പാറശാല: മൂന്നരവയസ്സുകാരനെ അങ്കണവാടിയിലെ ഹെൽപർ മർദിച്ച സംഭവം ആദ്യം മൂടിവെച്ചങ്കിലും പാറശാല താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി ഡോക്ടറുടെ ഇടപെടലിൽ കേസെടുത്ത് പൊഴിയൂർ പൊലീസ്. കാരോട് പഞ്ചായത്ത് ചാരോട്ടുകോണം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.

ബുധനാഴ്ച വൈകുന്നരേം മാതാവ് അങ്കണവാടിയിൽ നിന്ന് കുഞ്ഞിനെ വിളിക്കാൻ എത്തിയപ്പോൾ കരയുന്നത് കണ്ട് കാരണം അന്വേഷിച്ചെങ്കിലും ഹെൽപർ വ്യക്തമായ ഉത്തരം നൽകിയില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ കുഞ്ഞിന് ജലദോഷമാണ് അതു കൊണ്ടാവും കരയുന്നത് എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ്് ലഭിച്ചത്. എന്നുംഅമ്മയോടൊപ്പം നടന്ന് വീട്ടിൽ വരുന്ന കുട്ടി പാതി വഴിയിൽ എത്തിയപ്പോൾ നടക്കാൻ വയ്യെന്ന് പറഞ്ഞു. ഒടുവിൽ കുട്ടിയുടെ അമ്മ എടുത്താണ് കുഞ്ഞിനെ വീട്ടിലെത്തിച്ചത്.

വീട്ടിലെത്തിയപ്പോൾ വലതു കൈയിൽ നുള്ളിയ പാടും, വലതു കാലിൽ തുടയുടെ ഭാഗത്ത് കൈ വടി കൊണ്ട് മർദിച്ച പാടുകളും കണ്ടെത്തി. ശരീരത്തിലെ പല ഭാഗത്തും നുള്ളു കൊണ്ട് ചുവന്ന് തടിച്ചിട്ടുണ്ട്. കാലിൽ അടിയേറ്റ ഭാഗത്ത് നീരു വന്ന വീർത്ത നിലയിൽ ആയിരുന്നു. അപ്പോൾ തന്ന രക്ഷിതാക്കൾ ആയയെ ഫോണിൽ ബന്ധപ്പെട്ടു. വഴക്കായി. ഇനി കുട്ടിയെ അങ്കണ വാടിയിൽ വിടില്ലന്നും പറഞ്ഞു. ഇതിനിടെ സംഭവം ഒതുക്കി തീർക്കാൻ വാർഡിലെ ചില പൊതു പ്രവർത്തകരും കുട്ടിയുടെ വീടുമായി ബന്ധപ്പെട്ടു.

പീന്നീട് രാത്രി കുഞ്ഞിന് പനി കൂടുകയും വിറയലും അസ്വസ്ഥതയും വരികയും ചെയ്തതോടെ രക്ഷിതാക്കൾ കുഞ്ഞിനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കുഞ്ഞിന്റെ കാലിലെയും ശരീരത്തിലെയും പാട് കണ്ട് രക്ഷിതാക്കൾ മർദ്ദിച്ചിരിക്കാമെന്ന കണക്കു കൂട്ടലിൽ കാഷ്വാലിറ്റി ഡോക്ടർ രക്ഷിതാക്കളെ ചോദ്യം ചെയ്തു. അപ്പോഴാണ് അങ്കണ വാടിയിലെ അതിക്രമ കഥ ഡോക്ടർ അറിയുന്നത്.

ഡോക്ടർ അപ്പോൾ തന്നെ വിഷയം പാറശാല പൊലീസിനെ അറിയിച്ചു. പാറശാല പൊലീസ് അറിയിച്ച പ്രകാരം പൊഴിയൂർ പൊലീസ് കുഞ്ഞിന്റെ വീട്ടിലെത്തി രക്ഷിതാക്കൾ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. അദ്ധ്യാപിക ഒരു മാസമായി അവധിയിലായതിനാൽ ഹെൽപർ മാത്രം ആണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. പൊഴിയൂർ പൊലീസ് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ചുമത്തി സംഭവത്തിൽ കേസെടുത്തു.

കുട്ടിയുടെ പരുക്കുകൾ ഡോക്ടറെ കൊണ്ട് പരിശോധിച്ച ശേഷം കേസ് സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വിശദീകരണം. ഇതിനിടെ സംഭവം ഒതുക്കി തീർക്കാൻ ചില പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ശ്രമം തുടങ്ങിയിട്ടുണ്ട്.