ആലപ്പുഴ: എടത്വ കൃഷി ഓഫീസർ ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ കൂടുതൽ വഴിത്തിരവുണ്ടായതായി സൂചന. പാലക്കാട് നിന്നു കുഴൽപണം ഇടപാടുമായി ബന്ധപ്പെട്ടു പിടിയിലായവരിൽ 2 പേർക്കും കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പാലക്കാട്ടെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. വൈകുന്നരേത്തോടെ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

പാലക്കാട് വാളയാറിൽനിന്നു മിനി ലോറി തട്ടിയെടുത്തതിനാണ് ഇവർ ഉൾപ്പെടുന്ന ഏഴംഗ സംഘം അറസ്റ്റിലായത്. കുഴൽപ്പണമുണ്ടെന്നു കരുതി മിനി ലോറി തട്ടിയെടുത്ത് അതിൽ ഉണ്ടായിരുന്നവരെ ആക്രമിച്ചതിനെ തുടർന്നാണ് ഇവർ പിടിയിലായത്. ഈ സംഘത്തിലെ ആലപ്പുഴ സക്കറിയ വാർഡ് ഷിഫാസ് മൻസിലിൽ എസ്.ഷിഫാസ് (30), ചാരുംമൂട് കോമല്ലൂർ ചറുവയ്യത്ത് എസ്.വിജിത്ത് (30) എന്നിവരാണ് ആലപ്പുഴ കള്ളനോട്ട് കേസിലെ പ്രധാന പ്രതികളെന്നാണ് സൂചന. ഇതിന് പുറമെ കേസിൽ ഇന്നലെ ഒരാൾ കൂടി അറസ്റ്റിലായി.

ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയിൽ സുരേഷ് ബാബുവിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 2009ൽ സമാനമായ കേസുണ്ടെന്നു പൊലീസ് പറഞ്ഞു. സുരേഷ് ബാബുവിനെ ആലപ്പുഴയിൽ നിന്നാണു പിടികൂടിയത്. ജിഷമോൾക്കും സുരേഷ് ബാബുവിനും കള്ളനോട്ടുകൾ നൽകിയത് ഒരേ ആളാണെന്നാണ് പൊലീസ് നിഗമനം. ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആലപ്പുഴ സൗത്ത് സിഐ എസ്.അരുണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സുരേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്.

കള്ളനോട്ട് കേസിൽ പിടിയിലായ സുരേഷ്ബാബു മുൻപ് ഒട്ടേറെ തട്ടിപ്പു കേസുകളിൽ പ്രതിയായിട്ടുണ്ട്. 2015 - 17 കാലത്ത് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുപ്പതോളം കേസുകൾ ഉണ്ടായിരുന്നു. പശുക്കച്ചവടത്തിന്റെ പേരിൽ പണം തട്ടിയ കേസുകളായിരുന്നു ഏറെയും. വിൽപനയ്ക്കായി തമിഴ്‌നാട്ടിൽ നിന്ന് കന്നുകാലികളെ എത്തിച്ച ശേഷം പണം നൽകാതെ കബളിപ്പിച്ച കേസുകളും ഉണ്ടായിരുന്നു. തട്ടിച്ചെടുക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.പാലക്കാട്ട് പിടിയിലായ ചിലർക്ക് കായംകുളം, ചാരുംമൂട് കള്ളനോട്ട് കേസുകളുമായും ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.

നിലവിൽ റിമാന്റിലൂള്ള ജിഷാമോൾ വിഷാദ രോഗം കാരണം കോടതി നിർദ്ദേശത്ത തുടർന്ന് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. ഇപ്പോൾ പറയത്തക്ക പ്രശ്നങ്ങൾ ഇവർക്കില്ലന്നാണ് സൂചന. ഉടൻ ഡിസ്ചാർജ്ജ് ചെയ്തേയ്ക്കും. ഇതിന് ശേഷം ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. ചികിത്സയിലായതിനാൽ പൊലീസിന്റെ ചോദ്യംചെയ്യൽ നീളുകയാണ്.

