കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് നിർണ്ണായക വിവരങ്ങൾ. ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎയുടെ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് എൻഐഎ പറയുന്നു. കണ്ണൂരിൽ ഇനിയും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട പ്രതികൾ ഒളിവിലുണ്ടെന്നാണ് എൻഐഎ നിരീക്ഷണം.

കേസിൽ നേരത്തെ സമർപ്പിച്ച എൻഐഎ കുറ്റപത്രം അനുസരിച്ച്, ഇസ്ലാമിനെതിരെ പ്രവർത്തിക്കുന്നവരെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരെയും പുറത്താക്കിയും ഇല്ലാതാക്കിയും രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന പിഎഫ്‌ഐയുടെ ലക്ഷ്യം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഹിറ്റ് സ്‌ക്വാഡുകൾ രൂപീകരിച്ച് ആയുധപരിശീലനം നൽകിയിരുന്നതെന്നും വ്യക്തമാക്കുന്നു. ഈ ഓപ്പറേഷനിലെ പ്രധാനിയായിരുന്നു ജാഫർ. കണ്ണൂരിലെ സുരക്ഷിതത്വത്തിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.

ദീർഘകാലമായി ഒളിവിലായിരുന്ന ഇയാൾ പോപ്പുലർ ഫ്രണ്ട് തീവ്രവാദ കേസിലെ അൻപത്തിയൊൻപതാം പ്രതിയായ ജാഫർ. 2047 ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഢാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. ഇതിനായി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയെന്നും എൻഐഎ പറയുന്നു. അതിരഹസ്യ ഓപ്പറേഷനിലൂടെയാണ് അറസ്റ്റു ചെയ്തത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. കേരളാ പൊലീസും അന്വേഷത്തിൽ സഹകരിച്ചു.

കണ്ണൂർ റൂറൽ പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായിരുന്നു അറസ്റ്റ്. ബി ജാഫർ എന്നാണ് യഥാർത്ഥ പേര്. ഭീമന്റവിട എന്നത് വീട്ടുപേരാണ്. മാട്ടൂൽ സൗത്തിലാണ് വീട്. കക്കാടൻ ചാൽ എന്ന സ്ഥലത്തെ വീട്ടിൽ നിന്നും പതിനൊന്നാം തീയ്യതി 06.00 മണിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. അതിന് ശേഷം കൊച്ചിയിൽ എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് ഓപ്പറേഷനിലെ വസ്തുതകൾ പുറത്ത് അറിഞ്ഞത്.

കൈവെട്ട് കേസിൽ പ്രതിയായ സവാദിന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജാഫർ ഭീമന്റവിട പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധപരിശീലനകേന്ദ്രമായ ഗ്രീൻ വാലി അടുച്ചുപൂട്ടുന്ന അവസരത്തിൽ ജാഫറിന് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇയാൾ ആ കാലഘട്ടത്തിൽ കണ്ണൂരിലെ ഒരു വീട്ടിൽ ഒളിവിലായിരുന്നു എന്ന് പറയുന്നു. കുറച്ചുകാലമായി ജാഫർ ഭീമന്റവിട കണ്ണൂരിൽ കുറച്ചുകാലമായി ഒളിവിലായിരുന്നു എന്നും എൻഐഎ പറയുന്നു. സവാദിന്റെ അറസ്റ്റിൽ നിന്നാണ് ജാഫറിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ ലഭിച്ചത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 'മാസ്റ്റർ ട്രെയിനർ' ആണ് ഭീമന്റവിടെ ജാഫർ. എൻഐഎ പ്രത്യേക സംഘവും കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ തിരച്ചലിലാണ് ഇയാളെ പിടികൂടിയത്. കേസിൽ അറസ്റ്റിലായ 59-ാം പ്രതിയാണ് ജാഫർ. കേസിൽ ഇതുവരെ 60 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട് 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി രഹസ്യമായി പ്രവർത്തിച്ചിരുന്ന പിഎഫ്‌ഐയുടെ ഭാഗമായിരുന്നു ജാഫറെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.

കേഡർമാർക്ക് ആയുധ പരിശീലനം നൽകുകയും അവരെ ഭീകരാക്രമണ സ്‌ക്വാഡിലേക്ക് റിക്രൂട്ട് ചെയ്ത് പ്രവർത്തിക്കാൻ സജ്ജമാക്കുകയും ചെയ്യുന്നതിന് ജാഫർ നേതൃത്വം നൽകി. എൻഐഎ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ നിരവധി 'കൊലപാതക ശ്രമങ്ങളിലും' ആക്രമണ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണ് ഭീമന്റവിട ജാഫർ. പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ വധക്കേസിലും ഗൂഢാലോചനയിലെ പ്രധാന പങ്കാളിയാണ്. ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ഭീകര ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എൻഐഎ അറിയിച്ചു.

പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡുകൾക്ക് ആയുധ പരിശീലനമടക്കം ഇയാൾ നൽകിയിരുന്നതായി എൻ.ഐ.എ. വക്താവ് പറഞ്ഞു. പി.എഫ്.ഐ. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘങ്ങളായിരുന്നു ഇത്.