കോതമംഗലം: സ്വന്തം മകളെപ്പോലെ കരുതി വളർത്തിയ സ്ത്രീയെ കഴുത്തറുത്തുകൊലപ്പെടുത്തി, കാത് അറുത്തുമാറ്റി സ്വർണ്ണക്കമ്മൽ സ്വന്തമാക്കിയ കേസിൽ 27 വർഷം പൊലീസിനെ വെട്ടിച്ച് കഴിഞ്ഞ റെജി എന്ന അച്ചാമ്മ കോതമംഗലം അടിവാട് കഴിഞ്ഞിരുന്നത് ഉത്തമ കുടംബിനിയായിട്ടെന്ന് നാട്ടുകാർ

മിനി എന്ന പേരിൽ ഇവിടെ അറിയപ്പെട്ടിരുന്ന റെജി നാട്ടിലെ സ്ത്രീകളുടെ റോൾ മോഡലായിരുന്നു എന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വിവരം.ഏതാണ്ട് 20 വർഷത്തിലേറെയായി ഇവിടുത്തുകാരായ നിരവധി പേർക്ക് മിനിയെ അറിയാം. കുടംബത്തിന്റെ അഭിവൃദ്ധിക്കായി മിനി കഠിനാദ്ധ്വാനം ചെയ്തിരുന്നതായിട്ടാണ് ഇവരിൽ ഒട്ടുമിക്കവരുടെയും നേർസാക്ഷ്യം. ഇത് ഇവരിൽ മിനിയോടുള്ള ആദരവും വർദ്ധിപ്പിച്ചിരുന്നു. മിനിയെ കണ്ട് പഠിക്കണമെന്ന് ഭർത്താക്കന്മാരിൽ ചിലർ ഭാര്യമാരെ ഉപദേശിച്ചിരുന്നു എന്നും മറ്റുമുള്ള വിവരങ്ങളും ഇവരെക്കുറിച്ചുള്ള ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.

മിനിയെ കൊലപാതക കേസിൽ പൊലീസ് അറസ്റ്റുചെയ്തതായുള്ള വാർത്ത ഇവിടുത്തുകാരിൽ ഉണ്ടായ ഞെട്ടൽ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അടിവാട് മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ഇവർ ജോലി ചെയ്തിട്ടുണ്ട്. ജോലിയിൽ മിനി തികഞ്ഞ ആത്മാർത്ഥത പ്രകടിപ്പിച്ചിരുന്നതാണ് മിനിയുടെ പ്രധാന പ്ലസ് പോയിന്റ്.

ഇതുകൊണ്ട് തന്നെ സ്ഥാപന ഉടമകൾ എന്തുകാര്യവും വിശ്വസിച്ച് മിനിയെ ഏൽപ്പിച്ചിരുന്ന എന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.ഏറ്റവും ഒടുവിൽ ജോലി ചെയ്ത അടിവാട് കവലയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും മിനിയെക്കുറിച്ച് നല്ലതുമാത്രമെ പറയാനുള്ളു. രാവിലെ സ്ഥാപനം തുറന്നിട്ട് പോയാൽ പിന്നെ ഇവിടുത്തെ എല്ലാകാര്യങ്ങളും കൃത്യതയോടെ മിനി ചെയ്തിരുന്നെന്നും തനി്ക്ക് ഇത് വലിയൊരളവിൽ ആശ്വാസമായിരുന്നെന്നും സ്ഥാപന ഉടമയും അടിവാട് സ്വദേശിയുമായ ഇൻഫാൽ പറഞ്ഞു.

ഇത്ര വലിയ കുറ്റം ചെയ്ത ആളാണ് താനെന്ന വിവരം ഇത്രയും കാലം ഇവർ എങ്ങിനെ മറച്ചുവച്ചു ജീവിച്ചു എന്നതിലാണ് ഇവിടുത്തുകാർക്ക് ആത്ഭുതം. മകളെപ്പോലെ കരുതി വളർത്തിയ സ്ത്രീയോടുതന്നെയാണ് മിനി കൊടുംക്രൂരത ചെയ്തെന്ന് വിവരം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലന്നാണ് അയൽവാസികൾ അടക്കമുള്ളവർ വ്യക്തമാക്കുന്നത്.

മിനിയുടെ ഭർത്താവിനെയും മക്കളെയും കാണാൻ മറുനാടൻ അടിവാട് തെക്കെകവലയിലെ ഇവരുടെ വീട്ടിൽ എത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. രണ്ട് ആൺമക്കളാണ് മിനി -രാജു ദമ്പതികൾക്ക് ഉള്ളത്. അസിൻരാജും അഭിജിത്തുമാണ് ഇവരുടെ മക്കൾ. അസിൻരാജ് ഇന്ത്യൻ നേവിയിൽ ജോലിയിൽ പ്രവേശിച്ചു. അഭിജിത്ത് പഠനത്തിനായി ഇപ്പോൾ കാനഡയിലാണ്. മക്കളുടെ പഠനത്തിനും മറ്റും പണം കണ്ടെത്താൻ ജോലിക്ക് പുറമെ ഓണഫണ്ടും ചിട്ടിയും മറ്റും ഇവർ നടത്തിയിരുന്നു.

സാമ്പത്തിക ഇടപാടുകളിൽ ഇവർ കാണിച്ചിരുന്ന കൃത്യത നാട്ടുകാരിൽ കൂടുതൽ വിശ്വാസം നേടുന്നതിനും വഴിയൊരുക്കി.പൊലീസ് പിടിയിലായതോടെ അവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്നാണ് ഇവരുടെ ഇവിടുത്തെ അടുപ്പക്കാർ പറയുന്നത്.

വർഷം 1990 ഫെബ്രുവരി 21 നാണ് മാവേലിക്കര മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) അതിക്രൂരമായി കൊല്ലപ്പെടുന്നത്.വീടിന്റെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച അച്ചാമ്മ ചെവി അറുത്തു മാറ്റിയാണ് ഒരു കാതിൽ നിന്നും കമ്മൽ ഊരി എടുത്തത് എന്നാണ് കുറ്റപത്രത്തിലുള്ളത്.കൈകളിലും പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു.

സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ അറുന്നൂറ്റിമംഗലം ബിജു ഭവന(പുത്തൻവേലിൽ ഹൗസ് )ത്തിൽ തങ്കച്ചന്റെ മകൾ റെജി എന്ന അച്ചാമ്മയായിരുന്നു കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.ആദ്യം ആരും റെജിയെ സംശയിച്ചിരുന്നില്ല.തുടർന്നുള്ള അന്വേഷണത്തിൽ റെജി അറസ്റ്റിലാവുകയായിരുന്നു.

1993-ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്റ്റംബർ 11 ന് ഹൈക്കോടതി റെജിയെ ജീവപര്യന്തം ശിക്ഷിച്ച് ഉത്തരവിട്ടു. വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു.അതിന് ശേഷം കാലാകാലങ്ങളായി റെജിയെ കണ്ടെത്താൻ പൊലീസ് തമിഴ്‌നാട്, ഡൽഹി, ആന്ധ്ര എന്നിവിടങ്ങളിലും കേരളത്തിനകത്തും അന്വേഷണം നടത്തി. ഒരു തുമ്പും കിട്ടിയില്ല.കൊലപാതകം നടന്ന് 33 വർഷവും, ശിക്ഷ വിധിച്ചിട്ട് 27 വർഷവുമായപ്പോഴാണ് ഈ കേസിൽ മിനി പിടയിലാവുന്നത്.