അറസ്റ്റിനു മുൻപായി ചോദ്യം ചെയ്തപ്പോൾ ജിഷ നൽകിയ മറുപടികൾ പലതും കളവാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കളരി പരിശീലനായ സുഹൃത്തിനെക്കുറിച്ചും പൊലീസിനെ വഴിതെറ്റിക്കുന്ന തരത്തിലുള്ള വിവരങ്ങളാണു നൽകിയത്. അതേ സമയം മുൻപ് അഴിമതി കേസിൽ നിന്നും ജിഷമോൾ രക്ഷപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ കുടുക്കിയാണെന്നുമുള്ള വിവരങ്ങളും പുറത്തു വരുന്നു.

ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ കുടുക്കിയ ശേഷം പരാതി നൽകിയെന്നാണ് വിവരം. കള്ളനോട്ട് കേസിൽ അറസ്റ്റിലായ ജിഷമോൾ മുൻപ് 1.65 ലക്ഷം രൂപയുടെ ക്രമക്കേടു നടത്തിയെന്നും ഇതേപ്പറ്റി അന്വേഷിച്ച വിജിലൻസ് അന്വേഷണം നടത്തിയെന്നുമാണ് വിവരം. ആലപ്പുഴ നഗരത്തിനു സമീപത്തെ പഞ്ചായത്തിൽ കൃഷി ഓഫിസറായിരിക്കുമ്പോഴാണ് ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തുകയും അതു കൃഷി ഓഫിസറുടെ ബാധ്യതയായി രേഖപ്പെടുത്തുകയും ചെയ്തത്. ഈ രേഖകൾ ജിഷ കടത്തിക്കൊണ്ടുപോയി.

ക്രമക്കേടിന്റെ പേരിലും രേഖകൾ കടത്തിയതിന്റെ പേരിലും അന്നത്തെ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇവർക്കു മെമോ നൽകി. തുടർന്നാണ് വിജിലൻസ് അന്വേഷണമുണ്ടായത്. ഈ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ കുടുക്കിയ ശേഷം പരാതി നൽകിയെന്നാണ് അറിയുന്നത്. അതോടെ ഉദ്യോഗസ്ഥൻ പേടിച്ച് സ്ഥലംമാറ്റം വാങ്ങി പോയി. ജിഷയ്ക്കെതിരായ തുടർനടപടികളും നിലച്ചു. തെറ്റായ വിവരങ്ങൾ നൽകി അനധികൃതമായി നീണ്ട അവധിയെടുത്തതിന്റെ പേരിൽ രണ്ടു തവണ ജിഷയ്ക്കു മെമോ കിട്ടിയിട്ടുണ്ട്.

ജിഷയുടെ സ്ഥിരം മേൽവിലാസം ഏതാണെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല. ജിഷമോൾ, ജെഎം മൻസിൽ, ഗുരുപുരം ഈസ്റ്റ്, അവലൂക്കുന്ന് പിഒ, ആലപ്പുഴ എന്ന വിലാസമാണ് കൃഷി വകുപ്പിന്റെ രേഖകളിലുള്ളത്. എന്നാൽ, ഇതേ പ്രദേശത്ത് വാടകവീട്ടിലാണ് പിടിയിലാകുമ്പോൾ അവർ താമസിച്ചിരുന്നത്. അതേ സമയം എം.ജിഷമോളുടെ ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു കഴിഞ്ഞു. ഇടപാടിലെ മുഖ്യ കണ്ണിയെന്നു സംശയിക്കുന്ന ഇവരുടെ സുഹൃത്ത് എവിടെയുണ്ടെന്നു കണ്ടെത്തിയതായാണു സൂചന.

അതേസമയം, ജിഷയുടെ കയ്യിൽനിന്നു പിടികൂടിയ കള്ളനോട്ടുകളുടെ ഫൊറൻസിക് പരിശോധനാഫലം തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്നു കിട്ടാൻ ഇനി ഒരാഴ്ചയെടുക്കുമെന്നാണു സൂചന. കള്ളനോട്ടുകളാണെന്നു സൂക്ഷ്മപരിശോധനയിൽ മാത്രം മനസ്സിലാകുന്ന തരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. റിപ്പോർട്ട് കിട്ടിയാൽ റിസർവ് ബാങ്കിന്റെ കൂടി അഭിപ്രായത്തിനു വിടും. അവിടെയും ഇക്കാര്യം സ്ഥിരീകരിച്ചാൽ അന്വേഷണം കേരള പൊലീസിനു കീഴിലെ തീവ്രവാദവിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറാനാണു തീരുമാനം.