ആലപ്പുഴ.പൊലീസ് സേനയിലെ ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും ലിസ്റ്റ് എടുക്കാൻ പൊലീസ് ആസ്ഥാനത്ത് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടു ഒരു സി ഐ യെ കൂടി സസ്‌പെന്റു ചെയ്യണ്ടി വന്നത്. പൊലീസിന്റെ മാനം രക്ഷിക്കാൻ കൂടുതൽ പേർക്കെതിരെ നടപടി വേണ്ടി വരുമെന്നാണ് സൂചന. പൊലീസിലെ അഴിമതിക്കാർ, ക്രിമിനലുകൾ, അവർക്കെതിരെയുള്ള കേസുകൾ എന്നിവ പൊലീസ് ആസ്ഥാനത്ത് വിശദമായി പഠിക്കും. അതിന് ശേഷം സേനയിൽ നിലനിർത്തി കൊണ്ടു പോകാൻ ബുദ്ധിമുട്ടുള്ള ഓഫീസർമാരുടെയും പൊലീസുകാരുടെയും ലിസ്റ്റ് ആഭ്യന്തര വകുപ്പിന് കൈമാറും. ആഭ്യന്തര വകുപ്പാകും ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുക.

അതേസമയം, കരിയിലക്കുളങ്ങര സിഐ എം.സുധിലാലിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ വിശദമായ അന്വേഷണത്തിന് ആലപ്പുഴ അഡീഷണൽ എസ്‌പിയെ ചുമതലപ്പെടുത്തി. പരാതിയുമായി എത്തിയ സ്ത്രീയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്നും ആയുധങ്ങളുമായി പിടിയിലായവരെ വിട്ടയച്ചെന്നും മറ്റുമുള്ള ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷനും അന്വേഷണവും തുടങ്ങിയിരിക്കുന്നത്. പരാതി നല്കാൻ എത്തിയ യുവതിയെ കേസിന്റെ ആവശ്യത്തിന് എന്നു പറഞ്ഞ് നിരന്തരം ഫോൺ വിളിച്ചു, പിന്നീട് വളച്ചെടുത്തു പീഡിപ്പിച്ചു. കൂടാതെ യുവതിയിൽ നിന്നും പണവും തട്ടി. തിരികെ ചോദിച്ചപ്പോൾ ഭീക്ഷണിയും മർദ്ദനവും തുടർന്നു. ഇതേ തുടർന്നാണ് യുവതി പരാതി നല്കിയത്.

പ്രതികളിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഗൗരവകരമായ കേസ് എടുക്കാതിരുന്നതിനെക്കുറിച്ച് വിശദമായി എ എസ് പി അന്വേഷിക്കും. ചിങ്ങോലിയിൽ നിന്ന് നാലംഗ സംഘത്തെ പിടികൂടിയതിനിടെ കണ്ടെടുത്ത വാൾ സ്റ്റേഷനിൽ സൂക്ഷിച്ചുവെങ്കിലും രേഖയിൽ ചേർക്കാഞ്ഞതു പ്രാദേശികമായ ചില സമ്മർദങ്ങളുടെ പേരിലാണെന്നു സൂചനയുണ്ട്. നാലംഗസംഘം പിടിയിലായ സ്ഥലത്തിനു സമീപത്തു നിന്നാണ് വാൾ കണ്ടെടുത്തതെന്നും ഇവരുടെ പക്കൽ നിന്നല്ല പിടികൂടിയതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിൽ നിന്നു നൽകിയ വിശദീകരണം.

ആയുധവുമായി പിടിയിലാകുന്നവർക്കു സ്റ്റേഷൻ ജാമ്യം നൽകാറില്ല. എന്നാൽ ചിങ്ങോലിയിൽ പിടിയിലായവർ ജാമ്യത്തിൽ പോയി. ഇതാണ് സംസ്ഥാന പൊലീസ് മേധാവിയെ അടക്കം ഞെട്ടിച്ചത്. പിടികൂടിയ വാൾ സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചതിൽ ദുരൂഹതയുണ്ടെന്ന നിഗമനമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുള്ളത്. ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്നവരെ ടിപ്പർ ലോറിയിൽ ഉണ്ടായിരുന്നവർ വാൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി ഉണ്ടായിരുന്നു. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തിയില്ല. പരാതിക്കാർ ഇതേക്കുറിച്ച് അന്വേഷിച്ചുവെങ്കിലും തൃപ്തികരമായ മറുപടി സിഐയിൽ നിന്ന് ലഭിച്ചില്ല. മാത്രമല്ല കേസിലെ വാദികളെ സി ഐ വിരട്ടിയതായും ആരോപണം ഉണ്ട്.

തുടർന്നാണ് ഇവർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതും വിജിലൻസ് സംഘം സ്റ്റേഷനിൽ പരിശോധന നടത്തി ചിങ്ങോലിക്കേസിലെ വാൾ കണ്ടെടുത്തതും. നങ്ങ്യാർകുളങ്ങര മുതൽ കായംകുളം വരെയുള്ള ഭാഗത്ത് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വൻതോതിൽ മണൽ കടത്ത് നടക്കുന്നതായി പരാതിയുണ്ട്. കാറുമായി കൂട്ടിയിടിച്ച ലോറി മണൽ കടത്തുകാരുടേതാണോയെന്നും അന്വേഷിക്കുന്നുണ്ട്.

ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന് തുടർന്ന്, കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ സുധിലാലിനെ ശനിയാഴ്ച സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കൃത്യവിലോപം, അധികാര ദുർവിനിയോഗം, പ്രതികളെ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളെ തുടർന്നാണ് സസ്പെൻഷൻ. മൂന്ന് കേസുകളുടെ അന്വേഷണത്തിൽ ഇയാൾ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തി. പ്രതികളിൽ നിന്ന് പണം വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. സിഐക്കെതിരായ പരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കായംകുളം ഡിവൈഎസ്‌പി നൽകിയ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി ദക്ഷിണ മേഖലാ ഐജി പി പ്രകാശാണ് സുധിലാലിനെ സസ്പെന്റ് ചെയ്തത്.