വയനാട്: വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് പിടികൂടിയത് സാഹസിക നീക്കത്തിലൂടെ. മാവോയിസ്റ്റുകൾക്ക് സഹായമെത്തിക്കുന്ന തമിഴുനാട്ടുകാരനായ തമ്പിയെന്ന അനീഷിനെ കോഴിക്കോട് റൂറൽ പൊലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. തമ്പിയിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് നിർണ്ണായകമായത്. രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തമ്പിയെ പൊക്കിയത്. അതു നിർണ്ണായകവുമായി.

അടിക്കടി മാവോവാദിസാന്നിധ്യമുണ്ടായ തലപ്പുഴ സ്റ്റേഷൻ പരിധിയിലാണ് പേര്യ. ഒരുമാസംമുമ്പ് കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ വനം വികസന കോർപ്പറേഷൻ ഡിവിഷണൽ മാനേജരുടെ ഓഫീസ് തകർത്തിരുന്നു. ഇതേ തുടർന്ന് പൊലീസ് ശക്തമായ അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് സംസ്ഥാനത്തെ മാവോയിസ്റ്റ് സംഘങ്ങൾക്കു സൗകര്യങ്ങൾ ഒരുക്കുന്ന 'കുറിയർ' സംഘാംഗത്തെ മാവോ സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കോഴിക്കോട്ടു നിന്നു പിടികൂടിയത്.

ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തണ്ടർ ബോൾട്ട് ഓപ്പറേഷൻ. തമിഴ്‌നാട് സ്വദേശി അനീഷ് ബാബുവെന്ന തമ്പിയെയാണ്(57) കൊയിലാണ്ടിക്കും ബാലുശ്ശേരിക്കും ഇടയിൽ എരമംഗലത്തിനു സമീപത്തു നിന്നു പിടികൂടിയത്. തമ്പിയണ്ണൻ എന്നാണ് ഇയാളെ മാവോയിസ്റ്റുകൾ വിളിക്കുന്നത്. ഇയാളെ വയനാട്ടിലേക്കു കൊണ്ടുപോയിരുന്നു. ഇതോടെയാണ് മാവോയിസ്റ്റുകൾ പേര്യയ്ക്ക് അടുത്തുണ്ടെന്ന സൂചന കിട്ടിയത്. പേര്യ ചപ്പാരം ഭാഗത്തെ വനമേഖലയിൽ തണ്ടർ ബോൾട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് രാത്രി വെടിവയ്പുണ്ടായത്.

ചാപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം അവിടെ നിന്നു ഇറങ്ങുമ്പോഴാണ് ദൗത്യസംഘം വളഞ്ഞത്. വീട് വളഞ്ഞ തണ്ടർബോൾട്ട് ആകശത്തേക്ക് വെടിവച്ച് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടലായി. പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്. വെടിവയ്‌പ്പിൽ ഒരു മാവോയിസ്റ്റിനു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. കബനീദളത്തിൽപ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സൂചന.

പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബു ആണ് ഏരമംഗലത്ത് പിടിയിലായത്. തമിഴ്‌നാട് തിരുനൽവേലി സ്വദേശിയാണ്. അരീക്കോട് എംഎസ്‌പി ക്യാമ്പിൽ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംലത്തിലെ ഡിഐജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. കണ്ണൂർ വനമേഖലയിലും മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

തലപ്പുഴ കമ്പമലയിലെ വനം വകുപ്പ് ഓഫീസിന് നേരെയാണ് ഒരു മാസം മുമ്പ് മാവോയിസ്റ്റ് ആക്രമണം നടന്നത്. കെ.എഫ്.ഡി.സി ഓഫീസ് സായുധ സംഘം അടിച്ചുതകർത്തു. ആറംഗം സംഘം ഓഫീസിൽ പോസ്റ്ററുകളും പതിച്ചു. അന്ന് ഉച്ചക്ക് 12 മണിയോടെയാണ് ആറംഗ സായുധ സംഘമാണ് ഓഫീസിലെത്തിയത്. ജീവനക്കാരുമായി അൽപ്പനേരം സംസാരിച്ച ശേഷമാണ് ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകർത്തത്. രണ്ടു തവണ കമ്പമലയിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ചിരുന്നു.

ആദിവാസികളോടുള്ള ചൂഷണം അവസാനിപ്പിക്കുക, തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുക, തോട്ടം തൊഴിലാളികളുടെ കൂരകൾ മാറ്റി വാസയോഗ്യമായ വീടുകൾ നിർമ്മിച്ച് നൽകുക, വേതനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പോസ്റ്ററുകളാണ് പതിച്ചത്. ഇതോടെ ഈ മേഖലയിൽ തണ്ടർ ബോൾട്ട് നിരീക്ഷണം ശക്തമാക്കി. ഇതിനിടെയാണ് നിർണ്ണായക വിവരങ്ങൾ കിട്ടിയത്.