കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായകമായ സ്വർണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു. കൊല ചെയ്യപ്പെട്ട രണ്ടു സ്ത്രീകളെയും പ്രലോഭിപ്പിച്ച് ഇലന്തൂരിലെത്തിച്ച സ്‌കോർപ്പിയോ കാർ ഷാഫിയുടെ മരുമകന്റെ പേരിലുള്ളതാണെന്നും തിരിച്ചറിഞ്ഞു.

മുഖ്യപ്രതി മുഹമ്മദ് ഷാഫി 'ശ്രീദേവി' എന്ന പേരിൽ വ്യാജ ഫേസ്‌ബുക് പ്രൊഫൈൽ കൈകാര്യം ചെയ്തിരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചതായി ഭാര്യ നബീസ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സെപ്റ്റംബർ 26ന് വീട്ടിൽവച്ച് ഷാഫിയുമായി വഴക്കുണ്ടായപ്പോൾ താൻ ഫോൺ എറിഞ്ഞുപൊട്ടിച്ചെന്നാണ് നബീസയുടെ വിശദീകരണം. എന്നാൽ പിടിയിലാകുന്നതിനു രണ്ടു ദിവസം മുൻപ് താൻ ഫോൺ നശിപ്പിച്ചെന്നാണ് ഷാഫി നൽകിയ മൊഴി.

അതേസമയം, ഷാഫി അടുത്തിടെ 40,000 രൂപ തന്നെ ഏൽപ്പിച്ചിരുന്നതായി നബീസ സമ്മതിച്ചു. വണ്ടി വിറ്റു കിട്ടിയതെന്നു പറഞ്ഞാണ് പണം നൽകിയതെന്നും നബീസ വെളിപ്പെടുത്തി. ഈ പണമുപയോഗിച്ച് മകളുടെ പണയംവച്ച സ്വർണം എടുത്തതായും നബീസ പൊലീസിനു മൊഴി നൽകി. ഏതാണ്ട് ആറു മണിക്കൂറോളം നീണ്ട വിശദമായ പരിശോധനയാണ് ഷാഫിയുടെ വീട്ടിൽ നടത്തിയത്. കേസുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഷാഫിയുടെ ഭാര്യയോടും മക്കളോടും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

കൊച്ചിയിൽ മുഹമ്മദ് ഷാഫി നടത്തിയിരുന്ന ഹോട്ടലിലും അന്വേഷണ സംഘം ഇന്നു പരിശോധന നടത്തി. നരബലിക്ക് ഇരയാക്കിയ സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ച വാഹനത്തിന്റെ രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തു. സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ച സ്‌കോർപിയോയുടേത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് പൊലീസ് സംഘം ശേഖരിച്ചത്.

രാവിലെ പത്തരയോടെ ഗാന്ധിനഗറിലെ ഷാഫിയുടെ വീട്ടിലാണ് പൊലീസ് സംഘം ആദ്യം പരിശോധനയ്ക്കായി എത്തിയത്. നരബലിക്ക് ഇരയാക്കപ്പെട്ട പത്മയുടെ 39 ഗ്രാം സ്വർണം സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയം വച്ച് 1,10,000 രൂപ എടുത്തതായി ഷാഫി മൊഴി നൽകിയിരുന്നു. ഇതിൽനിന്ന് 40,000 രൂപ ഭാര്യയെ ഏൽപ്പിച്ചതായും മൊഴിയിലുണ്ടായിരുന്നു. ഇതുൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘം ഷാഫിയുടെ വീട്ടിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ പണമിടപാടിന്റെ രേഖകൾ സഹിതം പിടിച്ചെടുത്തു.

വീട്ടിലെ പരിശോധനയ്ക്ക് പിന്നാലെ ഷാഫി ജോലി ചെയ്തിരുന്ന എറണാകുളം ഷേണായീസിലുള്ള ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. ഷാഫി നൽകിയ മൊഴികൾ ശരിയാണോയെന്നാണ് അന്വേഷണ സംഘം പ്രാഥമികമായി പരിശോധിക്കുന്നത്. മുഹമ്മദ് ഷാഫി ഉൾപ്പെടെ കേസിലെ പ്രതികളെല്ലാം നിലവിൽ പൊലീസ് ക്ലബ്ബിലാണുള്ളത്. ഇവരെ നിലവിൽ പരിശോധനയ്ക്കായി എത്തിച്ചിട്ടില്ല. ചോദ്യം ചെയ്യൽ പൂർത്തിയാകുന്ന മുറയ്ക്ക് ഇവരെ തെളിവെടുപ്പിന് എത്തിക്കുമെന്നാണ് വിവരം.

കൊലപാതകവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവ് ശേഖരണത്തിനായിരുന്നു പൊലീസ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തിയത്. മൂന്ന് പ്രതികളെയും പൊലീസ് ക്ലബ്ബിൽ ഒന്നിച്ചിരുത്തിയും പൊലീസ് ചോദ്യംചെയ്തു. ഇതിൽനിന്നും നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ശ്രീദേവി എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് ഷാഫി ഭഗവൽ സിങ്ങുമായി അടുപ്പം തുടങ്ങിയത്. അതിനാൽ ഇതേ രീതിയിൽ മറ്റെവിടെയെങ്കിലും സമാനമായ കൃത്യം നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുണ്ട്.

കൊലപാതകവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനക്കിടെയാണ് സാമ്പത്തിക ഇടപാട് രേഖകൾ കണ്ടെത്തിയത്. ഷാഫിയുടെ ഭാര്യയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇവർക്കറിയാവുന്ന കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. നാൽപതിനായിരം രൂപ നൽകിയെന്ന് ഷാഫി തന്നെ സമ്മതിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ നാലാം തീയതിയാണ് പത്മയുടെ സ്വർണം പണയം വെച്ചത്.