കോഴിക്കോട്: കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷൻ വളിപ്പിലെ ഒരാളുടെ മരണത്തിനിടയാക്കിയ തൊണ്ടിമുതലായ ജെ.സി.ബി മാറ്റി മറ്റൊരു ജെ.സി.ബി കൊണ്ടുവന്നിട്ട സംഭവത്തിന് പിന്നാലെ ബുദ്ധിയായി പ്രവർത്തിച്ചത് ജെ.സി.ബിയുടെ ഉടമയുടെ മകനായ 32കാരനായ കൂമ്പാറ മാതാളികുന്നേൽ മാർട്ടിൻ.

പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച ഇൻഷൂറൻസില്ലാത്ത ജെ.സി.ബി മോഷ്ടിച്ചു കടത്തുകയും ഇതിനു പകരം മറ്റൊരു ജെ.സി.ബി എത്തിക്കുകയും ചെയ്ത കേസിൽ ആറു പേരെയാണ് കഴിഞ്ഞ ദിവസം മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അപകടംവരുത്തിയ ജെ.സി.ബിക്ക് ഇൻഷൂറൻസ് ഇല്ലാത്തതിന് പുറമെ നമ്പർ പ്ലേറ്റോ, ലൈറ്റോ ഇല്ലായിരുന്നു. വാഹനത്തിന് ലൈറ്റ് ഇല്ലാത്തതായിരുന്നു അപകടത്തിന് കാരണമായിരുന്നത്.

മാർട്ടിന്റെ പിതാവായ തങ്കച്ചന്റെ പേരിലുള്ള ജെ.സി.ബി അപകടത്തിൽപ്പെട്ട യുവാവ് മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നു ഡ്രൈവർ ഒളിവിൽപോകുകയും ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടയിലാണു മാർട്ടിന്റെ നേതൃത്വത്തിൽ തൊണ്ടിമുതൽ മാറ്റാനുള്ള നീക്കം നടന്നത്. ഇതിനായി തൊണ്ടിമുതലായി പൊലീസ് കസ്റ്റഡിയിലെടുത്ത തങ്ങളുടെ ഇൻഷൂറൻസ് തെറ്റിയ ജെ.സി.ബിക്കു സമാനമായ മറ്റൊരു ജെ.സി.ബി ഇവിടെ എത്തിച്ചത്.

ഇത് കണ്ണൂർ സ്വദേശിയുടെ പേരിലുള്ള ജെ.സി.ബിയാണ്്. തങ്ങൾ സ്വന്തമായി വാങ്ങിച്ചതാണെന്നാണു മാർട്ടിൻ പൊലീസിന്റെ ചോദ്യംചെയ്യലിൽ പറഞ്ഞത്. എന്നാൽ ആർ.സി. ഉടമ കണ്ണൂർ സ്വദേശിയായതിനാൽ ഇയാളുടെ മൊഴിയെടുത്ത ശേഷയെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഇൻഷൂർ ഇല്ലാത്ത ജെ.സി.ബി അപകടത്തിൽപ്പെട്ടതിനാൽ തന്നെ വൻ തുക നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നതിനാലാണു ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണു പ്രതി പൊലീസിനു നൽകിയ മൊഴി.

കഴിഞ്ഞ സെപ്റ്റംബർ 19 ന് രാത്രി തോട്ടുമുക്കത്തിനും വാലില്ലാപുഴയ്ക്കും ഇടയിലുള്ള പുതിയനിടത്തു വച്ച് ബൈക്കും ജെ.സി.ബിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാടാമ്പി കൂറപ്പൊയിൽ സുധീഷ് (30) മരിച്ച സംഭവത്തിലാണ് ജെ.സി.ബി കസ്റ്റഡിയിലെടുത്തിരുന്നത്. ഇൻഷ്വറൻസ് ഇല്ലാത്ത ജെ.സി.ബി.ചൊവ്വാഴ്ച പുലർച്ചെയാണ് സ്റ്റേഷൻ വളപ്പിൽ നിന്ന് കൊണ്ടു പോകുകയും മറ്റൊരു ജെ.സി.ബി പകരം വയ്ക്കുകയും ചെയ്തത്.

തുടർന്ന് കാറിൽ രക്ഷപ്പെടുമ്പോൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കാറിന്റെ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജെ.സി.ബി ഉടമയുടെ തിരുവമ്പാടി പുന്നക്കയുള്ള ബന്ധു വീട്ടിൽ നിന്ന് ജെ.സി.ബി കണ്ടെടുക്കുകയും ഉടമയുടെ മകൻ മാർട്ടിനെ ൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിലവിൽ പ്രതികഴെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ പൊലീസുകാർക്ക് പങ്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

കൂമ്പാറ മാതാളികുന്നേൽ മാർട്ടിൻ(32), കൂമ്പാറ കീഴ്പള്ളിൽ ജയേഷ് (32), കല്ലുരുട്ടി തറമുട്ടത്ത് രജീഷ് മാത്യു (39), തമിഴ്‌നാട് പുതുകോട്ടൈ കുളത്തൂർ നീർപള്ളി രാജ് (35),തമിഴ്‌നാട് മേട്ടൂർ പുന്നക്കാവ് ഗോവിന്ദപാടി മോഹൻരാജ (40), തിരുവമ്പാടി പൊന്നാങ്കയം പറമ്പനാട്ട് ദിലീപ് കുമാർ ( 49) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷൻ വളപ്പിൽ നിന്ന് ജെ.സി.ബി കടത്തികൊണ്ടു പോകാൻ പൊലീസിൽ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും അന്വേഷിക്കും.