ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിത കൃഷി ഓഫീസർ എം.ജിഷാമോളുടെ ജീവിതം തന്നെ ദുരൂഹതകൾ നിറഞ്ഞത്. എടത്വ കൃഷി ഓഫീസിലെ ഓഫീസർ ആണെങ്കിലും വല്ലപ്പോഴുമേ ഓഫീസിൽ പോകാറുള്ളു. മിക്കവാറും ടൂറിൽ ആയിരിക്കും. ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത് ആലപ്പുഴ ജില്ലയിലെ കളരിക്കൽ ഗുരുകുലം എന്ന സ്ഥലത്ത്. അതും ഒറ്റയ്ക്ക്.

സുഹൃത്തുക്കൾ എന്ന ലേബലിൽ ഇവരെ ഇവിടെ പലരും കാണാൻ വരാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഫാഷൻ ഷോയും മോഡലിംഗുമാണ് എം ജിഷമോൾക്ക് പ്രിയം. ഫാഷൻ ഷോയ്ക്കായി വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സമ്മാനവും ക്യാഷ് അവാർഡുകളുമടക്കം കിട്ടിയ ജിഷ മോൾ പ്രധാന ഉപജീവന മേഖലയായി കണ്ടിരുന്നതും മോഡലിംഗാണ്. മോഡലിങ് രംഗത്ത് നിന്നും ഇവർക്ക് നല്ല വരുമാനവും ലഭിക്കുന്നുണ്ട്.

ഭർത്താവ് മലപ്പുറത്ത് കോളേജ് അദ്ധ്യാപകൻ എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. ഓൺലൈൻ മാർക്കറ്റിംഗിന്റെ ബിസിനസും ഭർത്താവിനുള്ളതായി ഇവർ പൊലീസിനോടും പറഞ്ഞു. കള്ളനോട്ട് കേസിൽ ജിഷ മോൾ മുഖ്യകണ്ണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ആലപ്പുഴ സൗത്ത് പൊലീസ് സൂചന നൽകി.

ജിഷയിൽ നിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് പിടിവീണത്. മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ പണം ജിഷയിൽ നിന്നുമാണ് ആൾക്ക് കിട്ടിയതെന്നും, ഇയാൾക്ക് ഇതിൽ പങ്കില്ലെന്നും വ്യക്തമായി.

ബാങ്കിൽ പണം നൽകിയ ആൾക്ക് ഇവ കള്ളനോട്ടുകൾ ആയിരുന്നു എന്ന് അറിയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കള്ളനോട്ട് സംബന്ധിച്ച് ജിഷയെ ചോദ്യം ചെയ്യൽ തുടരുകയാണ്.നോട്ടുകൾ എവിടെനിന്നാണ് ലഭിച്ചതെന്ന് ജിഷമോൾ പറഞ്ഞുവെന്നാണ് വിവരം.
ജിഷയ്‌ക്കെതിരെ മറ്റ് പല ആരോപണങ്ങളും നിലവിലുണ്ട്.

മുൻപ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും നേരത്തെ ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തിയതായും ജിഷയ്‌ക്കെതിരെ ആരോപണം ഉണ്ട്.