വയനാട്: തണ്ടർബോൾഡ് ഓപ്പറേഷൻ ശക്തമാക്കുന്നത് കബനീദളത്തിനെതിരെ. മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ 18 മാവോവാദികളാണ് 'കബനിദളം' എന്ന പേരിൽ പ്രവർത്തിക്കുന്നത്. ഇപ്പോൾ വയനാട് തലപ്പുഴയ്ക്കും ആറളം ഫാമിനുമിടയിലെ വനത്തിലാണ് മാവോവാദികൾ താവളമടിച്ചിരിക്കുന്നത്. ഇതിൽ രണ്ടു പേരെയാണ് പിടികൂടിയത്. തണ്ടർബോൾട്ടിനെ പ്രതിരോധിച്ച് രക്ഷപ്പെട്ടത് രണ്ടു പേരും.

കഴിഞ്ഞദിവസം ആറളം ഫാമിനടുത്ത് കേളകത്ത് വനംവകുപ്പിന്റെ വാച്ചർമാർക്കെതിരേ മാവോവാദികൾ വെടിയുതിർത്തിരുന്നു. വയനാട്ടിൽ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫീസും കമ്പമല കോളനിയിലെ സി.സി.ടി.വി. ക്യാമറയും അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം മാവോവാദികൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കുന്നതിനിടയിലാണ് തമ്പി എന്ന കുറിയർ പിടിയിലാവുന്നത്. മാവോയിസ്റ്റുകൾ വിവരങ്ങൾ കൈമാറുന്ന വ്യക്തിയെയാണ് കുറിയർ എന്ന് വിളിക്കുന്നത്. ഇതാണ് വയനാട്ടിൽ വെടിയൊച്ചയായത്.

അങ്ങനെ മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിലായി. രണ്ടുസ്ത്രീകൾ ഓടി രക്ഷപ്പെട്ടു. കബനീദളത്തിൽ ഉൾപ്പെട്ട ചന്ദ്രുവിനെയും ഉണ്ണിമായയെയുമാണ് കസ്റ്റഡിയിലെടുത്തത്. പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടർബോൾട്ടും പൊലീസും മാവോയിസ്റ്റ് വളഞ്ഞത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വെടിവെപ്പുണ്ടായി. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കോഴിക്കോട് കൊയിലാണ്ടിക്ക് അടുത്തു നിന്ന് മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് ഒരാളെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്‌നാട്‌സ്വദേശിയായ തമ്പിയെന്ന അനീഷ് ബാബുവാണ് പിടിയിലായത്. ഇയാളിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വയനാട്ടിൽ തിരച്ചിൽ നടത്തിയത്. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗമാണ് തമ്പി.

കേരള വനമേഖലയിൽ നിലവിൽ മുപ്പതോളം പേർ പ്രവർത്തന രംഗത്തുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരോടൊപ്പം സുന്ദരി, വയനാട് തവിഞ്ഞാൽ സ്വദേശി ജിഷ, കവിത, ഉണ്ണിമായ എന്നിവരുമുൾപ്പെടും. ജയണ്ണ, സുന്ദരി എന്നിവർക്ക് എൻ ഐ എ 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഇണ്ണിമായയാണ് ഇപ്പോൾ പിടിയിലായത്. സുന്ദരി രക്ഷപ്പെട്ടുവെന്നാണ് വിലയിരുത്തൽ.

ഉന്നത നേതാക്കളായ ബി ജി കൃഷ്ണമൂർത്തിയും സാവിത്രിയും പിടിയിലായതോടെ കേരളത്തിലെ മാവോയിസ്റ്റുകൾക്ക് പുതുനേതൃത്വം എത്തി. മാവോയിസ്റ്റ് ഗറില്ലാ സേനയുടെ കേരളാ തലവനായ ബി ജി കൃഷ്ണമൂർത്തി കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട പ്രത്യേക സോണൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. കേരളാ പൊലീസിന്റെ പിടിയിലാവുന്ന ഏറ്റവും ഉന്നതനായ നേതാവു കൂടിയാണ് അദ്ദേഹം.

അന്ന് പിടിയിലായ സാവിത്രി വയനാട്, കോഴിക്കോട്, കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കബനീ ദളത്തിന്റെ കമാൻഡറായിരുന്നു. കേന്ദ്ര കമ്മിറ്റിയംഗമായ കുപ്പു ദേവരാജ് 2016ൽ നിലമ്പൂർ വനത്തിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് കൃഷ്ണമൂർത്തി നേതൃത്വത്തിലേക്ക് എത്തിയത്. കുപ്പു ദേവരാജിന്റെയും 2019ൽ മണിവാസകത്തിന്റെയും മരണത്തോടെ മലപ്പുറം പാലക്കാട് മേഖല കേന്ദ്രമായുള്ള ഭവാനി, നാടുകാണി ദളങ്ങളുടെ പ്രവർത്തനങ്ങൾ നിർജീവമായിരുന്നു. തുടർന്ന് വയനാട്, കോഴിക്കോട്, കണ്ണൂർ കേന്ദ്രീകരിച്ചുള്ള ബാണാസുര, കബനി ദളങ്ങളിലായിരുന്നു കൃഷ്ണമൂർത്തിയുടെ കേരളത്തിലെ പ്രധാന പ്രവർത്തനം.

