മഹാലിംഗത്തിന്റെ ഭാര്യ: മുരുകേശ്വരി. മകൾ: കീർത്തി. ഇൻസ്‌പെക്ടർ യു.പി.വിപിൻ കുമാർ, എസ്‌ഐമാരായ എ.നൗഫൽ, ഗ്രേഷ്യസ്, ഗോപാലകൃഷ്ണൻ, സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ ബി.സുനിൽ, എഎസ്‌ഐമാരായ അനിൽകുമാർ, റഊഫ്, എസ്സിപിഒമാരായ ജയകൃഷ്ണൻ, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.