കൊല്ലം: വിവാഹം രജിസ്റ്റർ ചെയ്യാൻ യുവാവ് എത്താത്തതിൽ മനംനൊന്ത് ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയത് കാമുകനായ പ്രതിശ്രുത വരൻ പറ്റിച്ചതു കൊണ്ടായിരുന്നു. ഈ കേസിൽ കാമുകൻ അകത്താകുകയാണ്. കൊല്ലം തുടയന്നൂർ സ്വദേശി ധന്യയാണ് (22) ആത്മഹത്യ ചെയ്തത്. കാട്ടാമ്പള്ളി സ്വദേശിയായ അഖിലാണ് കുടുങ്ങുന്നത്. പെൺകുട്ടി ഹരിജനായിരുന്നു. അഖിൽ നായർ സമുദായാംഗവും. ഇതാണ് വിവാഹം മുടങ്ങാൻ കാരണമായത്.

ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അഖിലിനെ ബെംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്ന യുവാവ് പിന്നീട് ബന്ധത്തിൽ നിന്നും പിന്മാറി. ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയത്.

തുടയന്നൂർ സ്വദേശിയായ ധന്യയും കാട്ടാംമ്പള്ളി സ്വാദേശിയായ അഖിലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഫെബ്രുവരി പതിനഞ്ചാം തീയതി ധന്യയെ കാണാതായതിനെ തുടർന്ന് കുടുംബം കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ധന്യ അഖിലിന്റെ കൂടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അഖിലിനൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് ധന്യ പൊലീസിനെ അറിയിച്ചതോടെ രജിസ്റ്റർ വിവാഹം നടത്താമെന്ന് പൊലീസ് ഇരുവരെയും അറിയിച്ചു. എന്നാൽ അഖിൽ രജിസ്റ്റർ ഓഫീസിൽ എത്തിയില്ല. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

രജിസ്റ്റർ ഓഫീസിൽ എത്താതിരുന്ന അഖിലിനെ ബന്ധപ്പെടാൻ കഴിയാതെ വന്നതിൽ മനംനൊന്താണ് ധന്യ തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ധന്യയുടെ മൃതദേഹം സംസ്‌കരിച്ചു. ഇതിനിടെ അഖിൽ ഒലിവിൽ പോയി. 23ന് ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽെവച്ച് വിവാഹം നടത്താനായിരുന്നു ധന്യയുടേയും അഖിലന്റേയും തീരുമാനം.

ഇതനുസരിച്ച് വ്യാഴാഴ്ച ബന്ധുക്കളും പൊതുപ്രവർത്തകരും പഞ്ചായത്ത് ഓഫീസിൽ കാത്തുനിന്നെങ്കിലും യുവാവ് എത്തിയില്ല. ധന്യയ്ക്ക് ഇത് തിരിച്ചടിയായിരുന്നു. തന്നെ കാമുകൻ ചതിക്കുമെന്ന് ധന്യ കരുതിയില്ല. അടുത്ത ദിവസം രാവിലെയാണ് മൃതദേഹം കണ്ടത്. ധന്യയുടെ അമ്മ വിദേശത്താണ്. അമ്മൂമ്മയ്ക്കൊപ്പമായിരുന്നു താമസം. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ധന്യയെ വിവഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ യുവാവ് സമ്മതിച്ചിരുന്നു. എന്നിട്ടും അഖിൽ വഞ്ചിച്ചു. ഇതിന് കാരണം അഖിലിന്റെ വീട്ടുകാരുടെ സമ്മർദ്ദമാണെന്ന വാദവും ശക്തമാണ്. താഴ്ന്ന ജാതിക്കാരിയെ വിവാഹം കഴിക്കുന്നതിലെ ദുരഭിമാനമാണ് അഖിലനെ കല്യാണത്തിൽ നിന്നും പിന്തിരിപ്പിച്ചതെന്നതാണ് സൂചന.