വാഴക്കാട്: മലപ്പുറം വാഴക്കാട് ചെറുവട്ടൂരിൽ യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് മുഹിയുദ്ദീൻ അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് മുഹിയുദ്ദീൻ അറസ്റ്റിലായത്. നജ്മുന്നീസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് മുഹിയുദ്ദീൻ മൊഴി നൽകിയതായാണ് സൂചന.

നജ്മുന്നീസ വീടിന്റെ ടെറസിൽ മരിച്ചു കിടക്കുന്നതായി മുഹിയുദ്ദീനാണ് എല്ലാവരെയും അറിയിച്ചത്. എന്നാൽ വീടിന്റെ ടെറസിൽവച്ച് നജ്മുന്നീസയും മുഹിയുദ്ദീനുമായി തർക്കമുണ്ടായെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഭർത്താവിനെ നിരീക്ഷിക്കുന്നതിനാണ് നജ്മുന്നീസ രഹസ്യമായി കോണി വഴി ടെറസിൽ കയറിയത്. ഇവിടെവച്ച് മുഹിയുദ്ദീൻ നജ്മുന്നീസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മുഹിയുദ്ദീനെയും 2 സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയാണ് നജ്മുന്നീസയെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 2 മക്കളുണ്ട്. നജ്മുന്നീസ നോമ്പ് തുറക്കാനായി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്ന് ഭർത്താവിന് പൊലീസിന് മൊഴി നൽകി. ഇന്നലെ പുലർച്ചെ മൊബൈൽ ഫോണിൽ നിന്ന് അലാം അടിക്കുന്ന ശബ്ദം കേട്ട് ടെറസിൽ കയറി നോക്കിയെന്നും അവിടെ നജ്മുന്നീസ മരിച്ചു കിടക്കുന്നത് കണ്ടുവെന്നുമാണ് ആദ്യം മൊഴി നൽകിയിരുന്നത്.

സ്വന്തം വീട്ടിലേക്കു പോയ നജ്മുന്നീസ രാത്രി ഏഴരയോടെ താൻ താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തിയെന്നാണ് ചോദ്യം ചെയ്യലിൽ മുഹിയുദ്ദീൻ അറിയിച്ചത്. തുടർന്ന് വീടിന്റെ പിന്നിൽ കോണി ചാരി ടെറസിൽ കയറി. തന്നെ നിരീക്ഷിക്കുന്നതിനു കൂടിയാണ് നജ്മുന്നീസ എത്തിയതെന്നാണ് മുഹിയുദ്ദീന്റെ മൊഴി. മുകളിൽനിന്ന് കാലൊച്ച കേട്ട് വന്നു നോക്കിയപ്പോഴാണ് നജ്മുന്നീസയെ കണ്ടത്. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മുഹിയുദ്ദീൻ നജ്മുന്നീസയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

സംഭവത്തിൽ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മുഹിയുദ്ദീനെതിരെ ഈയിടെ നജ്മുന്നീസ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് അവർ തന്നെ പിൻവലിച്ചു. ശനി രാത്രി 7 മുതൽ പുലർച്ചെ 3.30 വരെ നജ്മുന്നീസ ഫോണിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.

ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, കൊണ്ടോട്ടി എഎസ്‌പി വിജയ് ഭാരത് റെഡ്ഡി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വാഴക്കാട് എസ്‌ഐ ഷാഹുലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിഭാഗം, ജില്ലാ ഫൊറൻസിക് വിഭാഗം, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.