കൊച്ചി: കേരള പൊലീസിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) കബളിപ്പിച്ചു ചാലക്കുടി കേന്ദ്രീകരിച്ചു നടത്തിയ 100 കോടി രൂപയുടെ കള്ളപ്പണ ഇടപാടിന്റെ സിരാകേന്ദ്രം നെടുമ്പാശേരി എയർപോർട്ട് റോഡിലെ ഹോട്ടലാണെന്ന പരാതിക്കാരൻ മൊഴി അതിനിർണ്ണായകം. കള്ളപ്പണം കൊണ്ടുവന്ന ഒരു കാർ പൊലീസ് പിടികൂടിയെങ്കിലും അതിൽ 30 ലക്ഷം രൂപ മാത്രമാണുണ്ടായിരുന്നത്. ബാക്കി കള്ളപ്പണം കൊണ്ടുവന്ന കാറിന്റെ നമ്പർ അടക്കം പൊലീസിനു കൈമാറിയിട്ടും അന്വേഷണം നടന്നില്ലെന്നാണു മൂവാറ്റുപുഴ സ്വദേശി റെജി ജോർജിന്റെ ആരോപണം. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല.

കുഴൽപ്പണ ഇടപാടുമായി പിടിച്ചെടുത്ത ശേഷം ചാലക്കുടി പൊലീസ് വിട്ടയച്ച കാർ ഇപ്പോൾ ഒല്ലൂർ പൊലീസിന്റെ കസ്റ്റഡിയിലാകുമ്പോൾ ചർച്ചയാകുന്നത് അന്വേഷണ അട്ടിമറിയാണ്. വ്യാജരേഖ ചമച്ചു കാർ തട്ടിയെടുത്തെന്ന മൂവാറ്റുപുഴ സ്വദേശി റെജി ജോർജിന്റെ പരാതിയിലാണ് ഒല്ലൂർ പൊലീസ് കേസ് എടുത്ത് കാർ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. പ്രതികളായ നടത്തറ സിറ്റാഡെൽ വീട്ടിൽ ബെൻസി മാർട്ടിൻ ഭർത്താവ് മാർട്ടിൻ സെബാസ്റ്റ്യൻ എന്നിവരുടെ എറണാകുളത്തെ ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ നിന്നുമാണ് കാർ കസ്റ്റഡിയിലെടുത്തത്. മാർട്ടിൻ സെബാസ്റ്റ്യനെ ഏതാനും ദിവസം മുമ്പ് സ്ത്രീ പീഡനക്കേസിൽ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.

കുഴൽപണ ഇടപാടുമായി കെഎൽ 08 ബിഎഫ് 8500 ടൊയോട്ട ഓൾട്ടീസ്സ് കാർ ചാലക്കുടി പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ ബെൻസിയും മകൻ എമിൽ മാർട്ടിനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മുൻപ് വിദേശമദ്യ തട്ടിപ്പ് ഇടപാടിൽ ആരോപണ വിധേയരാണ് എമിലും പിതാവ് മാർട്ടിൻ സെബാസ്റ്റ്യനും. സൂര്യനെല്ലി പ്ലാന്റേഷൻ തേക്ക് മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതികളാണ് മാർട്ടിൻ സെബാസ്റ്റ്യനും കുടുംബവും. അന്ന് എം എസ് മാർട്ടിനായിരുന്നയാൾ ഇപ്പോൾ മാർട്ടിൻ സെബാസ്റ്റ്യൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ചാലക്കുടി പൊലീസ് 30 ലക്ഷത്തിന്റെ കറൻസിയുമായി വാഹനം പിടിച്ചപ്പോൾ രണ്ട് കോടിയുടെ കറൻസിയുമായി കെ എ 01 എംഎം 1199 എന്ന വാഹനത്തിൽ മാർട്ടിൻ അവരെ അനുഗമിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എയർപോർട്ട് ജംഗ്ങഷനിൽ ഹോട്ടൽ സൽക്കാരിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ചാലക്കുടി പൊലീസ് വാഹനം പിടിച്ച വിവരം മാർട്ടിൻ അറിയുന്നത്. ഉടനെ എയർപോർട്ട് വഴിയിൽ കയറി ഹോട്ടൽ ക്വാളിറ്റി ഇന്നിൽ മുറിയെടുത്ത മാർട്ടിൻ, ഉന്നതരെ ഇടപെടുത്തി പിടിച്ചെടുത്ത പണം മോചിപ്പിച്ചുവെന്നാണ് ആരോപണം. അതിനു ശേഷം കൈയിലുള്ള രണ്ടുകോടി രൂപ പലരെയും വിളിച്ചുവരുത്തി പലയിടത്തേക്ക് മാറ്റിയെന്നാണ് ആക്ഷേപം. 2022 ജൂണിലായിരുന്നു ഇതെല്ലാം.

