ആലപ്പുഴ: അതിബുദ്ധിയിൽ കേസുകളിൽ നിന്ന് രക്ഷപ്പെടുന്നതാണ് ജിഷ മോൾ എന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥയുടെ രീതി. കള്ളനോട്ട് കേസിനെ തന്നെ അട്ടിമറിക്കാനാണ് മാനസിക രോഗമെന്ന തന്ത്രം പുറത്തെടുത്തതെന്നാണ് സൂചന. ഇതോടെ കേസിൽ ചോദ്യം ചെയ്യൽ പ്രതിസന്ധിയിലായി. നേരത്തെ 'എലിക്കെണി' തട്ടിപ്പിൽ കുടുങ്ങുമെന്നായപ്പോൾ രക്ഷപ്പെടാൻ ഹണി ട്രാപ്പ് പ്രയോഗിച്ചത് കൃഷി വകുപ്പിലെ തന്നെ വിജിലൻസ് ഉദ്യോഗസ്ഥന് എതിരെയാണ്. കേരഗ്രാമം പദ്ധതിയിലും ക്രമക്കേട് നടത്തിയ ജിഷ മോൾ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തിയിരുന്നത് ഉന്നത ബന്ധങ്ങൾ കാട്ടിയാണ്. രാഷ്ട്രീയ- ബിസിനസുകാരുമായുള്ള അടുപ്പം മുതലാക്കി സഹപ്രവർത്തകരെയും ഭീക്ഷണിപ്പെടുത്തുക പതിവാണ്. ആലപ്പുഴയിലെ കള്ളനോട്ട് കേസ് പ്രതി ആള് ചില്ലറക്കാരിയല്ലെന്നാണ് പുറത്തു വരുന്ന സൂചന.

കള്ളനോട്ടു കേസിൽ പ്രതിയായ കൃഷി ഓഫിസർ ജിഷമോൾ കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരെയാണ് ഹണിട്രാപ് പ്രയോഗിച്ചത്. ഇക്കാര്യം അന്ന് ജിഷാമോളോടൊപ്പം ജോലി ചെയ്തിരുന്ന ജീവനക്കാരാണ് വെളിപ്പെടുത്തിയത്. ജിഷ ഏതാനും വർഷം മുൻപ് മാരാരിക്കുളം തെക്ക് കൃഷിഭവനിൽ ജോലി ചെയ്യുമ്പോഴാണ് ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ പെടുത്താൻ നോക്കിയത്. എലിക്കെണി പദ്ധതിയിലെ ക്രമക്കേടു മറയ്ക്കാനുള്ള തന്ത്രമായി അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ പ്രതികൂട്ടിൽ നിർത്തുകയായിരുന്നു തന്ത്രം. ജിഷ മോൾ മരാരികുളത്ത് ജോലി ചെയ്യുമ്പോൾ കേരഗ്രാമം പദ്ധതിയിലും ക്രമക്കേടു കണ്ടെത്തിയിരുന്നു. അതും ഉന്നത സ്വാധീനത്തിൽ നടപടി എടുക്കാതെ മുക്കി. മാരാരിക്കുളം തെക്ക് കൃഷി ഓഫീസിന് കീഴിലെ കർഷകർക്ക് 50% സബ്സിഡിയിൽ എലിക്കെണി നൽകുന്ന പദ്ധതിയിൽ 360 എലിക്കെണി നൽകേണ്ടിയിരുന്നു.

എന്നാൽ, 54 പേർക്കേ നൽകിയുള്ളൂ എന്നും കുറച്ചെണ്ണം കൃഷിഭവനിലുണ്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. കണക്കു പരിശോധിച്ചപ്പോൾ ആകെ 116 എണ്ണത്തിന്റെ കണക്കേ ഉണ്ടായിരുന്നുള്ളൂ. കൃഷി ഓഫിസർ 88,000 രൂപ തിരിച്ചടയ്ക്കണമെന്ന് ഓഡിറ്റ് വിഭാഗം നിർദ്ദേശിക്കുകയും ചെയ്തു. ഇതെപ്പറ്റി അന്വേഷിക്കാനെത്തിയ കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥനെയാണ് ജിഷ ഹണിട്രാപ്പിൽ പെടുത്തിയത്. പിന്നാലെ ഉദ്യോഗസ്ഥനെതിരെ ജിഷ വ്യാജ പരാതി നൽകിയെന്നും അറിയുന്നു. സമ്മർദ്ദങ്ങൾക്കോ മറ്റ് ഉന്നത ശുപാർശകൾക്കോ വഴങ്ങാത്തതിനാലാണ് ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ പെടുത്തിയത്. ഒടുവിൽ ജിഷ മോൾക്കെതിരെയുള്ള നടപടി അവസാനിപ്പിച്ച് സ്ഥലം മാറ്റം വാങ്ങി പോയാണ് ഉദ്യോഗസ്ഥൻ പ്രശ്‌നത്തിൽ നിന്നും തലയൂരിയത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗിച്ച് വിജിലൻസ് ഉദ്യോഗസ്ഥനെ സമ്മർദത്തിലാക്കിയ ജിഷമോൾ വഴിപ്പെടാതെ വന്നതോടെയാണ് ഹണി ട്രാപ്പ് പ്രയോഗിച്ചത്.

