കോട്ടയം: കോട്ടയം, എരുമേലിയിൽ, സ്വകാര്യ ബസ് ജീവനക്കാരന് മർദ്ദനമേറ്റത് പ്ലസ് ടു വിദ്യാർത്ഥിനിയെ ശല്യം ചെയ്തതുകൊണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. നേരത്തെ മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും, യഥാർത്ഥ കാരണം പുറത്തുവന്നിരുന്നില്ല. വിദ്യാർത്ഥിനിയെ ബസ് ജീവനക്കാരൻ ഭീഷണിപ്പെടുത്തിയതായും ഇതിൽ ഭയന്ന് സഹോദരനെ വിവരം അറിയിച്ചതോടെയാണ് മർദ്ദനത്തിൽ കലാശിച്ച സംഭവങ്ങൾ ഉണ്ടായത്.

ബസ് ജീവനക്കാരൻ അപമര്യാദയായി പെരുമാറിയ പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. 16 വയസുള്ള പെൺകുട്ടിയെ പിന്നാലെ നടന്ന് ശല്ല്യം ചെയ്തതായി പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. വെള്ളിയാഴ്‌ച്ച ആറു മണിയോടെയാണ് മൊഴിയെടുത്തത്. ബസ് ജീവനക്കാരൻ ഇഷ്ടമാണെന്ന് പലവട്ടം പറഞ്ഞതായും തനിക്ക് അങ്ങനെയൊന്നും ഇല്ലായെന്ന് പെൺകുട്ടി അറിയിച്ചു. ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ ഡോർ തുറന്നു വിടേണ്ട കേസെയുള്ളുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മറുനാടനോട് പറഞ്ഞു. ഭീഷണി ഭയന്ന പെൺകുട്ടി പിതാവിന്റെ സഹോദരിയുടെ മകനോട് വിവരം പറയുകയായിരുന്നു.

എരുമേലി -റാന്നി റൂട്ടിൽ ഓടുന്ന സാൻസിയ ബസിലെ 'കിളി' ആണ് പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. റാന്നിയിൽ ഒരു സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുകയാണ് പെൺകുട്ടി. സ്‌കൂൾ വിട്ടാൽ വൈകിട്ട് 4.20 ന് എരുമേലിയിൽ എത്തുന്ന സാൻസിയ ബസിലാണ് സ്ഥിരമായി കയറുന്നത്. ഈ ബസിൽ ഡോർ തുറക്കാൻ നിൽക്കുന്നയാളാണ് പലതവണ മോശമായി പെരുമാറിയത്. പെൺകുട്ടി പലവട്ടം താക്കീത് നൽകിയിട്ടും ഇയാൾ പിന്നാലെ നടന്നു ശല്യം ചെയ്തു. ശല്യം ചെയ്യൽ കൂടിവന്നതോടെ പെൺകുട്ടി കരഞ്ഞു കൊണ്ട് പിതാവിന്റെ സഹോദരിയുടെ മകനോട് വിവരം പറഞ്ഞു. പെൺകുട്ടിയുടെ കരച്ചിൽ കണ്ടയുടൻ സഹോദരൻ ബസ് സ്റ്റാന്റിലെത്തി ഇയാളോട് ഇക്കാര്യം ചോദിച്ച് തർക്കമുണ്ടാകുകയും മർദ്ദനം അരങ്ങേറുകയുമായിരുന്നു.

പെൺകുട്ടി ഈ വിവരം വീട്ടിൽ അറിയിക്കാതെ ഇരിക്കുകയായിരുന്നു. ശല്യപ്പെടുത്തലും ഭീഷണിയും കൂടി വന്നപ്പോഴാണ് സഹോദരനെ അറിയിക്കുന്നത്. സംഘർഷം നടന്ന ശേഷമാണ് വിവരം പെൺകുട്ടിയുടെ മാതാപിതാക്കൾ അറിയുന്നത്. ഉടൻ തന്നെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കഴിഞ്ഞ മൂന്നു ദിവസമായി പെൺകുട്ടിയെ ഇയാൾ ശല്യം ചെയ്യുകയാണെന്നും ശരീരത്തിന്റെ പിൻഭാഗത്ത് സ്പർശിച്ചതായും പരാതിയിലുണ്ട്. ബസിൽ കയറാൻ നേരത്ത് ഫുട്ബോഡിൽ നിന്നും ഇയാൾ മാറുകയില്ല. പെൺകുട്ടിയുടെ ശരീരത്തോട് ചേർന്ന് നിൽക്കാൻ മനഃപൂർവം ശ്രമിക്കുകയും ചെയ്തിരുന്നു എന്നും പരാതിയിൽ പറയുന്നു. ലൈംഗിക ചുവയുള്ള സംഭാഷണവും രൂക്ഷമായ നോട്ടവും ഉണ്ടായിരുന്നതായും പറയുന്നുണ്ട്. ചേട്ടാ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും ആദ്യ ദിവസം തന്നെ പെൺകുട്ടി പറഞ്ഞിരുന്നു. മറ്റു പെൺകുട്ടികളോടും ഇയാൾ ഇങ്ങനെ തന്നെയാണ് പെരുമാറിയതെന്നും ആരോപണമുണ്ട്.

പെൺകുട്ടിയുടെ സഹോദരൻ വൈകിട്ട് ബസ് സ്റ്റാന്റിൽ ചോദിക്കാനെത്തിയപ്പോഴാണ് സംഘർഷമുണ്ടാകുന്നത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ബിയർ ഉപയോഗിച്ച് തലയ്ക്കടിച്ചതോടെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇയാളെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പെൺകുട്ടിയിൽ നിന്നും മൊഴി ലഭിച്ചതിനു ശേഷം ബസ് ജീവനക്കാരനെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.