അന്ന് ഏകദേശം വൈകീട്ട് 3:00 മണിക്ക് ശേഷമാണ് ഇതെല്ലാം നടന്നതെന്നാണ് ആരോപണം. എയർപോർട്ട് റോഡിലേയും ഹോട്ടൽ ക്വാളിറ്റി ഇന്നിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുമെന്നാണ് പരാതിക്കാർ പറയുന്നത്. .മാർട്ടിൻ സെബാസ്റ്റ്യൻ പീഡനക്കേസിൽ അറസ്റ്റിലായിരുന്നു. തൃശൂർ സ്വദേശിനി നൽകിയ പരാതിയിലായിരുന്നു ഈ അറസ്റ്റ്. സിനിമയിൽ അവസരവും വിവാഹ വാഗ്ദാനവും നൽകി രാജ്യത്ത് പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരിയിലാണ് പെൺകുട്ടി പരാതിയുമായി എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മാർട്ടിനെതിരെ കേസെടുത്തെങ്കിലും ഇയാൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നാലു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. ഇതേത്തുടർന്ന് മൂന്ന് ദിവസം മാർട്ടിനെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 90കളിൽ ഏറെ ചർച്ചയായ കേസായിരുന്നു ആട് തേക്ക് മാഞ്ചിയം. ആയിരം രൂപ നൽകിയാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം തിരിച്ചു നൽകാം എന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതര സംസ്ഥാനങ്ങളിൽ ആടും തേക്കുമടക്കം വളർത്തി പൈസ നൽകാമെന്നായിരുന്നു മാർട്ടിൻ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഈ വ്യക്തിക്കെതിരെയാണ് കള്ളപ്പണ ആരോപണവും.

കള്ളപ്പണം കടത്തിയ വിവരം അറിഞ്ഞ ആദായനികുതി വകുപ്പ് 2 ദിവസത്തിനു ശേഷം എറണാകുളത്തെ ഒരു വീട്ടിലും ഫ്‌ളാറ്റിലും തൃശൂരിലെ ഓഫിസിലും പരിശോധന നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തൃശൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിലാണു വൻതോതിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയതെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം. കേസിൽ പൊലീസ് ഇടപെട്ടതോടെ ആദ്യ ഘട്ടത്തിൽ നടത്തിയ അന്വേഷണങ്ങൾക്കു ശേഷം ഇഡിയും പിന്മാറി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തൃശൂർ റേഞ്ച് ഡിഐജിയാണ് ഈ കേസ് അന്വേഷിക്കുന്നത്.

റോഡ് മാർഗം വൻതുകയുടെ കള്ളപ്പണം കടത്തൽ നടക്കുമ്പോൾ രണ്ടും മൂന്നും വാഹനങ്ങളിൽ കള്ളപ്പണം കൊണ്ടുപോകുന്ന രീതി കുഴൽപണ റാക്കറ്റുകൾ പരീക്ഷിക്കാറുണ്ട്. പലപ്പോഴും ആദ്യം കടന്നുപോകുന്ന വാഹനങ്ങളിൽ കൂട്ടത്തിൽ കുറഞ്ഞ തുകയായിരിക്കും കടത്തുക. പിടിക്കപ്പെട്ടാൽ പിന്നാലെ വരുന്ന വാഹനങ്ങൾ റൂട്ട് മാറ്റി കടന്നുകളയും. 2022 ജൂൺ 24നു വൈകിട്ട് 3 മണിക്കാണു കൊച്ചിയിൽനിന്നു വൻതോതിലുള്ള കള്ളപ്പണം നെടുമ്പാശേരി വഴി കാറിൽ കടത്തുന്നതായുള്ള വിവരം പൊലീസിനും കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചത്.

കാറുകളുടെ നമ്പർ അടക്കം അന്വേഷണ സംഘങ്ങൾക്കു ലഭിച്ചെങ്കിലും ഒരു കാർ മാത്രമാണു പിടികൂടി പരിശോധിക്കാൻ കഴിഞ്ഞത്. കൂടുതൽ കള്ളപ്പണമുണ്ടായിരുന്ന കാർ എയർപോർട്ട് റോഡിലെ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി വാഹന പരിശോധന ഒഴിവാക്കി. ഹോട്ടലിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചാൽ ഹോട്ടൽ പരിസരത്തു കാർ പാർക്ക് ചെയ്തതും കള്ളപ്പണം അതിൽനിന്നു നീക്കം ചെയ്യുന്നതും കാണാൻ കഴിയുമെന്നു മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയിൽ പറയുന്നു. ചാലക്കുടി പൊലീസ് പിടികൂടി വിട്ടയച്ച കാർ മറ്റൊരു കേസിൽ ഒല്ലൂർ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും പരാതിയിൽ പറയുന്നു.