തിരുവനന്തപുരം: മെട്രോ നഗരങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന വൈഫ് സ്വാപ്പിങ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും കഴിഞ്ഞ വർഷം ഭാര്യയുടെ വെളിപ്പെടുത്തലിൽ ഭർത്താവ് അറസ്റ്റിലാവുകയും ചെയ്തു. കൂടാതെ ഇതിലെ കണ്ണികൾ പലരും പിടിയിലാവുകയും റാക്കറ്റിന്റെ സ്വാധീനവും ഇടപെടലും കേരള പൊലീസിനെ പോലും ഞെട്ടിച്ചതാണ്.

ഇപ്പോഴിതാ വൈഫ് സ്വാപ്പിങ് സംബന്ധിച്ച് ഒരു കേസു കൂടി തൃശൂർ റൂറൽ പൊലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഭാര്യയുടെ നഗ്‌നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വൈഫ് സ്വാപ്പിങ് അടക്കമുള്ള വെബ് സൈറ്റുകളിൽ പ്രചരിപ്പിച്ച ഭർത്താവിനെ എരുമപ്പെട്ടി പൊലീസാണ് അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയത്.

33 വയസ്സുള്ള ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാളും കുടുംബവും യുവതിയെ ശാരീരിക - മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നുവത്രെ.

മദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ യുവതി ഇതൊന്നും സ്വന്തം വീട്ടിൽ പറഞ്ഞിരുന്നില്ല. ഇതിനിടയിലാണു യുവതിയെ നിർബന്ധിച്ച് നഗ്‌നയാക്കി ചിത്രങ്ങൾ എടുത്ത് വൈഫ് സ്വാപ്പിംങ് സൈറ്റിൽ അപ്പ് ലോഡ് ചെയ്തത്. ഭർത്താവ് കൂലിപ്പണിക്കാരൻ ആണെങ്കിലും ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചപ്പോൾ വിവിധ ഡേറ്റിങ് സൈറ്റുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് മനസിലായി.

പല സൈറ്റുകളിലും ഇയാൾ ദിവസവും കയറി ഇരുന്നു. പല പോൺ സൈറ്റുകൾക്കും പ്രതി അടിമയാണെന്നും മനസിലായി. മദ്യപിച്ച് എത്തി പീഡനം കൂടി പതിവായതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എരുപ്പെട്ടി എസ്‌ഐ ടി.സി.അനുരാജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നംകുളം എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ മൊബൈൽ കൂടുതൽ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി.