പാലക്കാട്. വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉൾപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോന്റെ രക്തത്തിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന റിപ്പോർട്ട് വന്നതറിഞ്ഞ് ആരും ഞെട്ടിയില്ല. ഇത് പ്രതീക്ഷിച്ചിരുന്നതാണ്. കാരണം ഈ മാസം 5നു രാത്രി 11.30ന് അപകടം നടന്ന ശേഷം സ്ഥലത്തുനിന്നു മുങ്ങിയ ജോമോനെ പിറ്റേന്നു കൊല്ലത്തു നിന്നാണു പിടികൂടിയത്. പിന്നീട് നടപടികൾ പൂർത്തിയാക്കിയപ്പോഴേക്കും വൈകി. ഇതിനു മണിക്കൂറുകൾക്കു ശേഷം രാത്രി 11നാണു പരിശോധനയ്ക്കു രക്തമെടുത്തതെന്ന വിവരം സാംപിളിൽ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

അഭിഭാഷകനെ കാണാൻ കാറിൽ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. അപകടത്തിനുശേഷം തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു. ജോമോന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത് . കുറഞ്ഞ അളവിൽ മദ്യപിക്കുകയോ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്താൽ 90 മിനിറ്റിനുള്ളിൽ രക്തം പരിശോധിച്ചാലേ ലഹരിയുടെ അംശം കൃത്യമായി കണ്ടെത്താനാകൂ. ഉള്ളിലുള്ള മദ്യത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു രക്തത്തിൽ ലഹരിയുടെ അംശം നിലനിൽക്കുന്ന സമയത്തിലും വ്യത്യാസം വരുമെങ്കിലും മൂന്നോ നാലോ മണിക്കൂറിനു ശേഷം രക്ത പരിശോധനയിൽ കണ്ടെത്താൻ പ്രയാസമാണ്.

ഇവിടെ അപകടം നടന്ന് കൃത്യം 24മണിക്കൂറിന് ശേഷമാണ് ബസ് ഡൈവറെ രക്ത പരിശോധനയ്ക്ക് കൊണ്ടു പോയിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ കാക്കനാട് റീജനൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിലാണു സാംപിൾ പരിശോധന പൂർത്തിയാക്കിയത്. ജോമോന്റെ രക്തം മാത്രമാണു പരിശോധിക്കാൻ ലാബിൽ എത്തിച്ചതെന്നാണു വിവരം. സമയം വൈകിയാൽ, മൂത്രപരിശോധനയിൽ മാത്രമേ ലഹരി ഉപയോഗം തിരിച്ചറിയാനാവൂ.മൂത്രം പരിശോധിച്ചാൽ 12 മണിക്കൂർ വരെ ഇതു കണ്ടെത്താനാകും എന്നാൽ, ലാബിൽ ജോമോന്റെ മൂത്രം പരിശോധനയ്‌ക്കെത്തിച്ചിരുന്നില്ല. .രാസലഹരിയോ ലഹരിമരുന്നുകളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധയ്ക്കായി ജോമോന്റെ മുടിയും നഖവും പരിശോധനയ്ക്കു നൽകാമായിരുന്നു അതും പൊലീസ് നല്കിയില്ല.

ശരീരത്തിലെ ഡെഡ് ടിശ്യൂസ് ആയ തലമുടി, നഖം എന്നിവ പരിശോധിച്ചാലും ലഹരി ഉപയോഗം സംബന്ധിച്ച വ്യക്തമായ വിവരം കിട്ടും. പരിശോധനയിൽ ഒരാൾ നിരന്തരം ലഹരി ഉപയോഗിക്കുന്ന ആളണോ ഒരു പ്രത്യേക സമയത്തു മാത്രമേ ഉപയോഗിച്ചുള്ളോ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനാകും. ഒന്നര മാസത്തിനുള്ളിലെ വിവരങ്ങൾ ലഭിക്കുമെന്നാണ് ചീഫി കെമിക്കൽ എക്സാമിനർമാർ സാക്ഷ്യപ്പെടുത്തുന്നത്. ജോമോനെ കസ്റ്റ്ഡിയിൽ എടുത്ത ശേഷം നടത്തിയ നടപടികളിൽ പൊലീസ് ഭാഗത്തു നിന്നും കൃത്യമായ അലംഭാവം ഉണ്ടായിട്ടുണ്ട്. കേസിന്റെ സ്വഭാവം പോലും ഇക്കാര്യത്തിൽ നോക്കാതെയാണ് പൊലീസ് പ്രവർത്തിച്ചതെന്ന് ഇവരുടെ നടപടികൾ കണ്ടാൽ മനസിലാകും. ജോമോനെ കേസിൽ നിന്നും രക്ഷിച്ചെടുക്കാൻ പൊലീസ് നടത്തിയ നാടകമാണ് വൈകിയുള്ള രക്ത പരിശോധനയെന്നാണ് വിമർശനം ഉയരുന്നത്.

കസ്റ്റഡിയിൽ കിട്ടിയിട്ടും വേണ്ടത്ര സമയം ഉണ്ടായിട്ടും പ്രതിയുടെ മൂത്രപരിശോധന നടത്താത്തത് ഇതിന് തെളിവാണെന്നും ആരോപണം ഉയരുന്നുണ്ട്.അപകടം ഉണ്ടായതിന് കാരണം കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതുകൊണ്ടാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ പൊലീസിനോടു പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതല്ല, കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകട കാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻപറഞ്ഞത്. ബസ് കടന്നുപോകാൻ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോൻ പറയുന്നു. താൻ ഉൾപ്പെടെയുള്ളവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോൻ പറഞ്ഞു. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു ജോമോന്റെ പ്രതികരണം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ നിന്ന് മുങ്ങിയ ജോമോനെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

എന്നാൽ ജോമോൻ പറയുന്നതല്ല സത്യമെന്ന് കെ എസ് ആർ സി ബസിലെ യാത്രക്കാരൻ ശ്രീനാഥ് വെളിപ്പെടുത്തിയിരുന്നു.  അപകടത്തിന് തൊട്ട് മുമ്പ് കെഎസ്ആർടിസി ബസ് എവിടെയും നിർത്തിയിരുന്നില്ല. അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ താൻ മുൻവശത്തേക്ക് നീങ്ങിയ സമയത്താണ് അപകടമുണ്ടായത്. കെഎസ്ആർടിസി അമിത വേഗത്തിലായിരുന്നില്ലെന്നും പിറകിൽ വലിയ ശബ്ദം കേട്ടപ്പോഴാണ് അപകടമുണ്ടായത് അറിഞ്ഞതെന്നും ശ്രീനാഥ് ഒരു ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് വടക്കാഞ്ചേരി പൊലീസ് ജോമോനെതിരെ കേസെടുത്തത്.

അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ച ജോമോനെ ബസ് ഉടമകൾ കൂട്ടിക്കൊണ്ടു പോയി. ജോമോനെ അന്വേഷിച്ചെത്തിയപ്പോൾ ആറരയോടെ എറണാകുളത്ത് നിന്നെത്തിയവർ കൂട്ടിക്കൊണ്ടു പോയെന്നായിരുന്നു ഡോക്ടറുടെ മറുപടി. അദ്ധ്യാപകനെന്ന് പറഞ്ഞാണ് ആദ്യം ചികിത്സ തേടിയത്. പിന്നീടാണ് വാഹനം ഓടിച്ചത് താനാണെന്ന് ജോമോൻ ഡോക്ടറോട് സമ്മതിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. 5 കുട്ടികളും അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമുൾപ്പെടെ 9 പേർ മരിച്ചു. പരുക്കേറ്റ 2 പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലാണ്.

അപകടസ്ഥലത്ത് വെളിച്ചക്കുറവുണ്ടായിരുന്നു, ഇതും അത്യാഹിതത്തിന് ഇടയാക്കിയെന്നും അപകടം ഉണ്ടാകും എന്നറിഞ്ഞ് കൊണ്ടു തന്നെ അമിത വേഗത്തിൽ വാഹനമോടിച്ചതിനാലാണ് ഡ്രൈവർക്കെതിരെ 304 വകുപ്പ് പ്രകാരം കേസെടുത്തതെന്നും ഡിവൈഎസ്‌പി പറഞ്ഞിരുന്നു. എന്നാൽ പൊലീസിന്റെ നടപടികളിലെ ദുരൂഹതയ്ക്ക് തെളിവാണ് ജോമോന്റെ രക്ത പരിശോധനാ റിപ്പോർട്ട് .