തിരുവനന്തപുരം. കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ സുഹൃത്തായ യുവതിയുടെ പരാതി. കോവളത്ത് വച്ച് യുവതിയെ എംഎൽഎ മർദ്ദിച്ചുവെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കോവളം പൊലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം പരാതി പിൻവലിക്കാൻ യുവതിയുടെ മേൽ കടുത്ത സമ്മർദ്ദം തുടരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്താണ് സംഭവം. കോൺഗ്രസ് നേതാവും പെരുമ്പാവുർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളി ഇവിടെ വച്ച് യുവതിയെ മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദ്ദിച്ചൂവെന്നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. കമ്മീഷണർക്ക് ലഭിച്ച പരാതി കോവളം പൊലീസിന് കൈമാറി. തുടർന്ന് യുവതിയെ രണ്ടുതവണ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചുവെന്നാണ് വിവരം.

ഇതിനിടയിൽ പരാതി പിൻവലിക്കാൻ യുവതിയുടെ മേൽ വലിയ സമ്മർദ്ദമുണ്ടായെന്നാണ് സൂചന. സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയായ യുവതിയുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. സംഭവം നടന്ന ദിവസം എൽദോസ് കുന്നപ്പിള്ളിയും യുവതിയും കോവളം ഭാഗത്ത് ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഇരുവരുടെയും മൊബൈലിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കും.

പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ മറ്റ് നടപടികളിലേക്ക് നീങ്ങും. എഫ്.ഐ ആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ തുടർനടപടിയുടെ ഭാഗമായി എൽദോസ് കുന്നപ്പള്ളി എം എൽ എ യെ കോവളം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. അതേസമയം യുവതി പരാതി പിൻവലിച്ചില്ലെങ്കിൽ അറസ്റ്റ് തടയാൻ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാൻ എൽദോ നടപടി തുടങ്ങി. ഇതിനായി നിയമ വിദഗ്ധരുമായി കൂടിയാലോചന തുടങ്ങി.