തൃശുർ: കരുവന്നുർ സഹകരണബാങ്കിൽ നടന്നത് വെറുമൊരു നിക്ഷേപത്തിട്ടപ്പ് മാത്രമല്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന പല അതിനിർണ്ണായക പ്രശ്നങ്ങളും ഉൾപ്പെടുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കിട്ടിയ പ്രാഥമിക വിവരങ്ങൾ. തീവ്രവാദ പണമൊഴുക്കലും കള്ളപ്പണം വെളുപ്പിക്കലും സഹകരബാങ്കുകളിലൂടെയോ എന്ന സംശയമാണ് ഇതോടൊപ്പം ഉയരുന്നത്. നോട്ട് നിരോധനമുണ്ടായ നവംബർ ആദ്യം കരുവന്നൂർ ബാങ്കിൽ കോടികളുടെ നിക്ഷേപം എത്തിയതാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. അല്ലാതെ നിക്ഷേപത്തട്ടിപ്പനിക്കെുറിച്ചൊക്കെ ഒക്കെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

നോട്ട് നിരോധന സമയത്ത് കരുവന്നൂർ ബാങ്കിലേക്കെത്തിയ നിക്ഷേപത്തിന്റെ വിവരങ്ങൾ തേടിയാണ് ഇ ഡി ചേർപ്പിലെ സ്വർണവ്യാപാരി അനിൽ സേഠിന്റെയും കോലഴിയിലെ സതീശൻ വെളപ്പായയുടെയും വീടുകളിലെത്തിയത്. വൻ തോതിൽ എത്തിയ നിക്ഷേപത്തിൽ നിരോധിച്ച നോട്ടുകളും മാറ്റിയെടുത്തെന്ന സൂചന ഇഡിക്ക് കിട്ടിട്ടുണ്ട്. ബാങ്കിൽ 2015-16 സാമ്പത്തിക വർഷം 405.51 കോടി നിക്ഷേപമുണ്ടായിരുന്നത് 2016-17-ൽ 501 കോടിയായി. 96 കോടിയാണ് ഒറ്റ വർഷത്തിൽ കൂടിയത്. നോട്ട് നിരോധനമുണ്ടായ നവംബർ ആദ്യം നിക്ഷേപം കുമിഞ്ഞുകൂടുകയായിരുന്നു. 2017-18-ൽ നിക്ഷേപം 405 കോടിയായി ഇടിഞ്ഞു.

ഇതിനടുത്ത വർഷം 340 കോടിയായും നിക്ഷേപം കുറഞ്ഞു. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തി കേസെടുത്ത 2021-ൽ നിക്ഷേപം 301 കോടിയായിരുന്നു. അഞ്ച് വർഷത്തിൽ 200 കോടിയാണ് പിൻവലിച്ചത്. ഇത്ര ചെറിയ കാലത്ത് വൻതോതിൽ നിക്ഷേപം പിൻവലിച്ചതിന് പിന്നിൽ ബാങ്ക് പ്രതിസന്ധി അറിയുന്നവരുടെ ഇടപെടലുള്ളതായും അവർ വേണ്ടപ്പെട്ടവരെ സഹായിച്ചുവെന്നും ഇ ഡി കരുതുന്നു. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ നേരത്തെ സഹകരണ ബാങ്കുകളിലുടെ വൻ തുക വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന സംശയവും ഇ ഡിക്ക് മുന്നിലുണ്ട്.

മൊയ്തീൻ അകത്താവുമോ?

കരുവന്നൂർ സഹകരണബാങ്കിലെ 125.83 കോടിരൂപയുടെ തട്ടിപ്പ് മുൻഭരണസമിതിയംഗങ്ങളും അഞ്ചുജീവനക്കാരുംമാത്രം നടത്തിയതായി കാണിച്ച് കേസ് അവസാനിപ്പിക്കാനുള്ള സഹകരണവകുപ്പിന്റെ ശ്രമത്തിനിടെയാണ് ഇഡിയുടെ നടപടി. സിപിഎം. സംസ്ഥാനകമ്മിറ്റി അംഗമായ എ.സി. മൊയ്തീൻ എംഎൽഎ.യുടെ വീട്ടിൽ ചൊവ്വാഴ്ച ഇ.ഡി. റെയ്ഡ് നടത്തിയത് അതീവ രഹസ്യമായാണ്. റെയ്ഡിന് ഇഡി എത്തിയ ശേഷമാണ് പൊലീസു പോലും കാര്യം അറിഞ്ഞത്.

