കോഴിക്കോട്: ബെവ്‌കോ അവധിയുള്ള ദിവസങ്ങളിൽ വ്യാപകമായി എംഡിഎംഎ വിൽപ്പന നടത്തിവന്ന യുവാവ് അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദ് (28) നെയാണ് ടൗൺ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് സിയാദ് അറസ്റ്റുചെയ്തത്.ഡ്രൈഡേ ദിനങ്ങളിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്‌ക്വാഡും ടൗൺ പൊലീസുംചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയിൽനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.50 ഗ്രാം മീഥൈൽ ഡയോക്‌സി മെത്താംഫിറ്റമിൻ പൊലീസ് കണ്ടെടുത്തു.

ഗ്രാമിന് മൂവായിരം രൂപ ഈടാക്കിയാണ് ലഹരി വിൽപ്പനയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കാരണം പുറക്കാട്ടിരിയിൽ മയക്കുമരുന്ന് വിൽപ്പന സുഗമമായി നടത്താൻ കഴിയാതെ വന്നതോടെ പുറക്കാട്ടിരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾ ജില്ലയുടെ മറ്റുഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന സജീവമാക്കുകയാണ്.

കൂടുതൽ യുവാക്കളെ സിന്തറ്റിക് മയക്കുമരുന്നിലേക്ക് ആകർഷിക്കുന്നതിനുവേണ്ടിയാണ് അവധി ദിവസങ്ങളിൽ നഗരങ്ങളിൽ തമ്പടിച്ച് വിൽപ്പന നടത്തുന്നത്. സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ചാൽ പൊലീസിനും അദ്ധ്യാപകർക്കും പെട്ടെന്ന് അറിയാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചാണ് വിദ്യാർത്ഥികളെയടക്കം സംഘം കെണിയിൽ പെടുത്തുന്നത്.