കോഴിക്കോട്: കോഴിക്കോട്: നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസ് പ്രതി നാലു ദിവസത്തിനകം പിടിയിൽ. പഞ്ചിമ ബംഗാൾ സ്വദേശി സാദേഖ് ഷെയ്ഖിനെ കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്‌നാട് കടലൂർ അയൻകുറിഞ്ചിപ്പാടി പട്ടൈ സ്ട്രീറ്റ് സ്വദേശി അർജുൻ (19) ആണ് സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പൊലീസും നടത്തിയ അന്വേഷണത്തിൽ വലയിലായത്. ഇതോടെ പത്തൊൻപതുകാരൻ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകത്തിന്റെ ചുരുളാണ് അഴിയുന്നത്.

കഴിഞ്ഞ പതിനൊന്നിന് രാത്രിയിലാണ് പശ്ചിമ ബംഗാൾ സ്വദേശി സാദേഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനോട് ചേർന്ന് അടുക്കിവെച്ച ചെങ്കല്ലുകൾ ദേഹത്ത് വീണ നിലയിലാണ് മൃതദേഹം കിടന്നത്. വിവരമറിഞ്ഞ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

മഴയിൽ കുതിർന്ന മൃതദേഹവും പരിസരവും ഇൻസ്‌പെക്ടർ ബൈജു കെ പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച തെളിവുകൾ ലഭിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളിയായതുകൊണ്ട് ആർക്കും മൃതദേഹം തിരിച്ചറിയാനും സാധിച്ചില്ല. മരണപ്പെട്ടയാളുടെ കീശയിലുണ്ടായിരുന്ന ഫോൺ റിങ് ചെയ്തപ്പോൾ കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ചപ്പോഴാണ് മരണപ്പെട്ടത് പശ്ചിമ ബംഗാൾ വർദ്ധമാൻ സ്വദേശി സാദിഖ് ഷെയ്ഖ് ആണെന്നും ഇയാൾ പുഷ്പ ജംഗ്ഷന് സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്നും മനസ്സിലായത്.

മൃതദേഹം കണ്ട വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി സിസിടിവി ക്യാമറകൾ കേടായി കിടക്കുകയായിരുന്നു. തുടർന്ന് മരണപ്പെട്ടയാളുടെ കൂടെ ജോലി ചെയ്തിരുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. രാത്രി ഏഴേമുക്കാലോടെ നഗരത്തിലെ ബാറിലെത്തിയ സാദിഖ് ഒരു മൂലയിൽ നിന്ന് മദ്യപിക്കുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. തുടർന്ന് സാദിഖും ഒരു വെളുത്ത ടീ ഷർട്ട് ധരിച്ച ആളും ഒരുമിച്ച് ബാറിൽ നിന്നും പുറത്തിറങ്ങി കൊലപാതക സ്ഥലത്തേക്ക് നടന്നുപോയി. അല്പം കഴിഞ്ഞ് വെളുത്ത ടീ ഷർട്ടുകാരൻ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതും ദൃശ്യത്തിലുണ്ട്.

കൊലപാതകം നടത്തിയശേഷം തമിഴ്‌നാട്ടിലെ കടലൂർ ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിക്കായി സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച് അന്വേഷണ സംഘം കടലൂർ ഭാഗങ്ങളിൽ അന്വേഷിച്ചപ്പോഴാണ് ഇയാൾക്ക് ചെന്നൈ റെഡ് ഹിൽ പൊലീസ് സ്റ്റേഷനിൽ 15 വയസ് പ്രായമുള്ള നാഗരാജ് എന്ന ബാലനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിങ്ങി കേരളത്തിലെത്തിയതാണെന്ന് മനസ്സിലായത്. ബാറിൽ നിന്നും പരിചയപ്പെട്ട പ്രതി സാദിഖ് ഷെയ്ഖിന്റെ കീശയിൽ പണം കണ്ടതിനെ തുടർന്ന് പുറകെ കൂടുകയായിരുന്നു. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദിഖിന്റെ കയ്യിലുണ്ടായിരുന്നു.

ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദിഖിനെ കൊണ്ടുപോയ അർജുൻ ഇയാളെ കഴുത്തിന് പിടിച്ച് തള്ളി താഴെ വീഴ്‌ത്തിയ ശേഷം അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയ്ക്കടിച്ചാണ് കൊന്നത്. സാദിഖിന്റെ പഴ്‌സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.

ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, സി കെ സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്‌ഐ മുഹമ്മദ് സബീർ, സീനിയർ സി പി മാരായ സജേഷ് കുമാർ, ബിനിൽകുമാർ, ഉദയകുമാർ, ബിജു, സി പി ഒ മാരായ ജിതേന്ദ്രൻ, അനൂജ്, രാഗേഷ്, സുബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.