നിലവിൽ റിമാന്റിലൂള്ള ജിഷാമോൾ വിഷാദ രോഗം കാരണം കോടതി നിർദ്ദേശത്ത തുടർന്ന് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. ഇപ്പോൾ പറയത്തക്ക പ്രശ്നങ്ങൾ ഇവർക്കില്ലന്നാണ് സൂചന. ഉടൻ ഡിസ്ചാർജ്ജ് ചെയ്തേയ്ക്കും. ഇതിന് ശേഷം ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. ചികിത്സയിലായതിനാൽ
പൊലീസിന്റെ ചോദ്യംചെയ്യൽ നീളുകയാണ്. അറസ്റ്റിനു മുൻപായി ചോദ്യം ചെയ്തപ്പോൾ ജിഷ നൽകിയ മറുപടികൾ പലതും കളവാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കളരിപരിശീലകനായ സുഹൃത്തിനെക്കുറിച്ചും പൊലീസിനെ വഴിതെറ്റിക്കുന്ന തരത്തിലുള്ള വിവരങ്ങളാണു നൽകിയത്.

തെറ്റായ വിവരങ്ങൾ നൽകി അനധികൃതമായി നീണ്ട അവധിയെടുത്തതിന്റെ പേരിൽ രണ്ടു തവണ ജിഷ മോൾക്ക് മെമോ കിട്ടിയിട്ടുണ്ട്. ജിഷയുടെ സ്ഥിരം മേൽവിലാസം ഏതാണെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല. ജിഷമോൾ, ജെഎം മൻസിൽ, ഗുരുപുരം ഈസ്റ്റ്, അവലൂക്കുന്ന് പിഒ, ആലപ്പുഴ എന്ന വിലാസമാണ് കൃഷി വകുപ്പിന്റെ രേഖകളിലുള്ളത്. എന്നാൽ, ഇതേ പ്രദേശത്ത് വാടകവീട്ടിലാണ് പിടിയിലാകുമ്പോൾ അവർ താമസിച്ചിരുന്നത്. ജിഷയുടെ കയ്യിൽനിന്നു പിടികൂടിയ കള്ളനോട്ടുകളുടെ ഫൊറൻസിക് പരിശോധനാഫലം തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്നു ഉടൻ കിട്ടുമെന്നാണ് സൂചന.

കേസിൽ പിടിയിലായ സുരേഷ്ബാബു മുൻപ് ഒട്ടേറെ തട്ടിപ്പു കേസുകളിൽ പ്രതിയായിട്ടുണ്ട്. 2015 - 17 കാലത്ത് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുപ്പതോളം കേസുകൾ ഉണ്ടായിരുന്നു. പശുക്കച്ചവടത്തിന്റെ പേരിൽ പണം തട്ടിയ കേസുകളായിരുന്നു ഏറെയും. വിൽപനയ്ക്കായി തമിഴ്‌നാട്ടിൽ നിന്ന് കന്നുകാലികളെ എത്തിച്ച ശേഷം പണം നൽകാതെ കബളിപ്പിച്ച കേസുകളും ഉണ്ടായിരുന്നു. തട്ടിച്ചെടുക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.പാലക്കാട്ട് പിടിയിലായ ചിലർക്ക് കായംകുളം, ചാരുംമൂട് കള്ളനോട്ട് കേസുകളുമായും ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.

കള്ളനോട്ടുകേസിലെ പ്രതികളായ എ.അജീഷ് കുമാർ, ഗോകുൽരാജ്, എസ്.ഷാനിൽ, ജി.ശ്രീകുമാർ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. കള്ളനോട്ടുകളാണെന്നു സൂക്ഷ്മപരിശോധനയിൽ മാത്രം മനസ്സിലാകുന്ന തരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. റിപ്പോർട്ട് കിട്ടിയാൽ റിസർവ് ബാങ്കിന്റെ കൂടി അഭിപ്രായത്തിനു വിടും. അവിടെയും ഇക്കാര്യം സ്ഥിരീകരിച്ചാൽ അന്വേഷണം കേരള പൊലീസിനു കീഴിലെ തീവ്രവാദവിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറാനാണു തീരുമാനം.