കോഴിക്കോട്: ഒരാളുടെ മൃതദേഹം മറ്റൊരാളുടേതാണെന്ന് പറഞ്ഞ് സംസ്‌ക്കരിക്കുക. അതിനുശേഷം ഡിഎൻഎ പരിശോധനയിൽ ആള് മാറിയെന്ന് സ്ഥിരീകരിക്കപ്പെടുക. പക്ഷേ അപ്പോഴും മരിച്ചെന്ന് കരുതിയ ആൾ കാണാമറയത്ത് തുടരുക. സിനിമാക്കഥകളോട് കിടപിടിക്കുന്ന ചില സംഭവങ്ങൾക്കാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നാദാപുരം മേഖല സാക്ഷിയായത്. പക്ഷേ ഇന്നലെ കാണാതായ ആളെ ഗോവയിൽനിന്ന് പൊലീസ് കണ്ടെത്തിയതോടെ ഈ മൃതദേഹ മാറ്റ വിവാദങ്ങൾക്ക് തിരശീല വീഴുകയാണ്.

മേപ്പയ്യൂരിൽനിന്ന് എട്ടുമാസംമുമ്പ് കാണാതായ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിനെ (36) മാസങ്ങൾനീണ്ട അന്വേഷണത്തിനുശേഷമാണ് ഇന്നലെ ഗോവയിൽ കണ്ടെത്തിയത്. സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ പന്തിരിക്കര സൂപ്പിക്കടയിലെ ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി മാറി സംസ്‌കരിച്ചത് നേരത്തേ വിവാദമായിരുന്നു. തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹമാണ് ഏറ്റുവാങ്ങി സംസ്‌കരിച്ചിരുന്നത്.

ഇർഷാദിന്റെ കേസന്വേഷണത്തിനിടെ ഡി.എൻ.എ. പരിശോധനയിലാണ് മരിച്ചത് ദീപക്കല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന്, ദീപക്കിനെ കണ്ടെത്താനായി നാദാപുരം കൺട്രോൾ റൂം ഡിവൈ.എസ്‌പി. അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. മാസങ്ങൾപിന്നിട്ടിട്ടും ദീപക്കിനെ കണ്ടെത്താൻ കഴിയാതെവന്നതോടെ അമ്മ ശ്രീലത ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. തുടർന്നാണ് മൂന്നുമാസംമുമ്പ് സർക്കാർ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഗോവൻ പൊലീസിന്റെയും സിഐ.ഡി.യുടെയും സഹായത്തോടെ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഗോവയിലെ മഡ്ഗാവിൽനിന്ന് ദീപക്കിനെ കണ്ടെത്തിയത്.

ഗോവയിലെ പൊലീസ് സ്റ്റേഷനിലുള്ള ദീപക്കിനെ കേരളത്തിലേക്കെത്തിക്കാനായി ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച വൈകീട്ട് പുറപ്പെട്ടതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ആർ. ഹരിദാസ് പറഞ്ഞു. ദീപക്ക് താമസിച്ചുവരുന്ന ലോഡ്ജിൽ നൽകിയ ആധാർകാർഡ് കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണമാണ് കണ്ടെത്താൻ സഹായിച്ചത്. ഇയാളുടെ ഫോട്ടോ ഗോവൻപൊലീസ് ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. ഇതുംകൂടി പരിശോധിച്ചാണ് ദീപക്കാണെന്ന് സ്ഥിരീകരിച്ചത്. ഇയാളെ ചോദ്യംചെയ്താലേ തിരോധാനത്തിലെ ദുരൂഹത നീങ്ങൂ. എന്തിനാണ് ദീപക് ഇത്രയും കാലം ഒളിച്ച് താമസിച്ചത് എന്നത് ഇപ്പോഴും ദുരൂഹമാണ്.

ജൂൺ എഴിനാണ് ദീപക് വിസയുടെ ആവശ്യത്തിനെന്നുപറഞ്ഞ് എറണാകുളത്തേക്ക് പോയത്. അന്നുരാത്രി അമ്മ ശ്രീലതയെ വിളിച്ചിരുന്നു. പിന്നീട് വിളിയുണ്ടായില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും മകൻ തിരികെവരാത്തതിനാൽ മേപ്പയ്യൂർ പൊലീസിൽ അമ്മ പരാതിനൽകി. ജൂലായ് 17-ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയപ്പോൾ കോസ്റ്റൽ പൊലീസ് ദീപക്കിന്റെ ബന്ധുക്കളെ വിവരമറിയിച്ചു. ദീപക്കിന്റെ രൂപസാദൃശ്യമുള്ള മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി പിറ്റേദിവസം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഡി.എൻ.എ. പരിശോധനാഫലം ഓഗസ്റ്റ് ആദ്യം ലഭിച്ചപ്പോഴാണ് ദീപക്കല്ലെന്ന് വ്യക്തമായത്.

