വർക്കല: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് കല്ലമ്പലം ഞാറായിക്കോണം കപ്പാംവിള കരിമ്പുവിളയിൽ ദാറുൽ അഫ്‌സൽ വീട്ടിൽ അഫ്‌സലി (33) നെതിരെ കൂടുതൽ തെളിവുകൾ സത്രീധന പീഡന കുറ്റം ആരോപിച്ച് വർക്കല പൊലീസ് അറസ്റ്റ് ചെയ്ത അഫ്‌സൽ ഇപ്പോൾ റിമാന്റിലാണ്.

വർക്കല വെട്ടൂർ റാത്തിക്കൽ മൗണ്ട് മുക്ക് ഊറ്റുകുഴി റോഡിൽ നെബീന മൻസിലിൽ ഇക്‌ബാൽ- മുംതാസ് ദമ്പതിമാരുടെ മകൾ നബീന (23) യാണ് ആത്മുഹത്യ ചെയ്തത്. കല്ലമ്പലത്തെ ഭർതൃവീട്ടിലായിരുന്നപ്പോൾ നെബീന കൊടിയ പീഡനത്തിന് വിധേയയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗൾഫുകാരനായ ഭർത്താവ് റബ്ബർ തോട്ടം വാങ്ങാൻ നെബീനയുടെ മാതാപിതാക്കൾ താമസിക്കുന്ന വീടു വിൽക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു.

ഇതിന്റെ പേരിൽ പലപ്പോഴും മർദ്ദനവും പതിവായിരുന്നു. അങ്ങനെ അടിവയറ്റിൽ നെബീനയെ ചവിട്ടിയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടായി. ഒടുവിൽകടുവാപ്പള്ളിക്കടുത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്നാണ് യുവതി അന്ന് രക്ഷപ്പെട്ടത്.
നെബീനയുടെ ശരീരത്തിൽ ബെൽറ്റ് കൊണ്ടടിച്ച പാടുകളും ബന്ധുക്കൾ കണ്ടിരുന്നു. അഫ്‌സലിന്റെ പീഡനം സഹിക്കാൻ വയ്യാതെ നെബീന അയച്ച വാട്‌സ് ആപ് വോയ്‌സും വീട്ടുകാർ പൊലീസിന് കൈമാറിയെന്നാണ് വിവരം. നിലവിൽ വർക്കല ഡിവൈഎസ്‌പിയാണ് കേസ് അന്വേഷിക്കുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന വർക്കലയിലെ പ്രവാസിയുടെ മകളാണ് നെബീന. നെബീനയ്ക്ക് ഒരു സഹോദരിയും സഹോദരനും കൂടി ഉണ്ട്.

മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി വളർത്തിയ രക്ഷിതാക്കൾ രണ്ട് പെൺമക്കളെയും നല്ല നിലയിലാണ് വിവാഹം കഴിച്ച് അയച്ചത്.
ചോദിച്ചതിലും കൂടുതൽ പൊന്നും പണവും അഫ്‌സലിന് നെബീനയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നിട്ടും സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പീഡനം പതിവായിരുന്നു. അഫ്‌സലിന്റെ നിരന്തര പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയിരിക്കുന്ന പരാതി.

ഈമാസം 11-ന് വൈകീട്ട് നാലുമണിയോടെയാണ് നബീനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നബീനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അഫ്‌സലിനെതിരേ പൊലീസ് കേസെടുത്തത്. 2019 ഓഗസ്റ്റ് നാലിനാണ് അഫ്‌സലുമായി നബീനയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം അഫ്‌സൽ വിദേശത്തേക്കു മടങ്ങി. ഇതിനിടെ സ്ത്രീധനത്തെച്ചൊല്ലി അഫ്‌സലിന്റെ മാതാവ് വഴക്കിട്ടിരുന്നതായി നബീന മാതാവിനെയും സഹോദരങ്ങളെയും അറിയിച്ചിരുന്നു. ഈ വഴക്കിന്റെ തുടർച്ചയായി ഭർത്താവും പിന്നീട് പീഡനം തുടരുകയായിരുന്നു.

കുഞ്ഞ് ജനിച്ചശേഷം അഫ്‌സൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങൾ വഷളായതെന്ന് നബീനയുടെ വീട്ടുകാർ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ അഫ്‌സൽ മദ്യപിച്ചെത്തി തന്നെ മർദിക്കുകയും നിരന്തരമായി ആക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്ന് നബീന കുടുംബത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ 10ന് രാത്രി അഫ്‌സൽ നബീനയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും നബീനയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. നബീനയുമായി ബന്ധം തുടരാൻ താത്പര്യമില്ലെന്നും ബന്ധം വേർപെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ മടങ്ങിയത്. ഇതോടെ മാനസികമായി തളർന്ന നബീനയെ അടുത്ത ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

അഫ്‌സലിന്റേയും മാതാവിന്റെയും ക്രൂരപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് നെബിനയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. നബീനയുടെ കുടുംബത്തിന്റെ പരാതിയിൽ അഫ്‌സലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം വർക്കല ഡിവൈ.എസ്‌പി. സി.ജെ.മാർട്ടിന്റെ നേതൃത്വത്തിൽ നടക്കും.