കണ്ണൂർ: കണ്ണൂരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമ്മിച്ച് നിരവധി പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും ശേഷം അവരുടെ സ്വകാര്യ ചിത്രം ശേഖരിച്ച് മോർഫ് ചെയ്യുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി ചുഷണം ചെയ്യുകയും പണം തട്ടിയെടുകുകയും ചെയ്ത പ്രതിയെ പൊലീസ് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ അറസ്റ്റു ചെയ്തു.

കണ്ണൂർസൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെഅറസ്റ്റ് ചെയ്തത്. അഴീക്കോട് കപ്പക്കടവ് നുചിതോട് സ്വദേശി മുഹമ്മദ് സഫ്വാൻ (23) എന്നയാളാണ് അറസ്റ്റിലായത്.ഏച്ചുർ സ്വദേശിയായ പെൺക്കുട്ടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പ്രതി സോഷ്യൽ മീഡിയയിൽ നിന്നും നിരവധി യുവതികളുടെ ഫോട്ടോ ശേഖരിച്ചു വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചു ഫോട്ടോകൾ ദുരുപയോഗം ചെയ്തതായി തെളിഞ്ഞു. ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി രണ്ട് ഫോണുകളും നാല് ഓളം സിമ്മുകളും ഉപയോഗിച്ചായിരുന്നു കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നത്.

ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു വരുന്ന പ്രതി അഴീക്കോട്ടെ താമസ സ്ഥലത്ത് എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എസ് എച്ച് ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുഭാഷ് ചന്ദ്രൻ, ഉദയ കുമാർ, എ എസ് ഐ ജ്യോതി, എസ് സി പി ഒ സിന്ധു, സിപിഒ അജിത്ത് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നുവെങ്കിലും ആരും രേഖാമൂലം നൽകിയിരുന്നില്ല.

പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ പൊലിസിൽ പരാതി നൽകണമെന്ന് കണ്ണൂർ സൈബർ സെൽ സിഐ സനൽകുമാർ അറിയിച്ചു.