മീററ്റ്: പാക്കിസ്ഥാൻ ചാരസംഘടയായി ഐ.എസ്‌ഐ നേരിട്ട് ഒരുക്കിയ ഹണിട്രാപ്പിലാണ് ഇന്ത്യൻ എംബസി ജീവനക്കാരൻ വീണത്്. അടുത്തിടെ എംബസി ജീവനക്കാരന്റെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങളുടെ വിശദാംശങ്ങൾ പുറത്തുവരുമ്പോഴാണ് ഹണിട്രാപ്പിൽ കൂടുതൽ വ്യക്തത വരുന്നത്. പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ സതേന്ദ്ര സിവാൽ ആണ് ഐ.എസ്‌ഐ. ഒരുക്കിയ ഹണിട്രാപ്പ് കെണിയിൽവീണത്. സാമൂഹികമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദത്തിലായ ഇയാൾ, പല രഹസ്യരേഖകളും പങ്കുവെച്ചതായാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡി(എ.ടി.എസ്)ന്റെ കണ്ടെത്തൽ.

പത്തുദിവസം മുമ്പാണ് ഉത്തർപ്രദേശ് ഹാപുർ സ്വദേശിയായ സതേന്ദ്ര സിവാലിനെ എ.ടി.എസ്. അറസ്റ്റ് ചെയ്തത്. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌ഐ.യ്ക്ക് ചോർത്തിനൽകിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എ.ടി.എസ്. ഇയാളെ പിടികൂടിയത്.

കഴിഞ്ഞവർഷമാണ് സാമൂഹികമാധ്യമത്തിൽ 'പൂജ മെഹ്റ' എന്ന പേരിലുള്ള യുവതിയുമായി സതേന്ദ്ര സിവാൽ സൗഹൃദത്തിലായത്. എന്നാൽ, പാക് ചാരസംഘടനയായ ഐ.എസ്‌ഐ.യായിരുന്നു 'പൂജ മെഹ്റ'യുടെ അക്കൗണ്ട് നിയന്ത്രിച്ചിരുന്നത്. തുടർന്ന് സതേന്ദ്ര സിവാലിനെ ഹണിട്രാപ്പിൽ കുരുക്കുകയും ഇയാൾ ഒട്ടേറെ രഹസ്യരേഖകൾ യുവതിയുമായി പങ്കുവെയ്ക്കുകയുമായിരുന്നു.

വ്യോമസേനയുടെ ആയുധസംവിധാനങ്ങളെ സംബന്ധിച്ചുള്ള രഹസ്യരേഖകളും നാവികസേനയുടെ യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ തുടങ്ങിയ സംബന്ധിച്ചുള്ള രേഖകളും ഇയാൾ പങ്കുവെച്ചതായാണ് എ.ടി.എസ്. ഉദ്യോഗസ്ഥർ പറയുന്നത്. ലഖ്നൗവിലെ എ.ടി.എസ്. പൊലീസ് രജിസ്റ്റർ ചെയ്ത് കേസിൽ അറസ്റ്റിലായ ഇയാൾ നിലവിൽ റിമാൻഡിലാണ്.

അതേസമയം, കുറ്റംസമ്മതിച്ച പ്രതി, ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തൃപ്തികരമായ മറുപടിയൊന്നും നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. യുവതിയുമായി പങ്കുവെച്ച രേഖകൾ തന്റെ മൊബൈൽഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകിയിരുന്നു. ഇയാളുടെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

റഷ്യയിലെ ഇന്ത്യൻ എംബസിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായാണ് സതേന്ദ്ര സിവാൽ ജോലിചെയ്തിരുന്നത്. ചാരവൃത്തിക്ക് ഇയാൾ അറസ്റ്റിലായതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയവും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അറസ്റ്റിനെക്കുറിച്ച് അറിഞ്ഞതായും അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. അതേസമയം, സിവാൽ പിടിയിലായതിന് പിന്നാലെ ഇയാളുടെ കുടുംബം ഹാപുരിൽനിന്ന് താമസം മാറ്റി. ഹാപുരിലെ വീട് ഉപേക്ഷിച്ച കുടുംബം നിലവിൽ മറ്റൊരിടത്താണ് താമസിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.