വിനയായത് രൂപ സാദൃശ്യം

സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കണ്ടെത്താനുള്ള കേസന്വേഷണത്തിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇർഷാദിന്റെ ഉപ്പയുടെയും ഉമ്മയുടെയും ഡി.എൻ.എ. ഫലവും തൊട്ടുപിന്നാലെ പരിശോധിച്ചു. കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹവുമായി സാമ്യമുണ്ടെന്ന് ഇതിൽ തെളിഞ്ഞു. ഇതോടെയാണ് മൃതദേഹം മാറിസംസ്‌കരിച്ചുവെന്ന് ഉറപ്പായത്.

ഒറ്റ നോട്ടത്തിലും, തൂക്കത്തിലും, ആകാരത്തിലുമെല്ലാം ഇരുവരും തമ്മിലുള്ള സാമ്യമാണ് വിനയായത്. രണ്ട് പേരെയും കാണാതാകുന്നത് ഒരേ സമയത്തായിരുന്നു. ഇതിനിടെയാണ് ദീപക്കിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ചിരുന്നു.ദീപക്കിന്റെ അമ്മ, അനിയത്തിയുടെ ഭർത്താവ്, അച്ഛന്റെ അനിയന്മാർ, സുഹൃത്തുക്കൾ എന്നിവരാണ് മൃതദേഹം 'തിരിച്ചറിഞ്ഞത്'. ഇതോടെ മൃതദേഹം പരിശോധനകളും പോസ്റ്റ്‌മോർട്ടവും നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ഇവർ ഹൈന്ദവാചാര പ്രകാരം മൃതദേഹം സംസ്‌ക്കരിക്കയും ചെത്തു. ഇതിനിടെ ചിലർ മൃതദേഹം ദീപക്കിന്റേതാണോ എന്ന സംശയവും ഉയർത്തുകയുണ്ടായി. ഈ സംശയത്തെ തുടർന്ന് ഡിഎൻഎ സാമ്പിളുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ ഡിഎൻഎ പരിശോധനാ ഫലം വന്നതോടെയാണ് സത്യം തെളിഞ്ഞത്. ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്.

ഇതോടെ ഇർഷാദിന്റെ കുടുംബത്തിന് മതാചാര പ്രകാരം സംസ്‌ക്കരിക്കാൻ മൃതദേഹം പോലും ലഭിക്കാത്ത അവസ്ഥയുമായി. ഇർഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് ബന്ധുക്കൾക്ക് കൈമാറി കിട്ടിയത്. ദീപക്കിന്റെ കുടുംബമാകട്ടെ മകൻ എവിടെ പോയി എന്നറിയാത്ത ആശങ്കയിലുമായി. കഴിഞ്ഞ ജൂൺ ആറിനാണ് മേപ്പയൂർ സ്വദേശി ദീപക്കിനെ കാണാതാവുന്നത്. മുമ്പും വീട് വിട്ടുപോയ ചരിത്രമുള്ളതിനാൽ ദീപക്കിന്റ ബന്ധുക്കൾ പരാതി നൽകാൻ ഒരു മാസം വൈകി. ജൂലൈ ഒമ്പതിന് മേപ്പയൂർ പൊലീസിൽ പരാതി നൽകി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തിയത്.

ഇർഷാദിന് സംഭവിച്ചത്

സ്വർണ്ണക്കടത്ത് കരിയാർ ആയ ഇർഷാദിനെ സ്വർണം നഷ്ടപ്പെടുത്തിയെന്ന കാരണം ചുമത്തി കൊടുവള്ളി കേന്ദ്രീകരിച്ച മാഫിയ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ദുബായിൽ നിന്ന് കഴിഞ്ഞവർഷം മെയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈ ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. വൈത്തിരിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ഇർഷാദിനെ തട്ടിക്കൊണ്ടു പോയത് മൂന്നുപേർ പിന്നീട് പിടിയിൽ ആയി. ഇവരുടെ മർദനം സഹിക്കാനാവാതെ, കോഴിക്കോട് -അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തിൽനിന്ന് ജൂലൈ 16 ന് രാത്രിയിൽ ചുവന്ന കാറിൽനിന്ന് പുഴയിലേക്ക് ചാടി ഇർഷാദ് മരിക്കയായിരുന്നു.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്ത് സംഘങ്ങളാണ് ഇർഷാദിന്റെ കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും സ്വർണ്ണക്കടത്തും, തട്ടിക്കൊണ്ടുപോകലുമായി ഈ മേഖലയിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 916 നാസറെന്നറിയപ്പെടുന്ന താമരശേരി കൈതപ്പൊയിൽ ചെന്നിപ്പറമ്പിൽ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സ്വർണക്കള്ളക്കടത്ത് സംഘമാണ് ഇർഷാദിനെ കൊന്നതെന്നാണ് പൊലീസ് പറയുന്നു. കേസിൽ മുഖ്യപ്രതികളായ നാലുപേർ ഇപ്പോൾ അറസ്റ്റിലാണ്.