ടെക്‌സാസ്: ലോകത്തെ ഏറ്റവും ഭീകരന്‍മാരായ മയക്കുമരുന്നു സംഘത്തില്‍ ഒന്നാണ് മെക്‌സിക്ക കേന്ദ്രീകരിച്ചിരു പ്രവര്‍ത്തിക്കുന്ന സിനലോയ കാര്‍ട്ടല്‍. അമേരിക്കയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലുമായി ഇവരുടെ വിപണി ശൃംഖല വ്യാപിച്ചു കിടക്കുന്നു. മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്മാരായ ഇസ്മാഈല്‍ സംബാദയും ജോക്വിന്‍ ഗുസ്മാന്‍ ലോപ്പസും അമേരിക്കയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ടെക്സാസിലെ എല്‍പാസോയില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് യു.എസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. മാരക ലഹരി മരുന്നായ ഫെന്റനൈല്‍ നിര്‍മാണ, കടത്ത് ശൃംഖലകള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ 18നും 45നും ഇടയില്‍ പ്രായമുള്ള യുവാക്കളുടെ മരണത്തിന് പ്രധാന കാരണം ഫെന്റനൈലിന്റെ ഉപയോഗമാണെന്ന് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും അക്രമാസക്തവും ശക്തവുമായ ലഹരിക്കടത്ത് സംഘങ്ങളിലൊന്നാണ് സിനലോയ കാര്‍ട്ടര്‍. ഈ കാര്‍ട്ടലിനെ നയിക്കുന്നവരാണ് അറസ്റ്റിലായവര്‍. യുഎസിന് സ്ഥിരം തലവേദനയായിരുന്നു ഈ സംഘങ്ങള്‍. എല്‍ മായോ എന്നാണ് അറസ്റ്റിലായ ഇസ്മാഈല്‍ സംബാദയെ വിശേഷിപ്പിക്കുന്നത്. ജോക്വിന്‍ ഗുസ്മാന്‍ ലോപ്പസിന്റെ പിതാവായ എല്‍ ചാപ്പോയോടൊപ്പം (ജൊവാക്വിം ഗുസ്മാന്‍ ലോയേറ) സിനലോയ കാര്‍ട്ടലിന്റെ സഹ സ്ഥാപകനാണ് ഇസ്മാഈല്‍ സംബാദ.

എല്‍ ചാപ്പോയെ അമേരിക്കക്ക് കൈമാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ലഹരി സാമ്രാജ്യത്തിന് ലോസ് ചാപ്പിറ്റോസ് അല്ലെങ്കില്‍ ലിറ്റില്‍ ചാപ്പോസ് എന്നറിയപ്പെടുന്ന നാല് ആണ്‍മക്കളാണ് നേതൃത്വം നല്‍കുന്നത്. എല്‍ ചാപ്പോയുടെ മക്കള്‍ സിനലോയ കാര്‍ട്ടല്‍ വഴി അമേരിക്കയിലേക്ക് ഫെന്റനൈലിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരായി മാറുകയും ചെയ്തു.

മെക്‌സിക്കോയിലെ അതീവ സുരക്ഷാ സംവിധാനമുള്ള അല്‍ടിപ്ലാനോയിലെ ജയിലില്‍ നിന്ന് അനുയായികള്‍ തീര്‍ത്ത ഒന്നര കിലോമീറ്റര്‍ എ.സി തുരങ്കത്തിലൂടെ 2015 ജൂലൈയില്‍ എല്‍ ചാപ്പോ കടന്നുകളഞ്ഞിരുന്നു. ഇയാളെ 2016 ജനുവരിയില്‍ തീരദേശ നഗരവും ഗുസ്മാ മാതൃസംസ്ഥാനവുമായ സിനലോയയിലെ ലോസ് മോചിസില്‍ നിന്ന് മെക്‌സിക്കന്‍ നാവികസേനയുടെ പ്രത്യേകസംഘം പിടികൂടി. 2017ല്‍ അമേരിക്കക്ക് കൈമാറിയ എല്‍ ചാപ്പോ നിലവില്‍ അതീവ സുരക്ഷാ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.

ഗുസ്മാന്റെ രണ്ടാം ജയില്‍ ചാട്ടമായിരുന്നു ഇത്. ജയിലിനുള്ളിലെ കുളിമുറിയുടെ തറക്കടിയില്‍ നിര്‍മിച്ച തുരങ്കത്തിലൂടെ അഴുക്കുചാലില്‍ എത്തിയാണ് ഗുസ്മാന്‍ രക്ഷപ്പെട്ടത്. 2001ല്‍ രക്ഷപെട്ട ഗുസ്മാനെ 13 വര്‍ഷത്തിന് ശേഷം പിടികൂടി ജയിലില്‍ അടച്ച് ഒരു വര്‍ഷം തികയും മുമ്പായിരുന്നു രണ്ടാമത്തെ രക്ഷപെടല്‍.

2001ല്‍ അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും ലോണ്‍ട്രി കാര്‍ട്ടില്‍ ഒളിച്ചായിരുന്നു ഗുസ്മാന്‍ ആദ്യം രക്ഷപ്പെട്ടത്. ഗ്വാട്ടിമാലയില്‍ നിന്ന് 1993 പിടിയിലായ ഗുസ്മാന്‍ മയക്കു മരുന്നു കടത്തിനും കൊലപാതകക്കുറ്റത്തിനും 20 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇത്.