മറ്റ് സംസ്ഥാനങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ മാവോയിസ്റ്റുകളുടെ പ്രവർത്തന രീതി. കേരളത്തിൽ ഒരിക്കൽ പോലും സാധാരണ ജനങ്ങൾക്കെതിരെ ആക്രമണം നടത്തിയിട്ടില്ല. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിലെ വനങ്ങളും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ വനങ്ങളും ഉൾപ്പെടുത്തി പുറത്തുനിന്നുമുള്ളവർക്കോ പൊലീസിനോ എത്തിപ്പെടാൻ പ്രയാസ കരമായ പ്രദേശങ്ങളിലാണ് ഇവർ താവളമാക്കുന്നത്. കബനി, നാടുകാണി, ഭവാനി എന്നിങ്ങനെ മൂന്ന് ദളങ്ങളായായിരുന്നു ആദ്യം ഉണ്ടായിരുന്നത്.

2017 ൽ വരാഹിനി എന്ന ദളവും രൂപീകരിച്ചു. പൊതുവെ, വനത്തോട് ചേർന്നുള്ള ആദിവാസി കോളനികളിലെത്തി അവിടുത്തുകാരുമായി സംസാരിച്ചും ലഘുലേഖകൾ വിതരണം ചെയ്തുമാണ് പ്രവർത്തനം. സായുധ വിപ്ലവത്തെ കുറിച്ച് ആദിവാസികളോട് സംസാരിക്കുകയും അവരുടെ പിന്തുണ നേടാൻ ശ്രമിക്കുകയും ചെയ്യും. റിസോർട്ടുകൾക്കും അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കും ആദിവാസികളുടെ ഭൂമി കയ്യേറുന്നതിനുമെതിരായ, ആക്രമണങ്ങൾ മാത്രമാണ് കേരളത്തിലെ മാവോയിസ്റ്റുകൾ നടത്തുന്നത്. ഫോറസ്റ്റ് ഔട്ട് പോസ്റ്റുകൾക്കെതിരേയും ആക്രമണങ്ങളുണ്ടാകാറുണ്ട്.

മാവോയിസ്റ്റു സാന്നിധ്യം നിത്യസംഭവമായ കണ്ണൂരിലെ മലയോര മേഖലയിൽ ഇവർക്ക് കീഴടങ്ങാനുള്ള നിർദ്ദേശങ്ങളടങ്ങുന്ന പോസ്റ്ററുകൾ പൊലീസ് വിവിധയിടങ്ങളിൽ പതിച്ചിരുന്നു. ഈയിടെയായി മാവോയിസ്റ്റുകൾ എത്തുകയും പ്രകടനം നടത്തുകയും മറ്റും ചെയ്ത ആറളം, വിയറ്റ്നാം, അമ്പായത്തോട്, കൊട്ടിയൂർ, പ്രദേശങ്ങളിലാണ് പൊലീസ് പോസ്റ്ററുകൾ പതിച്ചത്. മാവോയിസ്റ്റുകൾക്ക് കീഴടങ്ങാൻ അവസരം ഒരുക്കിയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകളാണ് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പതിച്ചത്.

അയ്യൻകുന്ന് ,ആറളം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ മാവോയിസ്റ്റുകൾ എത്തി പ്രകടനവും പോസ്റ്ററുകളും പതിക്കുന്നത് പതിവായ സാഹചര്യത്തിലാണ് മാവോസ്റ്റുകൾ എത്താൻ ഇടയുള്ള ഇത്തരം പ്രദേശങ്ങളിൽ പൊലീസ് പോസ്റ്ററുകൾ പതിച്ചത്. മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും പോസ്റ്ററിലുണ്ടായിരുന്നു. പതിച്ച പോസ്റ്ററുകളിൽ ആറു സ്ത്രികൾ ഉൾപ്പടെ 18 പേരുടെ ഫോട്ടോയാണുള്ളത്. ഇവർ വിവിധ കേസുകളിൽ പ്രതികളാണ്, ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങൾ തരുന്നവർക്ക് പാരിതോഷികം നൽകുമെന്നും അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നു പോസ്റ്ററിൽ പറയുന്നു.

സഞ്ജയ് ദീപക് റാവു, സി. പി. മൊയ്തീൻ, സോമൻ, ജയണ്ണ വിക്രം ഗൗഡ, സുരേഷ്, കോട്ട ഹോണ്ട രവി , രമേഷ് ചന്തു , വിമൽ കുമാർ , ലത,കവിത, സുന്ദരി ജിഷ, ഉണ്ണിമായ തുടങ്ങിവരുടെ ഫോട്ടോകളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നു.