മുന്മന്ത്രിയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ എഫ്.ഡിയായി കിടക്കുന്ന 30 ലക്ഷം രൂപ കണക്കിൽപ്പെടാത്തതാണെന്നാണ് ഇ.ഡി. പറയുന്നത്. അതിനാലാണ് മരവിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോൺസംഭാഷങ്ങളുണ്ടായിട്ടുണ്ട്. മൊയ്തീൻ നിർദ്ദേശിക്കുന്നവർക്ക് കോടിക്കണക്കിന് രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. മൊയ്തീന്റെ വീട്ടിലേതിനുപുറമേ അനിൽ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവർ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്റെ അകന്ന ബന്ധത്തിലുള്ളവരാണെന്ന് ഇ.ഡി. അന്വേഷണസംഘം പറയുന്നത്.

ഇവരുടെ പക്കൽ നിർണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരാൾക്ക് സഹകരണബാങ്കിൽ അൻപതോളം അക്കൗണ്ടും മറ്റൊരാൾക്ക് 25-ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് കണ്ടെത്തൽ. സഹകരണബാങ്കിൽ തന്നെ ഇത്രയേറെ അക്കൗണ്ടുകൾ ആരംഭിക്കുന്നത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇ.ഡിയുടെ നിഗമനം.

ബിനാമികൾ എന്ന് പറയപ്പെടുന്നവർക്ക് മൊയ്തീന്റെ സ്വാധീനത്തിൽ 45 കോടിയോളം രൂപ വായ്പ നൽകിയിട്ടുണ്ടെന്ന് ഇ.ഡി. കണ്ടെത്തി. ഇവരെ ചോദ്യംചെയ്ത ശേഷമാവും എ.സി. മൊയ്തീന് നോട്ടീസ് നൽകുക. സഹകരണ രജിസ്ട്രാറിൽ ഒരാളാണ് മൊയ്തീനെതിരെ മൊഴിനൽകിയതെന്നാണ് വിവരം. ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നു, അത് തടയണമെന്ന് സഹകരണ രജിസ്ട്രാർ മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ഇതിനാലാണ് വായ്പ ക്രമക്കേടിലും മൊയ്തീനു പങ്കുണ്ടെന്ന നിഗമനത്തിലേക്ക് ഇ.ഡി. എത്തിയിരിക്കുന്നത്. മൊയ്തീന്റെ സ്വാധീനത്തിൽ മറ്റുപലർക്കും വായ്പ നൽകിയതായും മൊഴി ലഭിച്ചിട്ടുണ്ട്.

ക്രമക്കേട് ഉയർന്ന കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്നു മൊയ്തീൻ. തട്ടിപ്പിനെക്കുറിച്ച് ജില്ലാ നേതൃത്വത്തിന് പരാതി കിട്ടിയെങ്കിലും കാര്യമായെടുത്തില്ല. പിന്നീട് പാർട്ടിയുടെ രണ്ടംഗ അന്വേഷണസംഘം നൽകിയ ഗുരുതര ക്രമക്കേടെന്ന റിപ്പോർട്ടും പൂഴ്‌ത്തപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലയിലെ മുതിർന്ന നേതാക്കൾ സംസ്ഥാനതലത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് മൊയ്തീൻ മന്ത്രിയായി. ഈ പരാതി നിലനിൽക്കെതന്നെ പ്രതികളായ ബിജു കരീം, സി.കെ. ജിൽസ് എന്നിവരുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിനും എത്തിയത് വിവാദമായിരുന്നു.

ഇ ഡി വൈകാതെ മൊയതീനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും, ചിലപ്പോൾ അറസ്റ്റ് ഉണ്ടാവുമെന്നും സിപിഎം ഭയക്കുന്നുണ്ട്. വീണാ വിജയന്റെ മാസപ്പടിയിൽ ആകെ പ്രതിരോധത്തിലായ സിപിഎമ്മിന് ആഘാതമാവുകയാണ് കരുവന്നുർ ബാങ്ക് തട്ടിപ്പിലെ ഇ ഡി അന്വേഷണവും. ചെങ്കൊടിത്തണലിൽ വളർന്ന തട്ടിപ്പ് എന്നാണ് തൃശൂർ ജില്ലയിലെ കരുവന്നുർ സഹകരബാങ്കിലെ കോടികളുടെ വായ്‌പ്പാതട്ടിപ്പിനെ വിശേഷിപ്പിക്കാവുന്നത്.