തൃശൂർ: ചിയ്യാരം ആൽത്തറ ജംക്ഷനിലെ ബസ് സ്റ്റോപ്പിൽ സുഹൃത്തിനെ കാത്ത് നിന്ന യുവാവിനും യുവതിക്കും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ 3 പേരെ റിമാൻഡുചെയ്തു. ചിയ്യാരം കിളവൻ പറമ്പിൽ ഉണ്ണിക്കൃഷ്ണൻ (കൊച്ചുമോൻ 68), നെല്ലിപ്പറമ്പിൽ സുജിത്ത് (41), നെല്ലിപ്പറമ്പിൽ സുനിൽ (52) എന്നിവരെയാണ് നെടുപുഴ എസ്എച്ച്ഒ ടി.ജി. ദിലീപും എസ് ഐ അനുദാസും ചേർന്ന് അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയത്.

ബസ് സ്റ്റോപ്പിലിരുന്നു സംസാരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും പ്രതികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും യുവതിയുടെ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തെന്നാണു കേസ്. അടുത്ത ബന്ധുക്കളായ യുവതിയും യുവാവും ബംഗളുരുവിൽ പഠിക്കുകയാണ്. ഒരു സുഹൃത്തിനെ കാണാനാണ് അവർ ചിയ്യാരം ആൽത്തറ ജംഗ്ഷനിൽ എത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ബസ് സ്റ്റോപ്പിനു സമീപത്തു കോഴിക്കട നടത്തുന്ന ഉണ്ണിക്കൃഷ്ണൻ യുവാവിനെയും യുവതിയെയും ചോദ്യം ചെയ്യാൻ തുടങ്ങിയതിൽ നിന്നാണു സംഭവങ്ങളുടെ തുടക്കം. യുവാവ് പ്രതികരിച്ചതോടെ ഉണ്ണിക്കൃഷ്ണൻ രോഷാകുലനാകുകയും സുഹൃത്തുക്കളെ വിളിച്ചുകൊണ്ടുവന്നു യുവാവിനെയും യുവതിയെയും ആക്രമിക്കുകയുമായിരുന്നു.

പ്രതികളിലൊരാൾ യുവതിയുടെ കൈ പിടിച്ചു തിരിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. വടിയെടുത്ത് ഇവരെ അടിക്കുകയും ചെയ്തു. യുവാവിനും യുവതിക്കും ചെറിയ പരുക്കുണ്ട്. ഇവർ നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ മൂന്നുപേരെയും പൊലീസ് കയ്യോടെ പിടികൂടിയത്.

യുവാവും യുവതിയും കസിൻസ് ആണെന്ന കാര്യം അറിയില്ലായിരുന്നെന്നും രണ്ടു പേരെയും കണ്ടാൽ പ്രായപൂർത്തിയായവർ ആണെന്ന് തോന്നിയിരുന്നില്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് പ്രതികൾ നല്കിയ മൊഴി. സി ഐക്ക് പുറമെ എസ്ഐ അനുദാസ്, എഎസ്ഐമാരായ രാംകുമാർ, ബാബു, സിപിഒമാരായ സുധീർ, പ്രിയൻ എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.