കൊല്ലം : കൊല്ലത്ത് സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സൈന്യം അന്വേഷണം തുടങ്ങി. കിളികൊല്ലൂർ സ്റ്റേഷനിലെ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പരാതിക്കാരൻ എത്തുമ്പോഴാണ് സേനയുടെ ഇടപെടൽ. സൈനികനെ മർദ്ദിച്ചത് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മിലിറ്ററി പൊലീസ് ഇക്കാര്യത്തിൽ നടപടികൾ എടുക്കും. കേസ് സിബിഐയെ കൊണ്ടും അന്വേഷിക്കും. സൈനികനാണെന്ന് അറിഞ്ഞാണ് മർദ്ദനമെന്നത് അതീവ ഗൗരവത്തോടെയാണ് സേന കാണുന്നത്. ഇനി നീ കാഞ്ചി വലിക്കില്ലെന്ന് പറഞ്ഞ് വിരൽ പോലും ഒടിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ സേന അതിശക്തമായ നടപടി എടുക്കുമെന്നാണ് സൂചന.

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ നേതാവിനെയും സൈനികനായ സഹോദരനെയും മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർക്കു സസ്‌പെൻഷൻ നൽകിയിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.വിനോദ്, എസ്‌ഐ എ.പി. അനീഷ്, എഎസ്‌ഐ ആർ. പ്രകാശ് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ മണികണ്ഠൻ പിള്ള എന്നിവർക്കാണു സസ്‌പെൻഷൻ. അനീഷ്, പ്രകാശ് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ വി.ആർ ദിലീപ് എന്നിവരെ നേരത്തേ സ്ഥലംമാറ്റിയിരുന്നു. വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തി. ഇതിനിടെയാണ് സൈനിക ഇടപെടൽ വരുന്നത്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സൈന്യം റിപ്പോർട്ട് തേടി.

ഡിവൈഎഫ്‌ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറി പേരൂർ ഇന്ദീവരത്തിൽ വിഘ്‌നേഷ് (25), സൈനികനായ ജ്യേഷ്ഠസഹോദരൻ വിഷ്ണു (30) എന്നിവരെ മർദിച്ച സംഭവത്തിലാണു നടപടി. ഓഗസ്റ്റ് 25 ന് ലഹരിമരുന്നുമായി 2 യുവാക്കൾ പൊലീസ് പിടിയിലായതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇവരിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂരിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയും പണവുമായി ദമ്പതികളടക്കം 4 പേരും അറസ്റ്റിലായി. ഈ സംഭവവുമായി ബന്ധപ്പെട്ടു സ്റ്റേഷനിലെത്തിയ ഇവരുടെ സുഹൃത്തുക്കളായ വിഷ്ണുവും വിഘ്‌നേഷും സ്റ്റേഷനിൽ അതിക്രമം കാട്ടുകയും വിഷ്ണു കയ്യിലെ ഇരുമ്പുവള ഊരി എഎസ്‌ഐ പ്രകാശ് ചന്ദ്രനെ മർദിക്കുകയും ചെയ്‌തെന്നായിരുന്നു പൊലീസ് വിശദീകരണം. തലയ്ക്കു സാരമായി പരുക്കേറ്റ പ്രകാശ് ചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതെല്ലാം സൈന്യം പരിശോധിക്കും. വിഷ്ണുവിന്റെ അമ്മ പ്രതിരോധ മന്ത്രിക്ക് പരാതിയും നൽകും.

സസ്‌പെൻഷൻ കൊണ്ട് മാത്രം കാര്യമില്ലെന്നും അക്രമിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നും മർദ്ദനമേറ്റ വിഘ്‌നേഷ് പറയുന്നു. കേസിൽ പൊലീസുകാർക്കുണ്ടായ വീഴ്‌ച്ച സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ ആദ്യം മുതലേ സ്വീകരിച്ചത്. ഒന്പത് പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് തല്ലിച്ചതച്ചതെന്നാണ് വിഘ്‌നേഷ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ജില്ലാ പൊലീസ് മേധാവി ഡിഐജി ആർ നിശാന്തിനിക്ക് നൽകിയ റിപ്പോർട്ടിൽ എസ്.എച്ച്.ഒ വിനോദും എസ്‌ഐ അനീഷും യുവാക്കളെ മർദ്ദിച്ചതായി പറയുന്നില്ല. മാത്രമല്ല നടപടി നാല് പേരിലേക്ക് ഒതുങ്ങി. ഇതിനിടെയാണ് സൈന്യം അന്വേഷണത്തിന് എത്തുന്നത്.

മറ്റുള്ള പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ക്രൂരമായി മർദ്ദിച്ചതിന് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത നടപടി കൊണ്ട് മാത്രം താൻ തൃപ്തയല്ലെന്ന് മർദ്ദനമേറ്റ വിഘ്‌നേഷിന്റെ അമ്മ പറഞ്ഞു. പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിഘ്‌നേഷിന്റെ അമ്മ സലീല കുമാരി പറഞ്ഞു

പൊലീസുകാരെ മർദിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിഷ്ണുവും വിഘ്‌നേഷും 12 ദിവസം ജയിലിൽ കിടന്നു. ഇതെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പിന്നീട് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. അറസ്റ്റിലായവർക്കു ജാമ്യമെടുക്കാൻ നാട്ടുകാരനായ പൊലീസുകാരനാണ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. എംഡിഎംഎയുമായി ബന്ധപ്പെട്ട കേസാണെന്നറിഞ്ഞപ്പോൾ, പിഎസ്‌സി പരീക്ഷയെഴുതി പൊലീസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതിനാൽ ജാമ്യം നിൽക്കാൻ കഴിയില്ലെന്നു പറഞ്ഞു പിന്മാറി. ഇതിനിടെ ജ്യേഷ്ഠൻ വിഷ്ണുവും സ്റ്റേഷനിലെത്തി.

വിഷ്ണുവിന്റെ ബൈക്ക് പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മർദിക്കുകയായിരുന്നുവെന്നാണ് വിഘ്‌നേഷ് പറയുന്നത്. സ്റ്റേഷനിലെ മറ്റു പൊലീസുകാരും മർദിച്ചു. കേസിൽപെട്ടതോടെ തന്റെ നിശ്ചയിച്ച വിവാഹം മുടങ്ങിയെന്നും പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ ശാരീരികക്ഷമതാ പരിശോധനയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും വിഘ്‌നേഷ് പറയുന്നു. സ്‌പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സഹോദരന്മാർക്കും പൊലീസുകാരനും മർദനമേറ്റെന്നു കണ്ടെത്തി. സ്റ്റേഷനിൽ കയ്യാങ്കളി നടന്നിട്ടും ഇടപെടാതിരുന്ന സിവിൽ പൊലീസ് ഓഫിസർ ദിലീപിനെതിരെ കൂടുതൽ നടപടി വേണമെന്നും ശുപാർശ ചെയ്തു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ ബീനാകുമാരി സിറ്റി പൊലീസ് കമ്മിഷണർക്കു നിർദ്ദേശം നൽകി.