കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് പൊലീസിനെ ഉദ്ധരിച്ച് പ്രതിയെന്ന് സംശയിക്കുന്ന ആളെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടു ചെയ്തത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇതിന് ശേഷമാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ കുറിച്ചുള്ള വിവരങ്ങൾ ചാനലുകൾ പുറത്തുവിട്ടത്.

ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടി ട്രെയിൻ കത്തിക്കലിന്റെ കാരണമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രതിയെന്ന് സംശയിക്കുന്ന രൂപസാദൃശ്യങ്ങളുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് ഇക്കാര്യം പരിശോധിച്ചിട്ടുണ്ട്. കാലിന് പൊള്ളലേറ്റതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടിയെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെനിന്ന് വിവരങ്ങളും ശേഖരിച്ചു.

കേസിലെ നിർണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പൊലീസ് ഇന്ന് പുറത്തുവിട്ടത്. എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും അതിൽ മുഖം വ്യക്തമായിരുന്നില്ല. രേഖാചിത്രം പുറത്തുവിടുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിൽ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ട്രാക്കിൽനിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടർന്നപ്പോൾ രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവർ ചികിത്സയിലാണ്.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഡിജിപി പ്രതികരിച്ചു.

ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് ആക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീവെച്ച ശേഷം അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നാണ് സൂചന.ഇയാളുടേതെന്ന് കരുതന്ന ബാഗും ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു.