ലണ്ടൻ: ഷെർലക്ക് ഹോം കഥകളെപ്പോലെ ത്രസിപ്പിക്കുന്ന അന്വേഷണ പരമ്പരയ്ക്കൊടുവിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ഇപ്പുറം കൊലപാതകി പിടിയിലായി. മരണമടഞ്ഞ യുവതിയുടെ മോതിരത്തിൽ കുടുങ്ങിയ തലമുടിയും രക്തം പുരണ്ട കാൽപ്പാടുകളുമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ഏറ്റവും കൗതുകകരമായി കാര്യം സംഭവം നടന്നത് ഷെർലോക്ക് ഹോമിന്റെ സാങ്കൽപിക വസതിക്ക് സമീപമാണ് എന്നതാണ്

മേരിലെബോണിലെ ചിൽടെൻ സ്ട്രീറ്റിലുള്ള അപ്പാർട്ട്മെന്റിൽമറീന കോപ്പെൽ എന്ന 39 കാരി മരിച്ചു കിടക്കുന്നതായി ആദ്യം കണ്ടത് അവരുടെ ഭർത്താവായിരുന്നു. 1994 ഓഗസ്റ്റ് 8 ന് ആയിരുന്നു ഇത്. അന്ന് 21 വയസ്സുണ്ടായിരുന്ന സനീപ് പട്ടേൽ എന്ന ഇന്ത്യൻ വംശജനായിരുന്നു കോപ്പെലിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. 140 ഓളം കുത്തുകളാണ് ഇരക്കേറ്റത്. ഇവിടെയും ഷെർലക്ക്ഹോമുമായി ഒരു ബന്ധമുണ്ട്. തന്റെ പിതാവ് നടത്തിയിരുന്ന ഷെർലക്ക്ഹോം ന്യുസ് എന്ന ന്യുസ് ഏജൻസിയിൽ ആയിരുന്നു അന്ന് സന്ദീപ് പട്ടേൽ ജോലി ചെയ്തിരുന്നത്.

അന്ന്, കോപ്പെലിന്റെ അടുക്കളയിലെ ഒരു കാരിയർ ബാഗിൽ സന്ദീപിന്റെ വിരലടയാളം ലഭിച്ചിരുന്നെങ്കിലും അയാളെ പ്രതി എന്ന് സംശയിച്ചിരുന്നില്ല. 2022-ൽ കേസ് പുനരന്വേഷണത്തിന് വരുന്നതു വരെ പ്രതിയെ പിടികൂടാൻ ആയിരുന്നില്ല. പുനരന്വേഷണത്തിലായിരുന്നു സന്ദീപ് പ്രതിയെന്ന് കണ്ടെത്തുന്നതും അറസ്റ്റിലാകുന്നതും. കോപ്പെലിന്റെ മൊതിരത്തിൽ കുടുങ്ങിയ തലമുടിയിലെ ഡി എൻ എ, സന്ദീപിന്റെ ഡി എൻ എയുമായി പൊരുത്തപ്പെടുന്നതായിരുന്നു. മാത്രമല്ല, അപ്പാർട്ട്മെന്റിലെ ഒരു സ്‌കെർട്ടിങ് ബോർഡിൽ കണ്ടെത്തിയ രക്തം പുരണ്ട കാൽപ്പാടുകളും ഇയാളെ കേസുമായി ബന്ധപ്പെടുത്തുന്നതായിരുന്നു.

ആക്രമണ സമയത്ത് കോപ്പെലിന്റെ ബാങ്ക് കാർഡ് പിൻ നമ്പർ സന്ദീപ് കൈക്കലാക്കിയിരുന്നു എന്നും പിന്നീട് അയാളുടെ വീടിന്റെ അടുത്തുനിന്നും അത് ഉപയോഗിച്ച് പണം പിൻവലിച്ചുവെന്നും ആരോപിക്കപ്പെട്ടിരുന്നു. കൊലപാതകം ചെയ്തു എന്നത് നിഷേധിച്ച, ഇപ്പോൾ 51 വയസ്സുള്ള സന്ദീപ് പട്ടേൽ പക്ഷെ താൻ നിരപരാധിയാണെന്നതിന് തെളിവുകൾ ഒന്നും തന്നെ നിരത്തിയില്ല. പിന്നീടാണ് ഇന്നലെ ഓൾഡ് ബെയ്ലി കോടതി ഏകകണ്ഠേന ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

വിധി പ്രഖ്യാപനം കേട്ട കോപ്പെലിന്റെ ബന്ധുക്കൾ വിങ്ങിക്കരഞ്ഞു. അതേസമയം സന്ദീപ് പട്ടേൽ തികച്ചും നിർവികാരനായിട്ടായിരുന്നു വിധി പ്രസ്താവം കേട്ടത. ഇന്ന് മാത്രമെ ഔദ്യോഗികമായി ശിക്ഷ പ്രഖ്യാപിക്കുകയുള്ളു. എന്നാൽ, ശിക്ഷ പ്രഖ്യാപിക്കുന്നതിനായി ഇന്നത്തേക്ക് കേസ് നീട്ടി വയ്ക്കുന്ന സമയത്ത് ജൂറി പറഞ്ഞത് ഇതിന് നൽകാൻ ഒരു ശിക്ഷ മാത്രമെയുള്ളു, അത് ജീവപര്യന്തം തടവാണ് എന്നതായിരുന്നു.

കൊളംബിയൻ വംശജയായ മറീന കോപ്പെൽ ആദ്യം ഒരു ഹോട്ടലിൽ ചേംബർ മെയ്ഡ് ആയി ജോലി ചെയ്യുകയായിരുന്നു. പിന്നീട്, ഒരു മസാജ് ചെയ്യുന്ന വ്യക്തിയായി മാറിയ അവർ സമൂഹത്തിലെഅറിയപ്പെടുന്ന 100 ഓളം പേർക്ക് ലൈംഗിക സേവനവും നൽകാറുണ്ടായിരുന്നെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു.ബിസിനസ്സുകാർ, ഡോക്ടർമാർ, തുടങ്ങിയവർക്കൊപ്പം ഒരു രാഷ്ട്രീയ നേതാവും മറീനയുടെ ക്ലൈന്റ് ലിസ്റ്റിൽ ഉണ്ടായിരുന്നതായി അവരുടെ മുൻ ഭർത്താവും പറഞ്ഞു.

1994- ൽ തന്നെ തലമുടി കിട്ടിയിരുന്നെങ്കിലും അന്ന് ഡി എൻ എ ഫിംഗർപ്രിന്റിങ് സാങ്കേതിക വിദ്യ ഇന്നത്തത്രയും വികസിച്ചിരുന്നില്ല. 2022- ലെ പുനരന്വേഷണ സമയത്തായിരുന്നു അത് പരിശോധിച്ചത്. നേരത്തെ അടുക്കളയിൽ ഒരുബാഗിന് മേൽ സന്ദീപിന്റെ വിരലടയാളം കണ്ടെത്തിയപ്പോഴും അയാളെ സംശയിക്കാതിരുന്നത്, ഒരുപക്ഷെ ആ ബാഗ് തൊട്ടടുത്തുള്ള ഷെർലക്ക്ഹോംസ് ന്യുസ് ഏജൻസിയിൽ നിന്നും വന്നതായിരിക്കാം എന്ന കാരണത്താൽ ആയിരുന്നു.

എന്നാൽ, സ്‌കെർട്ട് ബോർഡിലെ കാൽപ്പാടുകളാണ് കേസിൽ നിർണ്ണായകമായത്. മറീന കോപ്പെലിന്റെ രക്തത്തിൽ, മറ്റൊരാളുടെ കാൽപ്പാടുകൾ തെളിയണമെങ്കിൽ അതുകൊലപാതകിയുടേത് തന്നെയായിരിക്കണം എന്ന ആശയമാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. എന്നാൽ, പിടികൂടുന്ന സമയത്ത് മറീന കോപ്പെൽ ആരെന്നോ അവർ താമസിക്കുന്ന ഇടമോ തനിക്ക് അറിയില്ല എന്നായിരുന്നു സന്ദീപ് പട്ടേൽ പൊലീസിനോട് പറഞ്ഞത്. തന്റെ മുടിയും വിരലടയാളവും എങ്ങനെ അവിടെ എത്തിയെന്ന് ഓർമ്മയില്ലെന്നും അയാൾ പറഞ്ഞിരുന്നു. പിന്നീട് കാൽപ്പാടുകളുടെ വിവരം പറഞ്ഞപ്പോൾ അയാൾക്ക് മറുപടി ഇല്ലാതെയാവുകയായിരുന്നു.