കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഇഡി ഹൈക്കോടതിയിൽ. കേസിൽ തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ. തോമസ് ഐസക്കിന് എല്ലാ വിവരങ്ങളും അറിയാം. ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുമെന്നും ഇഡി കോടതിയിൽ അറിയിച്ചു.

എന്നാൽ ഇഡിയുടെ സമൻസ് നിയവിരുദ്ധമാണെന്ന് തോമസ് ഐസക്ക് കോടതിയിൽ വാദിച്ചു. ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു. തോമസ് ഐസക്കിന്റെ ഹർജി മാർച്ച് എട്ടിന് വീണ്ടും പരിഗണിക്കും. അതേസമയം ഇഡിക്ക് മുന്നിൽ രേഖകളുമായി ഹാജരാകാമെന്ന് കിഫ്ബി അറിയിച്ചു.

കിഫ്ബി സിഇഒ ഹാജരാകില്ല, പകരം ഫിനാൻഷ്യൽ ഡിജിഎം ആകും ഹാജരാകുകയെന്നും അറിയിച്ചു. ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തുടർന്ന് ഡിജിഎം അജോഷ് കൃഷ്ണൻ ഈ മാസം 27, 28 തീയതികളിൽ ഇഡിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

നേരത്തെ ഇഡിയുടെ സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇഡിക്ക് മുന്നിൽ ഹാജരാകാൻ എന്താണ് തടസ്സമെന്നും ഐസക്കിനോട് കോടതി ചോദിച്ചു. കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ തോമസ് ഐസക്ക് ഇന്നാണ് ഹാജരാകേണ്ടിയിരുന്നത്. എന്നാൽ തോമസ് ഐസക്ക് ഹാജരായിരുന്നില്ല. ഇഡിക്ക് മുമ്പിൽ ഹാജരാകുന്നതിൽ എന്താണ് തടസ്സം. അതിൽ നിയമപരമായി എന്ത് തെറ്റാണുള്ളത്. ഇ.ഡിയുടെ മുമ്പിൽ ഹാജരാകാൻ കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം ആവശ്യം ഉണ്ടെങ്കിൽ ആ ഉത്തരവ് നൽകാമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിലപാട്.

ഇഡിക്ക് ഈ കേസ് അന്വേഷിക്കാനുള്ള നിയമപരമായ അവകാശം ഇല്ല എന്നായിരുന്നു തോമസ് ഐസക്കിന്റെ അഭിഭാഷകൻ ഉന്നയിച്ച പ്രധാനവാദം. മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരെ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ എം എബ്രഹാമുമമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഇരുവരുടെയും വാദം. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.

കിഫ്ബി മസാലബോണ്ട് കേസിലെ ഇഡി സമൻസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചിരുന്നു. പ്രാഥമിക വിവര ശേഖരണത്തിനാണ് രേഖകൾ ആവശ്യപ്പെട്ടത്. അതിനോട് പ്രതികരിക്കുകയല്ലെ വേണ്ടതെന്നും കോടതി ചോദിച്ചു.