കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ ആദിവാസി സ്ത്രീ വനത്തിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. താമരശ്ശേരി കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി രാജഗോപാലന്റെ ഭാര്യ ലീല(53)യെയാണ് ചൊവ്വാഴ്ച വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആഴ്ചകൾക്ക് മുൻപ് കാണാതായ ആദിവാസി സ്ത്രീയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരുടെ സഹായത്തോടെ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.

ലീലയെ മരിച്ച നിലയിൽ കാണപ്പെടുന്നതിന്റെ 20 ദിവസം മുമ്പ് ലീലയും ഭർത്താവ് രാജഗോപാലനും സഹോദരി ഭർത്താവ് രാജനും ഉൾപ്പടെ അഞ്ചുപേരാണ് പ്രദേശത്തെ അമരാട്മല കയറിയത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇവർ മലകയറിയതെന്നാണ് കോളനിയിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ തിരിച്ചെത്തിയപ്പോൾ ലീല കൂടെ ഇല്ലായിരുന്നു.

പക്ഷെ ഈ വിവരം ലീലയുടെ ഭർത്താവ് മറച്ച് വെച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം കോളനിയിൽ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷാണ് ലീല കോളനിയിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന നടത്തിയ തിരച്ചിലിലാണ് കട്ടിപ്പാറ അമരാട് മലയിൽനിന്ന് ലീലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ലീലയുടെ ഭർത്താവും സഹോദരി ഭർത്താവും ഉൾപ്പടെയുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ലീലയുടെ മകനെ കൊലപ്പെടുത്തിയ ആളാണ് ലീലയേയും വകവരുത്തിയെന്നാണ് പൊലീസിന്റെ സംശയം. 2019-ലാണ് ലീലയുടെ മകൻ രോണുവിനെ സഹോദരീ ഭർത്താവ് രാജൻ കൊലപ്പെടുത്തിയത്. ഈ കേസിൽ ജയിലിൽ ആയിരുന്ന രാജൻ ഒരുമാസം മുമ്പാണ് കോളനിയിൽ തിരികെ എത്തിയത് എന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് പറഞ്ഞു. കേസിൽ തിരിച്ചെത്തിയ ശേഷം രാജൻ ലീലയുടെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത നാലുപേരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്.