കോലഞ്ചേരി: വീട്ടൂർ വനത്തിന് സമീപം കുന്നക്കുരുടി മേങ്കോട്ട്മാരിയിൽ പൂണിയറ എം.കെ. എൽദോസിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കീഴില്ലം പറമ്പിപീടിക വട്ടപ്പറമ്പിൽ സാജുവിനെ (61) പെരുമ്പാവൂർ ഡിവൈ.എസ്‌പി പി പി ഷംസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

2022 ജനുവരി 12ന് എം.സി. റോഡിൽ കീഴില്ലം ഭാരത് പെട്രോളിയം പമ്പിൽ കാർ പാർക്ക് ചെയ്ത സംഭവവവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ സാജുവിന്റെ മകൻ അൻസിൽ (28) കുത്തേറ്റ് മരണപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പമ്പ് ജീവനക്കാരായ പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് ബിജു (37), രായമംഗലം വൈദ്യശാലപ്പടി ചാലക്കൽ എബിൻ ബെന്നി എന്നിവർ (22) പിടിയിലായിരുന്നു.

ബിജു ജോലി ചെയ്തിരുന്ന പമ്പിൽ അൻസിൽ കാർ പാർക്ക് ചെയ്ത് പുറത്തു പോയിരുന്നു. രാത്രി വൈകിയെത്തിയപ്പോൾ ബിജു ചോദ്യം ചെയ്തത് ഉന്തിലും തള്ളിലും കലാശിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ അൻസിലിന്റെ വീടിനു മുന്നിലെത്തിയ ബിജു എബിന്റെ മൊബൈൽ ഫോണിൽ അൻസിലിനെ വീട്ടിൽ നിന്നും വിളിച്ച് പുറത്തിറക്കി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ബിജു അങ്കമാലി ഭാഗത്ത് ഡ്രൈവറായി ജോലി ചെയ്യുകയാണ്. വീട്ടൂർ കൊലപാതക കേസിൽ പിടിയിലായ സാജുവിന്റെ മകനായ അൻസിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ ബിജുവിനെ പിടിച്ചു കൊണ്ടു വരുന്നതിന് എൽദോസിനെ സാജു ചുമതലപ്പെടുത്തിയിരുന്നു.

ഇത് നടക്കാതെ വന്നതിനെ തുടർന്നുള്ള തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യം നടത്താമെന്ന് ഉറപ്പു പറഞ്ഞ് സാജുവിൽ നിന്ന് എൽദോസ് 25000 രൂപ വാങ്ങിയിരുന്നു. എന്നാൽ എൽദോസ് ബിജുവിനെ എത്തിച്ചില്ല.കൂടാതെ സാജുവിൽ നിന്നും പലതും പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാവിലെ റബർ ടാപ്പിംഗിന് എത്തിയവരാണ് എൽദോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലയ്ക്ക് പിന്നിൽ പരിക്കേറ്റ നിലയിൽ കണ്ടതിനാൽ പൊലീസ് സർജൻ പോസ്റ്റ്മോർട്ടത്തിനയച്ചു. തലയുടെ പിൻഭാഗത്ത് കല്ലിന് ഇടിച്ച പോലെയുള്ള പരിക്കായിരുന്നു. എൽദോസിന്റെ മൊബൈൽഫോൺ കണ്ടെത്താൻ കഴിയാത്തതാണ് പൊലീസിന് കൊലപാതകസംശയം വർദ്ധിപ്പിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ഇന്നലെ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ തലയോട്ടിക്ക് പൊട്ടലും വാരിയെല്ല് ഒടിഞ്ഞതായും കണ്ടെത്തിയിരുന്നു.

എൽദോസിന്റെ മൊബൈൽഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സാജു പിടിയിലായത്. സംഭവത്തെ തുടർന്ന് പ്രത്യേക അന്വേഷണന സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒക്കലിൽ നിന്നുമാണ് സാജു പിടിയിലായത്.