കോഴിക്കോട്: ഒളവണ്ണയിലെ ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതക കേസിലെ പ്രതികളായ ഷിബിലിയും ഫർഹാനയും നേരത്തെ തന്നെ ക്രിമിനലുകൾ ആയിരുന്നുവെന്ന് വ്യക്തമാകുന്ന തെളിവുകൾ പുറത്തു വന്നു. ഷിബിലിക്കെതിരെ കൂട്ടുപ്രതിയായ ഫർഹാന മുൻപ്  കേസ് നൽകിയിരുന്നതായി വിവരമുണ്ട്. 2021 ജനുവരിയിൽ പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫർഹാന ഷിബിലിയെ പ്രതിയാക്കി കേസ് ഫയൽ ചെയ്തത്. അന്നത്തെ കേസിനു ശേഷമാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായതെന്നാണ് വിവരം.

പൊലീസ് ചെന്നൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫർഹാന ചളവറ സ്വദേശിനിയും. 2018ൽ നെന്മാറയിൽ വഴിയരികിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരെ ഫർഹാനയും കുടുംബവും നൽകിയ കേസ്.  ഇതുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണ് ഫർഹാനയുടെ കുടുംബം കേസ് കൊടുക്കുന്നത്. അന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂർ സബ് ജയിലിലായിരുന്നു.

ഇരുവർക്കുമെതിരെ മുൻപും പലതവണ പരാതികൾ ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. ബന്ധുവീട്ടിൽനിന്ന് അടുത്തിടെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫർഹാനയ്‌ക്കെതിരെ പരാതി ഉയർന്നിരുന്നു. കാറൽമണ്ണയിൽ ബന്ധുവീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഫർഹാന സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. സ്വർണമെടുത്തത് താനാണെന്ന് കത്തെഴുതി വച്ചാണ് ഫർഹാന പോയതെന്നാണ് വിവരം. അന്ന് ഫർഹാന, ഷിബിലിക്കൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്നെന്നാണ് സംശയം.

ഈ മാസം 23 മുതൽ ഫർഹാനയെ കാണാനില്ലെന്നു വ്യക്തമാക്കി ഫർഹാനയുടെ കുടുംബം തൊട്ടടുത്ത ദിവസം ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൻ പൊലീസ് സംഘം ചളവറയിലെ ഫർഹാനയുടെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്നു വീട്ടുകാർ പരാതി നൽകിയിരുന്നതിനാൽ അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് എത്തിയതെന്നാണ് നാട്ടുകാർ കരുതിയത്.

24ന് രാത്രി മൂന്നു വാഹനങ്ങളിലായാണ് പൊലീസ് സംഘമെത്തിയത്. ഇവർ ഫർഹാനയുടെ സഹോദരൻ ഗഫൂറിനെ അന്നു രാത്രി കൂട്ടിക്കൊണ്ടുപോയിരുന്നു. പിറ്റേന്ന് രാവിലെ വീണ്ടും എത്തിയ പൊലീസ് ഫർഹാനയുടെ പിതാവ് വീരാൻകുട്ടിയെയും കൊണ്ടുപോയെങ്കിലും അന്നു വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെത്തിച്ചു.

എന്നാൽ, ഈ സമയമെല്ലാം ഫർഹാനയും ഷിബിലിയും പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഹോട്ടൽ വ്യവസായി സിദ്ദീഖിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് ചെന്നൈയിൽവച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് സംഘം ഫർഹാനയുടെ വീട്ടിലെത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.അതേസമയം, വീരാൻകുട്ടിയുടെ പേരിലും ഈ മാസം പൊലീസിൽ പരാതി ലഭിച്ചിരുന്നു. മദ്യപിച്ച് ബഹളം വച്ചെന്ന് ചൂണ്ടിക്കാട്ടി അയൽവാസിയാണ് ഈ മാസം 13ന് പൊലീസിൽ പരാതി നൽകിയത്.

ഹോട്ടലിൽ നിന്ന് സിദ്ദിഖിന്റെ മൃതദേഹം അടങ്ങിയ ട്രോളി ബാഗുമായി രണ്ട് പേർ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മെയ് 19ന് ഉച്ചയ്ക്ക് 3.09നും 3.11നുമിടയിലാണ് പ്രതികളെന്ന് സംശയിക്കുന്ന സ്ത്രീയും പുരുഷനും ട്രോളിയുമായി ഹോട്ടലിൽ നിന്ന് ഇറങ്ങി കാറിൽ കയറി പോകുന്നത്. കാറിന്റെ ഡിക്കി തുറന്ന് ട്രോളി ബാഗുകൾ എടുത്ത് വച്ച ശേഷം കാറുമായി പോകുകയായിരുന്നു. മൂന്ന് മിനുട്ട് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

കൊലപാതകം മെയ് 18 നോ 19 നോ ആകാം നടന്നതെന്നാണ് മലപ്പുറം എസ്‌പി സുജിത്ത് ദാസ് പറയുന്നത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും വ്യക്തി വൈരാഗ്യമാകാം കൊലപാതക കാരണമെന്ന് സംശയിക്കുന്നതായും എസ് പി പറഞ്ഞു. അതേസമയം മൃതദേഹം ശരീരത്തിന്റെ നേർ പകുതിയായി മുറിച്ചാണ് വെട്ടി നുറുക്കി പെട്ടിയിലാക്കിയത്. രണ്ട് ഭാഗങ്ങളും രണ്ട് പെട്ടിയിലാക്കി. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഈ രണ്ട് പെട്ടിയിലുമുണ്ടെന്നാണ് വ്യക്തമാകുന്നത്. തിരക്കില്ലാത്ത അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നാണ് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്.

സംഭവത്തിൽ നാല് പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷിബിലി, സുഹൃത്ത്, ആഷിഖ്, ഫർഹാന, ഫർഹാനയുടെ സഹോദരൻ ഷുക്കൂർ, എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സിദ്ദിഖ് അവസാനം ഹോട്ടലിൽ എത്തിയത് വ്യാഴാഴ്ചയാണെന്നും ഷിബിലി ഹോട്ടലിൽ ജോലിക്ക് എത്തിയത് 15 ദിവസം മുമ്പാണെന്നും കൂടെ ജോലി ചെയ്ത യൂസഫ് മാധ്യമങ്ങളോടു പറഞ്ഞു. പെരുമാറ്റ ദൂഷ്യം കൊണ്ട് ഇയാളെ ജോലിയിൽ നിന്ന് കണക്കുകൾ തീർത്തു പറഞ്ഞുവിട്ടു എന്നും യൂസഫ് വ്യക്തമാക്കി. ഷിബിലി മടങ്ങിയതിന് പിന്നാലെ സിദ്ധിഖും പോയെന്നും ഇയാൾ പറഞ്ഞു.